ISL 2024-25 ഫാൻസ് TOTS: ഗോൾകീപ്പറേയും ഡിഫൻഡേഴ്സിനേയും തിരഞ്ഞെടുക്കാം
ഐഎസ്എൽ 2024-25 സീസൺ അവസാനിക്കുമ്പോൾ, ആരാധകർക്ക് പ്രിയപ്പെട്ട താരങ്ങളെ തിരഞ്ഞെടുക്കാനും, ടീം കെട്ടിപ്പടുക്കാനുമുള്ള അവസരമാണിത്

ആരാധകരെ ആവേശത്തിലാഴ്ത്തിയ, റെക്കോർഡുകൾ വഴിമാറിയ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിന് ആവേശോജ്ജ്വലമായ പരിസമാപ്തി. മോഹൻ ബഗാൻ സൂപ്പർ ജയന്റ് ചരിത്രമെഴുതി 'ഡബിൾ' നേടിയപ്പോൾ, നിരവധി താരങ്ങൾ വ്യക്തിഗത മികവുകൊണ്ട് ലീഗിന് നിറം പകർന്നു.
ഒരൊറ്റ സീസണിൽ ഏറ്റവുമധികം പോയിന്റ്കൾ - 56 പോയിന്റുകൾ - നേടി ലീഗ് അവസാനിപ്പിച്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ് മുതൽ അരങ്ങേറ്റ സീസണിൽ 30 ഗോൾ സംഭാവനകൾ നൽകിയ അലാദീൻ അജൈറയും 15 ക്ലീൻ ഷീറ്റുകൾ നേടിയ വിശാൽ കൈത്ത വരെയും ഐഎസ്എല്ലിന്റെ പതിനൊന്നാം സീസൺ അവിസ്മരണീയമാക്കി. ലീഗ് ഷീൽഡ് വിജയകരമായി പ്രതിരോധിച്ച മറൈനേഴ്സ്, ഐഎസ്എൽ കപ്പിലും മുത്തമിട്ട്, മുംബൈ സിറ്റി എഫ്‌സിക്ക് പുറകിൽ ലീഗ് ഡബിൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ ടീമായി മാറി.
മറ്റൊരു സീസൺ അവസാനിക്കുമ്പോൾ, ആരാധകർക്ക് അവരുടെ താല്പര്യപ്രകാരം ഓരോ പൊസിഷനിലേക്കും ഓരോ താരത്തെ വീതം തിരഞ്ഞെടുത്ത്, സീസണിലെ ടീമിനെ കെട്ടിപ്പടുക്കാനുള്ള സമയമാണിത്. ഈ സീസണിലെ ആരാധകരുടെ ഐഎസ്എൽ ടീമിനായുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ച് മെയ് 16 നു അവസാനിക്കും. വിവിധ വിഭാഗങ്ങളിലായി 44 പേരുടെ ഷോർട്ട്‌ലിസ്റ്റിൽ നിന്ന് പതിനൊന്ന് കളിക്കാരെ തിരഞ്ഞെടുക്കാനും മുഖ്യ പരിശീലകന് വേണ്ടി വോട്ടുചെയ്യാനും 4-3-3 ഫോർമേഷനിൽ ടീം രൂപീകരിക്കാനും ആരാധകർക്ക് അവസരം ലഭിക്കും.
വോട്ടെടുപ്പ് നാല് ഘട്ടങ്ങളിലായി നടക്കും. മെയ് 5 മുതൽ മെയ് 7 വരെ നടക്കുന്ന ഒന്നാം ഘട്ടം ഗോൾകീപ്പർമാരിലും ഡിഫൻഡർമാരിലും ശ്രദ്ധ കേന്ദ്രീകരിക്കും, തുടർന്ന് മിഡ്ഫീൽഡർമാർ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിനും (മെയ് 8 - മെയ് 10), ഫോർവേഡുകൾക്കായുള്ള മൂന്നാം ഘട്ടത്തിനും (മെയ് 11 - മെയ് 13) വോട്ടുചെയ്യും. നാലാം ഘട്ടത്തിൽ (മെയ് 14 - മെയ് 16) മുഖ്യ പരിശീലകർക്കും വോട്ട് രേഖപ്പെടുത്താം.
ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനാൽ, ഗോൾകീപ്പർ, റൈറ്റ് ബാക്ക്, സെന്റർ ബാക്ക് (റൈറ്റ് & ലെഫ്റ്റ്), ലെഫ്റ്റ് ബാക്ക് എന്നീ സ്ഥാനങ്ങളിലെ ഇഷ്ട താരങ്ങൾക്ക് ആരാധകർക്ക് ഇപ്പോൾ വോട്ട് ചെയ്യാം.
പ്രതിരോധനിരയിലെ സീസണിലെ ആരാധകരുടെ ടീമിനുള്ള നോമിനികൾ ഇതാ.
ഗോൾകീപ്പർമാർ
വിശാൽ കൈത്ത് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)
ഐഎസ്എൽ 2024-25 സീസണിൽ 15 ക്ലീൻ ഷീറ്റുകൾ നേടി, ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയ ഗോൾകീപ്പറാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ വിശാൽ കൈത്ത്. 79.4% സേവ് പെർസെന്റേജിനൊപ്പം, ബോക്സിന് പുറത്തു നിന്നും കുതിച്ചെത്തിയ 37 ഷോട്ടുകളാണ് അദ്ദേഹം വിജയകരമായി തടഞ്ഞുനിർത്തിയത്. ഒരു മത്സരത്തിൽ ശരാശരി രണ്ട് സേവുകൾ നേടി, എംബിഎസ്ജിയുടെ ഐഎസ്എൽ ഡബിളിൽ നിർണായക പങ്ക് വഹിച്ചു കൈത്ത്.
ആൽബിനോ ഗോമസ് (ജംഷഡ്പൂർ എഫ്‌സി)
സീസണിൽ 102 സേവുകൾ നടത്തിയ ആൽബിനോ ഗോമസ്, ഒരു സീസണിൽ 100+ സേവുകൾ നേടുന്ന ആദ്യ ഗോൾകീപ്പറായി മാറി. ഒപ്പം, 2024-25 സീസണിൽ നേരിട്ട അഞ്ച് പെനാൽറ്റികളിൽ നാലെണ്ണവും രക്ഷപ്പെടുത്തി അദ്ദേഹം ചരിത്രത്താളുകളിൽ ഇടം നേടി. ആദ്യമായാണ് ഒരു സീസണിൽ ഒരു ഗോൾകീപ്പർ നാല് പെനാൽറ്റി സേവുകൾ നടത്തുന്നത്.
ഹൃതിക് തിവാരി (എഫ്‌സി ഗോവ)
ആദ്യ ചോയ്‌സ് ഗോൾകീപ്പർമാരായ ലക്ഷ്മികാന്ത് കട്ടിമണി, ലാറ ശർമ്മ എന്നിവരുടെ പരിക്കുകളാണ് ഹൃതിക് തിവാരിക്ക് എഫ്‌സി ഗോവയുടെ വലയ്ക്ക് കീഴിലേക്ക് വാതിൽ തുറന്നു നൽകിയത്. കഴിഞ്ഞ രണ്ട് സീസണിലും പ്ലെയിങ് ടൈം കിട്ടാതിരുന്ന താരം, ഏഴ് ക്ലീൻ ഷീറ്റുകളും ഒരുപിടി ഉജ്ജ്വല സേവുകളുമായി ഈ സീസണിൽ സെമിയിലേക്കുള്ള ഗോവയുടെ കുതിപ്പിന് ഊർജം പകർന്നിരുന്നു.
