2025 കലിംഗ സൂപ്പർ കപ്പിൽ ജേതാക്കളായി മനോലോ മാർക്വേസിന്റെ എഫ്‌സി ഗോവ. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ പരിശീലകൻ ഖാലിദ് ജാമിൽ നയിക്കുന്ന ജംഷഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തിയത് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക്. സൂപ്പർ കപ്പ് നേട്ടത്തോടെ, മനോലോ മാർക്വേസിന്റെ ടീം 2025-26 എഎഫ്സി ചാമ്പ്യൻസ് ലീഗ് 2-ന്റെ പ്രാഥമിക റൗണ്ടിലേക്ക് യോഗ്യത നേടിയെടുത്തു.

മത്സരത്തിൽ ഗോവയ്ക്കായി ബോർജ ഹെരേര (23', 51') ഇരട്ടഗോളുകൾ നേടിയപ്പോൾ, ദേജാൻ ഡ്രാസിച്ച് ഒരു ഗോളും സംഭാവന ചെയ്തു. 2019-ന് ശേഷമുള്ള ഗോവയുടെ ആദ്യ സൂപ്പർ കപ്പ് നേട്ടമാണിത്, പരിശീലകൻ മനോലോ മാർക്വേസിനും ടീമിനൊപ്പമുള്ള കന്നി കിരീടമാണിത്.

എഫ്‌സി ഗോവ: ഹൃത്വിക് (ജികെ), ജിംഗൻ, മക്‌ഹഗ്, ഡ്രാസിച്ച്, തവോറ, ഒഡെ (സി), ബോറിസ്, ഉദാന്ത, ബോർജ, സാങ്‌വാൻ, ഗുരോത്‌ക്‌സേന

ജംഷഡ്പൂർ എഫ്സി: ആൽബിനോ (ജികെ), സിർകോവിച്ച്, അശുതോഷ്, ഈസെ, റെയ്, സിവേരിയോ, ഹാവി(സി), പ്രൊനേയ്, മുറെ, ഉവൈസ്, ബാർല

കടുത്ത പ്രെസിങ്ങിലൂടെയാണ് എഫ്‌സി ഗോവ മത്സരത്തിന് തുടക്കം കുറിച്ചത്. ജംഷഡ്പൂരാകട്ടെ എതിരാളികൾ ആക്കം കണ്ടെത്തി കളം പിടിക്കാതിരിക്കാൻ പന്തിനെ പ്രതിരോധത്തിൽ നിന്നും തട്ടിയകറ്റാനാണ് ആദ്യ മിനിറ്റുകളിൽ ശ്രമം നടത്തിയത്. ലഭിക്കുന്ന പന്തുകളെ അതിവേഗം ഫൈനൽ തേർഡിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും, ഗൗർസിന്റെ പ്രതിരോധം ഉറച്ചുനിന്നു.

ആദ്യത്തെ പതിനഞ്ച് മിനിറ്റുകളിലേക്ക് മത്സരം കടന്നപ്പോൾ, അറ്റാക്കിങ് തേർഡിൽ പന്തുകളെത്തിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു. 22-ാം മിനിറ്റിൽ ഗോവ മനോഹരമായ നീക്കങ്ങളിലൂടെ ഗോൾ കണ്ടെത്തി മത്സരത്തിൽ മുന്നിലെത്തി. ഡെസാൻ ഡ്രാസിച്ചിന്റെ സുന്ദരമായ ടച്ചിലൂടെ പന്ത് ആകാശ് സാങ്വാനിലേക്ക്. താരമെടുത്ത ഷോട്ട് ആൽബിനോ തട്ടിയിടുന്നു. പന്ത് ലഭിച്ച ബോർജ ഹെരേര എടുത്ത രണ്ടാമത്തെ ഷോട്ട് സ്റ്റീഫൻ എസിയും തടയുന്നു. വീണ്ടും ലഭിച്ച മൂന്നാമത്തെ ഷോട്ട് ലക്ഷ്യത്തിൽ എത്തിച്ച് സ്പാനിഷ് താരം കലിംഗയിൽ ടീമിനായി ലീഡ് നേടുന്നു. സ്കോർ 1-0. 2025 കലിംഗ സൂപ്പർ കപ്പിൽ ജംഷഡ്പൂർ വഴങ്ങുന്ന ആദ്യത്തെ ഗോളായിരുന്നു അത്.

