ബ്ലാസ്റ്റേഴ്സിന്റെ ഓരോ ഗോളിനും കേരളത്തിന്റെ ഓരോ ജില്ലയിലും ഓരോ മരം, വിസ്മയിപ്പിച്ച് മഞ്ഞപ്പട!
ഈ സീസണിലേക്കായി പുറത്തിറക്കിയ ജേഴ്സികൾക്കൊപ്പം ബയോഡീഗ്രേഡബിൾ ടാഗ് ഉൾപ്പെടുത്തി വ്യത്യസ്തമായ ഒരു സംരംഭവുമായി കേരളാബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന രീതിയിലുള്ള റ്റാഗുകൾ ഒഴിവാക്കി ഇത്തരത്തിൽ ബയോഡീഗ്രേഡബിൾ റ്റാഗുകൾ ഉപയോഗിക്കുന്നത് സ്വാഗതാർഹമായ കാര്യമാണ്.


ഈ സീസണിലേക്കായി പുറത്തിറക്കിയ ജേഴ്സികൾക്കൊപ്പം ബയോഡീഗ്രേഡബിൾ ടാഗ് ഉൾപ്പെടുത്തി വ്യത്യസ്തമായ ഒരു സംരംഭവുമായി കേരളാബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന രീതിയിലുള്ള റ്റാഗുകൾ ഒഴിവാക്കി ഇത്തരത്തിൽ ബയോഡീഗ്രേഡബിൾ റ്റാഗുകൾ ഉപയോഗിക്കുന്നത് സ്വാഗതാർഹമായ കാര്യമാണ്. ഇതോടെ ബയോഡീഗ്രേഡബിൾ ടാഗ് ഉൾപ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സ് മാറി. ജേഴ്സികൾക്കൊപ്പം വിത്തുകളും പൊതിഞ്ഞ് വിതരണം ചെയ്യുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സികൾ സ്വന്തമാക്കുന്ന ഓരോ വ്യക്തിയും അതോടൊപ്പമുള്ള വിത്തുകൾ നട്ടുപിടിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള മഹത്തായ ആശയത്തിനാണ് കരുത്ത് പകരുന്നത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ച മൂന്നാമത്തെ വൈറ്റ് കിറ്റിന്റെ ഭാഗമായാണ് ബയോഡീഗ്രേഡബിൾ ടാഗ് എന്ന ആശയം പ്രവർത്തീകമായത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പുത്തൻ സംരംഭത്തിന് ക്ലബ്ബിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും അനുയോജ്യമായ രീതിയിൽ പിന്തുണ നൽകി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സംരംഭത്തിൽ പങ്കാളികളാകാൻ ഞങ്ങളും ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ മഞ്ഞപ്പട അതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ നേടുന്ന ഓരോ ഗോളിനും കേരളത്തിലെ പതിനാല് ജില്ലകളിലും ഓരോ വൃക്ഷ തൈകൾ വീതം നട്ടുപിടിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബ് എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ഈ സംരംഭം അവതരിപ്പിച്ചതിലൂടെ സമൂഹത്തിന് മികച്ച സന്ദേശമാണ് കേരള ബ്ലാസ്റ്റേഴ്സ് നൽകുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കിറ്റുകൾ സിക്സ് ഫൈവ് സിക്സിന്റെ ഒഫീക്ഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്.
പുതിയ സംരംഭത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു, "നമ്മുടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ ഫുട്ബോളിന് മഹത്തായ പങ്കുണ്ട്. ആ വിശ്വാസത്തിലാണ് പ്ലാന്റ് എ ട്രീ, പ്ലാന്റ് എ ഡ്രീം എന്ന സംരംഭം ആരംഭിച്ചത്. പുതിയ സീസണിൽ സമൂഹത്തിന് നല്ലൊരു സന്ദേശം പകരുക എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ വൈറ്റ് കിറ്റിലൂടെ ഞങൾക്ക് സാധിച്ചതിൽ അഭിമാനമുണ്ട്."
"കേരള ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ച ഈ പുത്തൻ സംരംഭത്തിലൂടെ എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരും ജേർസിക്കൊപ്പം ലഭിക്കുന്ന വിത്തുകൾ നട്ടു പിടിപ്പിക്കുകയും അതുവഴി അവരുടെ സ്വപ്നങ്ങളെപ്പോലെ അത് വളർത്തിയെടുക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇത്തരം ഒരു ലക്ഷ്യം പൂർത്തീകരിക്കാൻ ഞങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകിയ സിക്സ് ഫൈവ് സിക്സിന് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു" അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ചിരിക്കുന്ന പുതിയ സംരംഭത്തിന് മഞ്ഞപ്പട കൂടി പിന്തുണ അറിയിച്ചതോടെ വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ ഗോളുകൾ നേടാൻ നമുക്ക് ഓരോരുത്തർക്കും കാത്തിരിക്കാം.