ഗുർപ്രീത് സിംഗ് സന്ധു (ബെംഗളൂരു എഫ്‌സി)
സീസൺ തുടക്കത്തിൽ തുടർച്ചയായ 5 ക്ലീൻ ഷീറ്റുകളുമായി ബെംഗളൂരുവിന്റെ ഗോൾവലയ്ക്ക് മുന്നിൽ വൻമതിലായി നിന്നു ഗുർപ്രീത് സിംഗ് സന്ധു. പരിചയസമ്പത്ത് കൈമുതലാക്കി ബെംഗളുരുവിന് ലീഗിൽ മികച്ച തുടക്കം നൽകാൻ സഹായിച്ച അദ്ദേഹത്തിന്റെ മികവിൽ സീസണിന്റെ തുടക്കത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ 400 മിനിറ്റിലധികം പിന്നിട്ട ആദ്യ ടീമായി ബ്ലൂസ് മാറി. സീസൺ പകുതിദൂരം മുന്നേറിയപ്പോൾ, ഫോമില്ലായ്മയിൽ ബുദ്ധിമുട്ടിയെങ്കിലും, തുടർന്ന് ഫൈനലിലേക്ക് ടിക്കറ്റെടുത്ത ടീമിന്റെ തിരിച്ചുവരവിൽ സന്ധുവിന്റെ പങ്ക് അനിഷേധ്യമാണ്.
റൈറ്റ് ബാക്ക്സ്
അഭിഷേക് സിംഗ് (പഞ്ചാബ് എഫ്‌സി)
വേഗതയും നീക്കങ്ങൾ മുൻകൂട്ടി ഗണിക്കാനുള്ള കഴിവിനാൽ എതിരാളികൾ വിങ്ങർമാർക്ക് തലവേദയാകുന്ന താരാമൻ അഭിഷേക് സിംഗ്. ഈ സീസണിൽ ഷേഴ്‌സിനായി 33 ടാക്കിളുകളും 86 ഡ്യുവലുകളും നേടിയതിനൊപ്പം 51 ക്ലിയറൻസുകൾ നടത്തുകയും എട്ട് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
വാൽപുയ (മുംബൈ സിറ്റി എഫ്‌സി)
പീറ്റർ ക്രാറ്റ്കിയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച വാൽപുയ, മുംബൈ സിറ്റി എഫ്‌സിയുടെ റൈറ്റ് ബാക്ക് പൊസിഷനിൽ സ്ഥിരം സാന്നിധ്യമാണ്. ഓരോ മത്സരത്തിലും ശരാശരി 46 പാസുകൾ നൽകിയ അദ്ദേഹം, ഏഴ് അവസരങ്ങളും സൃഷ്ടിച്ചു. ആക്രമണത്തിൽ സഹായിക്കുന്നതിനൊപ്പം 137 ഡ്യുവലുകളും 57 ടാക്കിളുകളും നേടി, ഈ സീസണിൽ ഐലൻഡേഴ്‌സിനെ എട്ട് ക്ലീൻ ഷീറ്റുകൾ നേടാനും സഹായിച്ചു.
റെഡീം ത്ലാങ് (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി)
ഐഎസ്എല്ലിലെ അപകടകാരിയായ വിങ്ങറിൽ നിന്നും ഒരു ഫുൾബാക്കിലേക്കുള്ള മാറ്റം, അതായിരുന്നു ജുവാൻ ബെനാലിയുടെ കീഴിൽ ഈ സീസണിൽ റെഡീം ത്ലാങിന് സംഭവിച്ചത്. പുതിയ സ്ഥാനവുമായി അതിവേഗം പൊരുത്തപ്പെട്ട താരത്തിന്റെ പ്രകടനം ഈ സീസണിൽ ടീമിന്റെ പ്രതിരോധത്തിനെ ഉറപ്പുള്ളതാക്കി. 13 അവസരങ്ങൾ സൃഷ്‌ടിച്ച താരം 13 ഡ്രിബിളുകൾ നടത്തി, 85 ഡ്യുവലുകളിലും പങ്കെടുത്തു.
