ജൂണിലെ അന്താരാഷ്ട്ര ജാലകത്തിലെ മത്സരങ്ങൾക്കായി ഇന്ത്യൻ ദേശീയ സീനിയർ നിരയിലേക്കുള്ള 28 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ മനോലോ മാർക്വേസ്. മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കും പരിശീലനത്തിനുമായി ടീം മേയ് 18-ന് കൊൽക്കത്തയിൽ ഒത്തുചേരും.

2027-ലെ എഎഫ്സി ഏഷ്യൻ കപ്പ് അവസാന റൗണ്ട് യോഗ്യതാ പോരാട്ടങ്ങൾക്കുള്ള മുന്നൊരുക്കങ്ങളിലാണ് ഇന്ത്യ. ഗ്രൂപ്പ് സി-യിൽ ബംഗ്ലാദേശ്, ഹോങ്കോംഗ് ചൈന, സിംഗപ്പൂർ എന്നിവർക്കെതിരെയാണ് ടീമിന്റെ മത്സരങ്ങൾ. റൌണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ മത്സരങ്ങൾ ഹോം - എവേ രീതിയിലാണ്.

നീലക്കടുവകൾക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി ജൂൺ 10-ന് കൗലൂൺ സിറ്റിയിലെ കായ് ടാക് സ്പോർട്സ് പാർക്കിൽ വെച്ച് നടക്കുന്ന ഹോങ്കോംഗ് ചൈനക്കെതിരായ എവേ മത്സരമാണ്. ഗ്രൂപ്പ് സി-യിൽ ഷില്ലോങ്ങിൽ ബംഗ്ലാദേശിനെതിരെ നടന്ന ഇന്ത്യയുമായുള്ള മത്സരവും സിംഗപ്പൂരിൽ നടന്ന സിംഗപ്പൂരും ഹോങ്കോംഗ് ചൈനയും തമ്മിലുള്ള മത്സരവും സമനിലയിൽ കലാശിച്ചു. ഇതോടെ നാല് ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനെ നേരിടുന്നതിന് മുന്നോടിയായി നീലക്കടുവകൾ കൊൽക്കത്തയിൽ 10 ദിവസത്തെ പരിശീലന ക്യാമ്പിൽ ഏർപ്പെടും. അതിനുശേഷം അവർ ജൂൺ 4-ന് തായ്ലൻഡിനെതിരെ ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാനായി ബാങ്കോക്കിലേക്ക് വിമാനം കയറും. മത്സരത്തിന് ശേഷം ടീം അവരുടെ ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിനായി ഹോങ്കോങ്ങിലേക്ക് യാത്ര തിരിക്കും.

എഫ്സി ഗോവയോടൊപ്പം ഉജ്വലമായ സീസണിന് സാക്ഷ്യം വഹിച്ച കലിംഗ സൂപ്പർ കപ്പ് ജേതാവ് ഗോൾകീപ്പർ ഹൃതിക് തിവാരി, പഞ്ചാബ് എഫ്സിയുടെ നട്ടെല്ലായ നിഖിൽ പ്രഭു, മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ സുഹൈൽ അഹ്മദ് ഭട്ട് എന്നിവർ ആദ്യമായി ദേശീയ കുപ്പായമണിയാനുള്ള അവസരം നേടിയെടുത്തു.

കൊൽക്കത്തയിലെ പരിശീലന ക്യാമ്പിനായുള്ള നീലക്കടുവകളുടെ 28 അംഗ സാധ്യത ടീം:

ഗോൾകീപ്പർമാർ: ഹൃത്വിക് തിവാരി, വിശാൽ കൈത്ത്, ഗുർമീത് സിംഗ് ചാഹൽ, അമരീന്ദർ സിംഗ്.

ഡിഫെൻഡർമാർ: നോറം റോഷൻ സിംഗ്, രാഹുൽ ഭേക്കെ, കോൺഷാം ചിങ്ലെൻസാന സിംഗ്, അൻവർ അലി, തങ്ക്ജാം ബോറിസ് സിംഗ്, സന്ദേശ് ജിംഗാൻ, ആശിഷ് റായ്, സുഭാശിഷ് ബോസ്, മെഹ്താബ് സിംഗ്, ടെക്ചാം അഭിഷേക് സിംഗ്, നിഖിൽ പ്രഭു.

മിഡ്ഫീൽഡർമാർ: സുരേഷ് സിംഗ് വാങ്ജാം, നവോറെം മഹേഷ് സിംഗ്, ആയുഷ് ദേവ് ഛേത്രി, ഉദാന്ത സിംഗ് കുമാം, ലാലെങ്മാവിയ റാൽട്ടെ, ലിസ്റ്റൺ കൊളാസൊ, ആഷിഖ് കുരുണിയൻ, ബ്രാണ്ടൻ ഫെർണാണ്ടസ്.

ഫോർവേഡുകൾ: സുനിൽ ഛേത്രി, ഇർഫാൻ യാദ്വാദ്, മൻവീർ സിംഗ്, സുഹൈൽ അഹമ്മദ് ഭട്ട്, ലാലിയൻസുവാല ഛാങ്തെ.

മുഖ്യ പരിശീലകൻ: മാനുവലോ മാർക്വേസ്.