ഇന്ത്യൻ റൈറ്റ് ബാക്ക് പ്രബീർ ദാസുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നു വർഷത്തെ കരാറിലെത്തിയിരുന്നു. കരാറിന് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മനസുതുറന്നു.

"ഞാൻ കേരളാ ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യാൻ കാരണം ആരാധകരാണ്. ഒപ്പം ടീമിന്റെ മാനേജ്മെന്റും പരിശീലകനും എനിക്ക് നൽകിയ ബഹുമാനം. എന്നെ ടീമിന്റെ ഭാഗമാക്കുവാൻ അവരെടുത്ത സമീപനമെല്ലാം എനിക്ക് പ്രോത്സാഹനമായി. പരിശീലകന്റെ ക്ഷണവും ആരാധകരുടെ ക്ഷണവുമെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്.”

“പണ്ട് ചില മത്സരങ്ങളിൽ മഞ്ഞനിറത്തിൽ മുങ്ങി നിൽക്കുന്ന സ്റ്റേഡിയത്തിന്റെ ഓർമ്മകൾ എന്നെ ആവേശം കൊള്ളിക്കാറുണ്ട്. ഈ മഞ്ഞ ജേഴ്സി ധരിക്കാനാകുന്ന നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. ആ ജേഴ്സിയിൽ ആരാധകർക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു." കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിന്റെ പ്രധാന കാരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

മഞ്ഞപ്പടയ്ക്ക് മുൻപിൽ കളിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ആവേശത്തോടെ സംസാരിച്ചു. "എന്നെ സംബന്ധിച്ചടുത്തോളം എന്നെ പിന്തുണക്കുന്ന ആരധകർക്കായി കളിക്കുന്നതാണ് എനിക്കിഷ്ടം. ജയിക്കുമ്പോൾ അവർ നമ്മളെ പ്രോത്സാഹിപ്പിക്കും, കളിയിൽ പിന്നോട്ട് നിൽക്കുമ്പോൾ അവരുടെ പ്രോത്സാഹനം മികച്ച പ്രകടനം നടത്താനുള്ള ഊർജ്ജം നൽകും. മത്സരത്തിലേക്ക് തിരിച്ചു വരാൻ സഹായിക്കും. ഇതെല്ലാംകൊണ്ടാകാം ഞാൻ ഫാൻസിനെ സ്നേഹിക്കുന്നു. അവരുടെ മുൻപിൽ കളിയ്ക്കാൻ ഞാൻ വളരെ ആവേശഭരിതനാണ്."

തന്റെ അനുഭവസമ്പത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ എങ്ങനെ സഹായിക്കുമെന്നും അദ്ദേഹം വിവരിച്ചു. "ഇന്ത്യൻ സൂപ്പർ ലീഗിലെ കാലയളവ് എനിക്ക് ധാരാളം അനുഭവങ്ങൾ നൽകി. മുൻപ് ഞാൻ ബെംഗളൂരു എഫ്‌സിയിൽ ആയിരുന്നു. അവിടെ ചിലപ്പോഴൊക്കെ ഞങ്ങൾ ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമായിരുന്നു. ആ സ്ഥാനത്തു നിന്ന് ഞങ്ങൾ ഫൈനലിൽ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഞങ്ങൾ അത് സാധിച്ചു.”

“ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ ഒൻപതു വർഷങ്ങൾ എനിക്ക് ധാരാളം അനുഭങ്ങൾ നൽകി. നാലു ഫൈനലിന്റെ ഭാഗമായി, അതിൽ രണ്ടെണ്ണത്തിൽ വിജയിക്കുകയും രണ്ടെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. ജയിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി ഈ ടീമിലേക്കും കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു.  ജൂനിയർ താരങ്ങൾക്കും ആ ആവേശം കൈമാറാൻ ആഗ്രഹിക്കുന്നു. അനുഭവങ്ങളിലൂടെ ലഭിച്ച എന്റെ അറിവുകളിലൂടെ ഞാൻ ടീമിനെ സഹായിക്കാൻ ആഗ്രഹിക്കുന്നു. മറ്റു ടീമംഗങ്ങളിൽ നിന്ന് പഠിക്കാനും അറിവുകൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു." പ്രബീർ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം:

പശ്ചിമ ബംഗാൾ സ്വദേശിയായ പ്രബീർ ദാസ് 29 വയസുള്ള ഇന്ത്യൻ ഫുട്ബോൾ താരമാണ്. പൈലാൻ ആരോസ് യൂത്ത് അക്കാദമിയിലൂടെ പ്രൊഫഷണൽ ഫുട്ബാളിലേക്ക് കടന്നു വന്ന പ്രബീർ ദാസ്, 2012-2013 ൽ ഇന്ത്യൻ ആരോസിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചു. തുടർന്ന് ഡെംപോയിലേക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന സീസണിൽ എഫ്‌സി ഗോവയിലേക്കും പിന്നീട് ഡൽഹി ഡൈനാമോസിലേക്ക് ലോണിലും കുടിയേറി.

പിന്നീടുള്ള 7 വർഷം കൊൽക്കത്തയിൽ എടികെയ്ക്കും എടികെ മോഹൻ ബഗാനുമൊപ്പവും ചെലവഴിച്ച താരം ബെംഗളൂരു എഫ്‌സിയിൽ നിന്നാണ് കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് കുടിയേറുന്നത്.

തന്റെ കരിയറിലുടനീളം, വിവിധ ദേശീയ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നിലധികം കിരീട നേട്ടങ്ങളിൽ ഭാഗമായിട്ടുള്ള  പ്രബീർ എല്ലാ പ്രായ തലങ്ങളിലും ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രബീർ ദാസിന്റെ സാന്നിധ്യം കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.