ബോറിസ് സിംഗ് (എഫ്‌സി ഗോവ)
തന്റെ സ്ഥിരം പൊസിഷനിൽ നിന്നും മറ്റൊരിടത്തേക്ക് മാറി, അവിടെ അസാധ്യ പ്രകടനം കാഴ്ക്കിവെച്ച മറ്റൊരു താരമാണ് ബോറിസ് സിംഗ്. വൈഡ് മിഡ്ഫീൽഡറിൽ നിന്നും ഫുൾ ബാക്കായി രൂപാന്തരം പ്രാപിച്ച താരം, സീസണിൽ ഒരു മത്സരത്തിൽ ശരാശരി നൽകിയത് 37 പാസുകൾ. 19 അവസരങ്ങൾ സൃഷ്ടിച്ച് 19 വിജയകരമായ ഡ്രിബിളുകൾ പരീക്ഷിച്ച താരം രണ്ട് ഗോൾ സംഭാവനകളും തന്റെ പേരിൽ കുറിച്ചു. ഒപ്പം 91 ഡ്യുവലുകൾ വിജയിക്കുന്നതിനൊപ്പം 114 റിക്കവറി പൂർത്തിയാക്കിയും 18 ഇന്റർസെപ്ഷനുകൾ നടത്തിയും ടീമിന്റെ പ്രതിരോധത്തിലും നിർണായക സാന്നിധ്യമായി.
റൈറ്റ് സെന്റർ-ബാക്കുകൾ
രാഹുൽ ഭെകെ (ബെംഗളൂരു എഫ്‌സി)
ബെംഗളൂരു പ്രതിരോധത്തിലെ വിശ്വസ്തൻ. ഈ സീസണിൽ 126 ക്ലിയറൻസുകൾ (ലീഗ് ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്നത്) നേടി രാഹുൽ ഭെകെ, പരിചയസമ്പന്നനായ പ്രതിരോധ താരം 26 മത്സരങ്ങളിൽ 2370 മിനിറ്റ് കളിക്കളത്തിലുണ്ടായിരുന്നു, ഒപ്പം ബ്ലൂസിനായി മൂന്ന് ഗോളുകളും നേടി.
ഒഡെയ് ഒനൈന്ത്യ (എഫ്‌സി ഗോവ)
ഈ സീസണിൽ എഫ്‌സി ഗോവയുടെ പ്രതിരോധ നിരയിൽ തന്റെ നേതൃപാടവവും മൂർച്ചയുള്ള പ്രതിരോധ മികവും പ്രകടിപ്പിച്ച് ഒഡെയ് ഒനൈന്ത്യ കാഴ്ചവെച്ച പ്രകടനം ഉജ്ജ്വലമായിരുന്നു. ഈ സീസണിൽ ഗൗർസിനൊപ്പം 28 ഇന്റർസെപ്ഷനുകളും 118 ക്ലിയറൻസുകളും ആറ് ടാക്കിളുകളും 74 ഡ്യുവലുകളും സ്പാനിഷ് താരം നേടി.
ആഷീർ അക്തർ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി)
പ്രതിരോധ നിരയുടെ ഹൃദയഭാഗത്ത് മിഗ്വൽ സബാക്കോയോടൊപ്പം മികച്ച പങ്കാളിത്തം പുലർത്തിയ അഷീർ അക്തർ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ പ്രതിരോധ നിരയുടെ അവിഭാജ്യ ഘടകമായിരുന്നു ഈ സീസണിൽ. ഒരു മത്സരത്തിൽ ശരാശരി 32 പാസുകളും 21 ടാക്കിളുകളും 68 ഡ്യുവലുകളും നേടിയ അക്തർ, ഹൈലാൻഡേഴ്‌സിനായി
ഉറപ്പിച്ചത് അഞ്ച് ക്ലീൻ ഷീറ്റുകൾ.
ടോം ആൽഡ്രെഡ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)
മോഹൻ ബഗാൻ സൂപ്പർ ജയന്റിനായി കീ സൈനിംഗായ ടോം ആൽഡ്രെഡ് ബാക്ക്‌ലൈനിൽ ആൽബെർട്ടോ റോഡ്രിഗസുമായി മികച്ച പങ്കാളിത്തം സ്ഥാപിച്ച് ഓരോ മത്സരത്തിലും തന്റെ മൂല്യം തെളിയിച്ചു. ഒരു മത്സരത്തിൽ ശരാശരി 46 പാസുകൾ നേടിയ താരം 101 ഡ്യുവലുകളിൽ വിജയിച്ച്, 79 ക്ലിയറൻസുകൾക്കും ശ്രമിച്ചു.
