ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന എഴുപത്തിയെട്ടാം മത്സരത്തിൽ മൂന്നിനെതിരെ രണ്ടു ഗോളുകൾക്ക് എടികെ മോഹൻ ബാഗാനോട് തോൽവി വഴങ്ങി കേരളാബ്ലാസ്റ്റേഴ്‌സ്. ആദ്യ രണ്ടു ഗോളുകൾ നേടിയ ശേഷമാണു ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. ഗാരി ഹൂപ്പറും കോസ്റ്റയും ബ്ലാസ്റ്റേഴ്സിനായി ഓരോ ഗോളുകൾ നേടിയപ്പോൾ ഇരട്ട ഗോളുകൾ റോയ് കൃഷ്ണയും ഒരു ഗോൾ മാഴ്സലീന്യോയും എടികെ മോഹൻ ബഗാനായി നേടി. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 4-4-1-1 എന്ന ഫോർമേഷനിൽ കളത്തിലിറങ്ങിയപ്പോൾ എടികെ മോഹൻ ബഗാൻ 3-4-1-2 എന്ന ഫോർമേഷനിലാണ് അണിനിരന്നത്.

എടികെ മോഹൻ ബഗാൻ (പ്ലേയിംഗ് ഇലവൻ)

അരിന്ദം ഭട്ടാചാര്യ (ജി കെ), സുമിത് രതി, സന്ദേഷ് ജിംഗൻ, പ്രീതം കോട്ടാൽ (സി), പ്രബീർ ദാസ്, തിരി, കാൾ മക്ഹഗ്, ജയേഷ് റാണെ, സാഹിൽ ഷെയ്ക്ക്, റോയ് കൃഷ്ണ, മാർസെലോ പെരേര.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (പ്ലേയിംഗ് ഇലവൻ)

ആൽബിനോ ഗോമസ് (ജി കെ), സന്ദീപ് സിംഗ്, ജെസ്സൽ കാർനെറോ (സി), കോസ്റ്റ നമോയിൻസു, ജീക്സൺ സിംഗ്, രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, വിസെന്റെ ഗോമസ്, ജുവാണ്ടെ, ജോർദാൻ മുറെ, ഗാരി ഹൂപ്പർ.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ഗോളാക്കാൻ ബ്ലാസ്റ്റേഴ്സ് നിരക്കായില്ല. എ.ടി.കെ ഗോൾകീപ്പറെ കബളിപ്പിച്ച് ജോർദാൻ മറെ നൽകിയ പാസ് സഹൽ ബോക്സിലുണ്ടായിരുന്ന ഹൂപ്പറിന് നൽകി. തിരികെ ഹൂപ്പർ സഹലിനു പാസ് നൽകി. എന്നാൽ താരത്തിന്റെ ഷോട്ട് ജന്ദേശ് ജിംഗൻ തടഞ്ഞു. മത്സരം ആരംഭിച്ച് പതിനാലാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. മൈതാനത്തിന്റെ മധ്യ ഭാഗത്തു നിന്ന് സന്ദീപ് സിങ് നൽകിയ പാസ് സ്വീകരിച്ച്  മികച്ച ലോങ് റേഞ്ചറിലൂടെ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്. എ.ടി.കെ ഗോൾ കീപ്പർ സ്ഥാനം തെറ്റി നിന്നതും ബ്ലാസ്റ്റേഴ്സിന് ഭാഗ്യമായി. മുപ്പതാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഗോൾ ശ്രമം ആൽബിനോ രക്ഷപ്പെടുത്തി. തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ കൗണ്ടർ അറ്റാക്കിൽ മറെയുടെ ഷോട്ട് അരിന്ദം ഭട്ടാചാര്യയും രക്ഷപ്പെടുത്തി. ആദ്യ പകുതി ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

