നവ്യ എന്ന പെൺകുട്ടി ഒരു വിസ്മയമാണ്. ഫുട്ബോൾ ജീവിതത്തിന്റെയും ജീവന്റെയും ഭാഗമാണ് ഈ പെൺകുട്ടിക്ക്. അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിരൂപമായ ഈ പെൺകുട്ടിയുടെ ജീവിതം കാല്പന്തിനെ പ്രണയിക്കുന്ന ഏതൊരാൾക്കും മാതൃകയാണ്. തന്നെ മറ്റുള്ളവർ ഒരു “ഫുട്ബോൾ ഭ്രാന്തി” എന്നു വിളിക്കുന്നതിൽ നവ്യ അഭിമാനം കൊള്ളുന്നു.

നവ്യയുടെ ജീവിതം

കോഴിക്കോടിലെ ചിറക്കൽ കുടുംബത്തിൽ പ്രസീതന്റെയും ലസിതാ റാണിയുടേയും മകളായിയാണ് നവ്യയുടെ ജനനം. 2 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ വിളർച്ചയുടെ രൂപത്തിൽ ബാധിച്ച തലസീമിയ എന്ന അപൂർവ്വ രോഗത്തിനു മുന്നിൽ കീഴടങ്ങാൻ നവ്യ തയ്യാറല്ല. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് തലസീമിയ. ആഴ്ചയിൽ 2-3 തവണ രക്തം കയറ്റേണ്ട അവസ്ഥയിലും തളരാതെ പൊരുതിയ നവ്യക്ക് ആഘാതമായി 2 വർഷങ്ങൾക്കു മുമ്പ് നവ്യയുടെ അമ്മയും ഈ ലോകത്തോടു വിട പറഞ്ഞു. ന വ്യയുടെ അച്ഛനു കാഴ്ച്ചക്കുറവുണ്ട്. മാസം നല്ലൊരു തുക കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ ചിലവുകൾക്കായി മാത്രം വേണം.

എന്നാൽ ഇപ്പോൾ താൻ ചികിത്സ നടത്തുന്ന അതേ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി ആണ് അതിജീവനത്തിന്റെ ഉദാത്ത മാതൃകയായ കാല്പന്തിനെ പ്രണയിക്കുന്ന ഈ പെൺകുട്ടി. 92% മാർക്കോടെ പ്ലസ്ടു പാസ്സ് ആയി നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ഈ മിടുക്കി വല്യച്ഛനും വല്യമ്മയ്ക്കും മുത്തശ്ശിയ്ക്കും ഒപ്പമാണ് താമസം.

നവ്യയുടെ ഫുട്ബോൾ പ്രണയം!

ഫുട്ബോളിനും ഹോക്കിക്കും പ്രാധാന്യം നൽകിയിരുന്ന കോഴിക്കോട് നടക്കാവ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പഠനമാണ് നവ്യയിലെ ഫുട്ബോൾ പ്രേമിയെ തൊട്ടുണർത്തിയത്. കാൻസർ രോഗത്തെ അതിജീവിച്ച നടക്കാവ് സ്കൂളിലെ പരിശീലക ഫൗസിയ മാമ്പറ്റയുടെ നേതൃത്തിൽ ഉള്ള പരിശീലക സെഷനുകളും മത്സരങ്ങളും പരമാവധി നേരിൽ കാണാൻ സമയം കണ്ടെത്തിയ നവ്യയിൽ ഫുട്ബോൾ കമ്പം മെല്ലെ ഉയരാൻ തുടങ്ങി. നിരവധി ദേശീയ താരങ്ങളെ ഇന്ത്യൻ ടീമിനു സംഭാവന ചെയ്ത പരിശീലകയാണ് ഫൗസിയ മാമ്പറ്റ.

സ്കൂളിൽ മോശമല്ലാത്ത രീതിയിൽ പന്തു തട്ടിയിരുന്ന നവ്യ ഫുട്ബാളിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ശ്രമം ആരംഭിച്ചു. അർജന്റീനയുടേയും ലയണൽ മെസ്സിയുടെയും കടുത്ത ആരാധകൻ ആയ വല്യച്ഛനോടൊപ്പം ആണ് നവ്യ ആദ്യം അന്താരാഷ്ട്ര മത്സരങ്ങൾ ടിവിയിൽ കാണാൻ ആരംഭിച്ചത്. ലോകകപ്പിലെ ഉൽഘാടന മാമാങ്കവും നിറച്ചാർത്തുമാണ് നവ്യയെ ആദ്യം ആകർഷിച്ചതെങ്കിൽ പിന്നീട് നവ്യ മത്സരങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ തുടങ്ങി. പഠിക്കാൻ തുടങ്ങി. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള ക്ലബ്‌ ഫുട്ബോൾ മത്സരങ്ങളിലേക്കും നവ്യയുടെ ശ്രദ്ധ പതിയാൻ തുടങ്ങി. ഇതിഹാസ താരങ്ങൾ ആയ മെസ്സിയെയും ക്രിസ്റ്റിയാനോ റൊണാൾഡോയെയും നെയ്മറിനെയും ഒക്കെ പിന്തുടർന്നു ഫുട്ബാളിൽ ആകൃഷ്ടരായ ഒരു തലമുറയുടെ ഭാഗമായ നവ്യയും അങ്ങനെ തന്നെയായിരുന്നു.