ലെഫ്റ്റ് സെന്റർ-ബാക്കുകൾ
ആൽബർട്ടോ റോഡ്രിഗസ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)
ഐഎസ്എൽ 2024-25 സീസണിൽ 97 ക്ലിയറൻസുകൾ നേടി ആൽബർട്ടോ റോഡ്രിഗസ്. ഒരു സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനായി ഒരു കളിക്കാരൻ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ക്ലിയറൻസ് നിരക്കാണിത്. 1.29 എന്ന പ്രതീക്ഷിത ഗോളുകളുടെ (xG) മൂല്യത്തിൽ നിന്ന് അഞ്ച് ഗോളുകൾ നേടി റോഡ്രിഗസ്. ഈ സീസണിലെ പ്രതിരോധ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രതീക്ഷിത ഗോളുകളുടെ വ്യത്യാസം (+3.71 xG) ഏറ്റവുമുയർന്നതാണ്.
സ്റ്റീഫൻ എസെ (ജാംഷഡ്പൂർ എഫ്‌സി)
ലീഗ് ചരിത്രത്തിൽ ഒരു സീസണിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ക്ലിയറൻസാണ് സ്റ്റീഫൻ എസെയുടേത് (131). ഈ സീസണിൽ 23 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും അഞ്ച് ക്ലീൻ ഷീറ്റുകളും 27 ബ്ലോക്കുകളും നേടി ജംഷഡ്പൂർ എഫ്‌സിയുടെ പ്ലേഓഫ് യോഗ്യതയിൽ അദ്ദേഹം വ്യക്തമായ സ്വാധീനം ചെലുത്തി.
ടിരി (മുംബൈ സിറ്റി എഫ്‌സി)
മുംബൈ സിറ്റി എഫ്‌സിയുടെ പ്രതിരോധനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ലീഗിൽ തന്റെ മൂല്യം വീണ്ടും തെളിയിച്ചു ടിരി. ഐഎസ്‌എല്ലിലെ ഏറ്റവും പരിചയസമ്പന്നരായ വിദേശ പ്രതിരോധ താരങ്ങളിൽ ഒരാളായ തിരി 80 ഡ്യൂവലുകളും 84 റിക്കവറികളും വിജയിച്ചു. കൂടാതെ ഈ സീസണിൽ മുംബൈ ക്ലബ്ബിനായി വേണ്ടി മൂന്ന് ഗോൾ സംഭാവനകളും നൽകി.
സന്ദേശ് ജിങ്കൻ (എഫ്‌സി ഗോവ)
ഗോവയുടെ പ്രതിരോധത്തിലെ വന്മതിലായി ജിങ്കൻ ഈ സീസണിൽ നേടിയത് 107 ക്ലിയറൻസുകൾ. മൂന്ന് വ്യത്യസ്ത ഐഎസ്‌എൽ സീസണുകളിൽ 100+ ക്ലിയറൻസുകൾ രേഖപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ കളിക്കാരനെന്ന റെക്കോർഡ് നേടിയെടുത്തു സന്ദേശ് ജിങ്കൻ. ഒപ്പം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ കളിക്കാരനുമായി. 2024-25 സീസണിൽ ജിങ്കൻ കളിച്ച ഐഎസ്‌എൽ മത്സരങ്ങളിൽ എഫ്‌സി ഗോവ 70% വിജയ നിരക്ക് (20 ൽ 14) രേഖപ്പെടുത്തി, അതേസമയം അദ്ദേഹം നഷ്ടപ്പെടുത്തിയ ഗെയിമുകളിൽ 16.7% മാത്രമേ ടീമിന് വിജയിക്കാൻ സാധിച്ചിട്ടുള്ളു; വാസ്തവത്തിൽ, ജിങ്കനില്ലാതെ അവർ ഒരു മത്സരത്തിൽ ശരാശരി ഗോളുകൾ വഴങ്ങിയപ്പോൾ, ഗൗർസ് ടീമിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വഴങ്ങിയത് ശരാശരി 0.9 ഗോളുകൾ മാത്രവും.