ആദ്യത്തെ ഗോളിന് ശേഷം ഉണർന്നു കളിക്കാൻ ഖാലിദ് ജാമിലിന്റെ ടീം കിണഞ്ഞു ശ്രമിച്ചെങ്കിലും, ഫൈനൽ തേർഡിലെ പ്രശ്നങ്ങൾ നിരന്തരമായി അലട്ടി. ഗോൾ നേടിയതിനാൽ ആത്മവിശ്വാസത്തോടെ പന്ത് തട്ടി തുടങ്ങിയ ഗോവയാകട്ടെ, ടാക്ടിക്കൽ ഫൗളുകളുമായി മെൻ ഓഫ് സ്റ്റീലിനെ താളം കണ്ടെത്തുന്നതിൽ നിന്നും അകറ്റി നിർത്തുകയും ചെയ്തു.

പ്രണോയ്ക്കും ബർലക്കും പകരം മുഹമ്മദ് സനാനെയും ഇമ്രാൻ ഖാനെയും കളത്തിലെത്തിച്ചാണ് ജംഷഡ്പൂർ എഫ്‌സി ഫൈനലിന്റെ രണ്ടാം പകുതിയിൽ ഇറങ്ങിയത്. ആക്രമണത്തിന് മൂർച്ച കൂട്ടാനുള്ള ആ തീരുമാനത്തിന് പക്ഷെ, രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ തിരിച്ചടി ലഭിച്ചു.51-ാം മിനിറ്റിൽ എഫ്‌സി ഗോവ ലീഡ് ഇരട്ടിയാക്കി. ജംഷഡ്പൂർ ഗോൾകീപ്പർ ആൽബിനോ ഗോമസിന് മുകളിലൂടെ വലയുടെ വലത് മൂലയിലേക്ക് ബോർജ ഹെരേര തൊടുത്ത ലോംഗ് റേഞ്ചർ സ്‌ട്രൈക്ക് തകർപ്പൻ ഗോളായി മാറി! സ്കോർ 2-0.

ഫൈനൽ തേർഡിൽ നിന്നും അകലെ ലഭിച്ച പന്തുമായി കുതിച്ച സ്പാനിഷ് താരം, പെനാൽറ്റി ഏരിയക്ക് മുന്നിൽ നിന്നുമെടുത്ത അസാധ്യ ഷോട്ട്, കുതിച്ചു ചാടിയ ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക് കയറുകയായിരുന്നു. രണ്ടാം ഗോൾ കൂടി വഴങ്ങിയതോടെ, ജംഷഡ്പൂർ മത്സരത്തിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടുവന്നു. നിരന്തരമായി വെള്ളകുപ്പായക്കാർ ഗോവൻ ബോക്സിലേക്ക് കടന്നുകയറി. പക്ഷെ, മനക്കരുത്തോടെ എതിർ പ്രതിരോധം നിലയുറപ്പിച്ചത് തിരിച്ചടിയായി.

53-ാം മിനിറ്റിൽ സനാണ് നൽകിയ പന്തിലൂടെ സിവേറിയോ ഗോവൻ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്ലാഗ് ഉയർത്തിയത് നിരാശയായി. സനൻ പന്ത് സിവേറിയോയ്ക്ക് നേരെ സ്‌ക്വയർ ചെയ്യുമ്പോൾ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു.

മത്സരത്തിലേക്ക് തിരികെയെത്താമെന്ന ഖാലിദ് ജാമിലിന്റെയും ടീമിന്റെയും പ്രതീക്ഷകളെ തല്ലികെടുത്തികൊണ്ട് എഫ്‌സി ഗോവ മത്സരത്തിലെ മൂന്നാമത്തെ ഗോൾ നേടി. ഹൈലൈനിൽ നിന്ന ജംഷഡ്പൂരിന്റെ പ്രതിരോധത്തെ പൊട്ടിച്ച് കാൾ മക്യൂ നൽകിയ ത്രൂ പാസ് പ്രതിരോധത്തിന്റെ പിന്നിലൂടെ ഓടി പിടിച്ചെടുത്ത ഡ്രാസിച്ച്, മുന്നിലേക്ക് കുതിച്ചെത്തിയ ആൽബിനോയെ മറികടന്ന് പന്ത് വലയിലേക്ക് എത്തിക്കുന്നു. സ്കോർ 3-0.

അവസാന മിനിറ്റുകളിലേക്ക് മത്സരം നീങ്ങുമ്പോൾ എത്തിയ കനത്ത മഴയിലും ആശ്വാസ ഗോളിനായി ജംഷഡ്പൂർ കിണഞ്ഞു ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇഞ്ചുറി സമയത്തിന് ശേഷം റഫറി ഫൈനൽ വിസിൽ മുഴക്കുമ്പോൾ കിരീടത്തോടെ എഫ്‌സി ഗോവ സീസണിന്റെ തിരശ്ശീല താഴ്ത്തി.