എന്നാൽ കളിക്കളത്തിൽ ഗോൾ അടിക്കുന്നവരേക്കാൾ ഗോൾ അടിപ്പിക്കുന്നവരെയും മിഡ്ഫീൽഡിലെ ചലനങ്ങളും ആഴത്തിൽ മനസ്സിലാക്കാൻ തുടങ്ങിയ നവ്യയെ താരങ്ങളുടെ കളിക്കളത്തിനു പുറത്തുള്ള പെരുമാറ്റങ്ങളും സ്വാധീനിക്കാൻ തുടങ്ങി. അങ്ങനെ “DON” ആന്ദ്രേ ഇനിയേസ്റ്റയും അസ്സിസ്റ്റ്‌ കിങ് മെസൂട്ട് ഓസിലും നവ്യയുടെ ഇഷ്ട താരങ്ങൾ ആയി മാറി.

സോഷ്യൽ മീഡിയയിൽ പതിനഞ്ചോളം ഫുട്ബോൾ ഗ്രൂപ്പുകളിൽ നവ്യയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ ഗ്രൂപ്പ്‌ ആയ മഞ്ഞപ്പടയുടെ ലേഡീസ് വിങ്ങിന്റെ അഡ്മിൻ ആണ് നവ്യ. ഇന്ത്യൻ ഫുട്ബോൾ ചർച്ചാവിഷയമായ ഗ്രൂപ്പുകളിലെയും നിറസാന്നിദ്ധ്യമാണ് ഈ മിടുക്കി. ലോക ഫുട്ബോൾ ചർച്ചകളിലും നവ്യയുണ്ട്. ഗ്രൂപ്പുകളിലെ ക്വിസ് മത്സരങ്ങളിലും പങ്കെടുക്കാറുള്ള നവ്യ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

എംബിബിഎസ് പഠനത്തിനൊപ്പം മത്സരങ്ങൾ കാണാനും ഗ്രൂപ്പുകളിലെ ചർച്ചകൾക്കും സമയം കണ്ടെത്തുന്ന നവ്യ എല്ലാവരുടെയും സ്നേഹ ഭാജനമാണ്. ഇന്ത്യൻ ഫുട്ബാളിനെക്കുറിച്ചും ലോകഫുട്ബാളിനെക്കുറിച്ചുമുള്ള ഈ മിടുക്കിയുടെ അറിവ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

നവ്യയുടെ ഫുട്ബോൾ സ്വപ്നങ്ങൾ

ഇന്ത്യയിൽ വനിതാ ഫുട്ബാളിന്റെ ഉന്നമനം ഏറെ ആഗ്രഹിക്കുന്ന നവ്യക്ക് അതിൽ തനിക്കു കൂടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന ചിന്തയാണുള്ളത്. ഇന്ത്യൻ ഫുട്ബോളിന്റെ ഉന്നമനത്തിനു തന്റേതായ സംഭാവന നൽകാൻ നവ്യ തയ്യാറുമാണ്.

സ്പോർട്സ് മെഡിസിനിൽ മാസ്റ്റർ ബിരുദം നേടി ടീമുകളുടെ ഫിസിയോ ആയോ സ്പോർട്സ് മെഡിസിൻ ഹെഡ് ആയോ ഉള്ള ഒരു പ്രൊഫഷൻ ആണ് നവ്യയുടെ ലക്ഷ്യം. അതു നടന്നില്ലെങ്കിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ സ്പോർട്സ് മെഡിസിൻ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യാനും നവ്യ ഇഷ്ടപ്പെടുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധികയായ നവ്യ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ബ്ലാസ്റ്റേഴ്സിന്റെ കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ നേരിൽ കണ്ടിട്ടുണ്ട്. ക്രിക്കറ്റ് ഒരു മതമായി കാണുന്ന ഇന്ത്യ ഒരു ഫുട്ബോൾ നേഷൻ ആയി മാറുന്നത് കാണാൻ ആഗ്രഹിക്കുന്ന നവ്യ ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഇന്ത്യൻ ഫുട്ബാളിന്റെ ഉന്നതി തന്നെയാണ് നവ്യ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ വനിതാ താരങ്ങളിൽ ബാലാദേവിയും അദിതി ചൗഹാനുമാണ് നവ്യയുടെ ഇഷ്ട താരങ്ങൾ.

ജീവിതത്തിൽ തുടർച്ചയായി വേട്ടയാടിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കു മുന്നിൽ മുട്ടു മടക്കാതെ തല ഉയർത്തി നിൽക്കുന്ന ഈ മിടുക്കിക്കുട്ടി ഏതു തലമുറയ്ക്കും ഒരു പാഠപുസ്തകമാണ്. മാതൃകയാണ്.