ലെഫ്റ്റ് ബാക്ക്സ്
സുഭാഷിഷ് ബോസ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)
ഈ സീസണിൽ ആറ് ഗോളുകൾ നേടി സുഭാഷിഷ് ബോസ്, ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഡിഫൻഡറായി രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു താരവും നേടുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ടീമിനെ ലീഗ് ഡബിൾ നേടാൻ മുന്നിൽ നിന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്യാപ്റ്റൻ ഈ സീസണിൽ രേഖപ്പെടുത്തിയത് 48 ഇന്റർസെപ്ഷനുകൾ. ഒരു മത്സരത്തിൽ ശരാശരി 1.92 ഇന്റർസെപ്ഷനുകൾ.
ബുവന്തങ്ലുൻ സാംതെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി)
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ ലെഫ്റ്റ്-ബാക്ക് പൊസിഷനിലെ സ്ഥിരം സാന്നിധ്യമാണ് ബുവന്തങ്ലുൻ സാംതെ. ഈ സീസണിൽ ഹൈലാൻഡേഴ്‌സിനൊപ്പം 21 മത്സരങ്ങളിൽ, 26 ടാക്കിളുകളും 68 ഡ്യുവലുകളും നേടി, 43 അവസരങ്ങൾ - ഈ സീസണിൽ ഒരു ഇന്ത്യൻ കളിക്കാരന്റെ ഏറ്റവും ഉയർന്ന നിരക്ക് - സൃഷ്ടിച്ചു സാംതെ. ഒപ്പം മൂന്ന് അസിസ്റ്റുകളും രേഖപ്പെടുത്തി.
നൊറേം റോഷൻ സിംഗ് (ബെംഗളൂരു എഫ്‌സി)
സീസണിന്റെ പാതിയിൽ പതറിയ ബെംഗളൂരു എഫ്‌സിയെ ചരിത്രപരമായ പ്ലേഓഫ് യോഗ്യതയിലേക്ക് എത്തിക്കുന്നതിൽ നാല് ഗോൾ സംഭാവനകൾ നൽകി നിർണായക പങ്കുവഹിച്ചു നൊറേം റോഷൻ സിംഗ്. അദ്ദേഹം വിജയകരമായ 24 ഓപ്പൺ-പ്ലേ ക്രോസുകൾ നൽകി - ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ 88.7% ടാക്കിൾ വിജയ നിരക്കിന്റെ റെക്കോർഡും അദ്ദേഹം നേടിയെടുത്തു.
മുഹമ്മദ് ഉവൈസ് (ജംഷഡ്പൂർ എഫ്‌സി)
ഐഎസ്‌എൽ 2024-25 സീസണിൽ മുഹമ്മദ് ഉവൈസ് 80.9% ക്കിൾ വിജയ നിരക്ക് (47 ടാക്കിളുകളിൽ 38 ഉം വിജയിച്ചു) രേഖപ്പെടുത്തി, 40+ ടാക്കിളുകൾക്ക് ശ്രമിച്ച കളിക്കാരിൽ മൂന്നാമതായി. 2024-25 ഐഎസ്‌എൽ സീസണിൽ ഉവൈസിന്റെ പാസുകളിൽ 53.8% ഫോർവേഡ് പാസുകളായിരുന്നു, സബാക്കോ (56.5%), സുരേഷ് മെയ്‌റ്റെയി (53.9%) എന്നിവരേക്കാൾ പിന്നിൽ അഞ്ഞൂറിലധികം പാസുകൾക്ക് ശ്രമിച്ച ഔട്ട്‌ഫീൽഡ് കളിക്കാരിൽ മൂന്നാമതാണ്.