കളിയുടെ രണ്ടാം പകുതിയിൽ അൻപത്തിയൊന്നാം മിനിറ്റിൽ സഹലെടുത്ത കോർണറിൽ നിന്നായിരുന്നു മത്സരത്തിലെ രണ്ടാം ഗോളിന്റെ പിറവി. ബോക്സിലേക്ക് വന്ന പന്ത് രാഹുൽ കെ.പി ഹെഡ് ചെയ്തത് കോസ്റ്റയ്ക്ക് മുന്നിലേക്ക് നൽകി. പന്ത് ക്ലിയർ ചെയ്യുവാൻ ചെന്ന എ.ടി.കെയുടെ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയുടെ കൈയിൽ തട്ടി പന്ത് ബോക്സിനുള്ളിൽ വീണു. എ.ടി.കെ താരങ്ങൾ പന്ത് ക്ലിയർ ചെയ്യും മുമ്പ് കോസ്റ്റയുടെ ഷോട്ട് ഗോയലായി പരിണമിച്ചു.

പക്ഷേ രണ്ടു ഗോളിന് പിന്നിൽ പോയെങ്കിലും എടികെ ടീം ഒരിഞ്ചുപോലും നിരാശരായില്ല. കൂടുതൽ ശക്തമായി പ്രസ്സിങ് ഗെയിമിലൂടെ ടീം അവസരങ്ങൾ സൃഷ്ടിച്ചെടുത്തു. ഇതിന്റെ ഫലമായി ഒടുവിൽ അന്പത്തിയൊമ്പതാം മിനിറ്റിൽ മൻവീർ സിങ് ചിപ് ചെയ്ത് നൽകിയ പന്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിഷ്പ്രഭരാക്കി മാഴ്സലീന്യോ അനായാസമായി വലയിലെത്തിച്ചു. വെറും നാലു മിനിട്ടുകൾക്ക് ശേഷം  മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോയുടെ കയ്യിൽ പന്ത് തട്ടിയതിനെത്തുടർന്ന് എ.ടി.കെ മോഹൻ ബഗാൻ ടീമിന് അനുകൂലമായി പെനാൽറ്റി അവസരം ലഭിച്ചു. പെനാലിറ്റി കിക്കെടുത്ത റോയ് കൃഷ്ണ അറുപത്തിയഞ്ചാം മിനിറ്റിൽ സമനില ഗോൾ നേടി. കളി പുരോഗമിക്കെ എൺപത്തിയേഴാം മിനിറ്റിൽ ഹൈ ബോൾ ക്ലിയർ ചെയ്യുന്നതിൽ സന്ദീപ് സിങ്ങിന് സംഭവിച്ച പിഴവ് എ.ടി.കെയുടെ മൂന്നാം ഗോളിന് കാരണമായി. പന്ത് കൈക്കലാക്കിയ കൃഷ്ണ ലക്‌ഷ്യം കണ്ടു. ഒരു ഗോളിന്റെ ലീഡിൽ എടികെ മുന്നിലെത്തി. തൊണ്ണൂറാം മിനിറ്റിൽ റഫറി റോയ് കൃഷ്ണയെ കോസ്റ്റ ഫൗൾ ചെയ്തതായി വിധിച്ചു. റഫറിയുടെ തീരുമാനം ചോദ്യം ചെയ്ത കോസ്റ്റ അദ്ദേഹത്തിനു മുമ്പിൽ നിലയുറപ്പിച്ചു. ഇതിനെത്തുടർന്നുണ്ടായ പ്രശ്നത്തിൽ ഹൂപ്പർ, രാഹുൽ, പ്രണോയ് ഹാൾദർ, റോയ് കൃഷ്ണ, പ്രീതം കോട്ടാൽ എന്നിവർക്ക് മഞ്ഞക്കാർഡ് ലഭിച്ചു.

ഇഞ്ചുറി ടൈമിന് ശേഷം കളിയുടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഒരു ഗോളിന്റെ ലീഡിൽ മത്സരം എടികെ മോഹൻ ബഗാൻ സ്വന്തമാക്കി. ഈ മത്സര വിജയികളായ എ‌ടി‌കെ മോഹൻ ബഗാന് ക്ലബ് അവാർഡ് ലഭിച്ചു. മൻ‌വീർ സിങ്ങാണ് ഡി‌എച്ച്‌എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് നേടിയത്. ഹീറോ ഓഫ് ദ മാച്ച് അവാർഡ് റോയ് കൃഷ്ണയ്ക്ക് ലഭിച്ചു.