ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് വരാനിരിക്കുന്ന സീസണ് മുന്നോടിയായി അഞ്ചോളം പ്രീ സീസൺ മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇതു കൂടാതെ ആദ്യമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ പരാജയപ്പെട്ട ടീം ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു. ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ പരിശീലനം ആരംഭിച്ചത്. ഉറുഗ്വേ മധ്യനിര താരം അഡ്രിയാൻ ലൂണ, ബോസ്നിയൻ പ്രതിരോധ താരം എനെസ് സിപോവിച്ച് എന്നീ വിദേശ താരങ്ങളാണ് പ്രീ സീസൺ പരിശീലനത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേർന്നത്.

ഇത്തവണ മറ്റു ഐഎസ്എൽ ടീമുകളേക്കാൾ വളരെ മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം ആരംഭിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ദയനീയമായി തകർന്നടിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു. മികച്ച താര നിരയുണ്ടായിട്ടും എന്നാൽ കളിക്കളത്തിൽ അതിനൊത്ത പ്രകടനം കാഴ്ച വെക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.

കൊച്ചിയിൽ വെച്ച് നടന്ന ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. വിദേശ താരങ്ങൾ ആരുമില്ലാതെയാണ് ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ഒന്നാം പകുതിയിൽ ഒരു ഗോൾ ലീഡ് നേടിയ കേരള യുണൈറ്റഡ് എഫ്സി രണ്ടാം പകുതിയിലും ലീഡ് നിലനിർത്തിയപ്പോൾ എതിരില്ലാത്ത 1 ഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.

കേരള യുണൈറ്റഡ് എഫ്സിക്ക് എതിരെ നടന്ന രണ്ടാം പ്രീ സീസൺ മത്സരത്തിൽ ആദ്യ പകുതിയിൽ മുഴുവനും ഇന്ത്യൻ താരനിരയെയാണ് കേരള ബ്ലാസ്റ്റേഴ്സ് അണിനിരത്തിയത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതലും ആക്രമണത്തിലൂന്നിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. മത്സരത്തിന്റെ ഒന്നാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചപ്പോൾ 4 ഗോളുകളാണ് പിറന്നത്. തുടർച്ചയായ ആക്രമണങ്ങളും, പ്രത്യാക്രമണങ്ങളും കണ്ട ഒന്നാം പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും 2 വീതം ഗോളുകൾ നേടി. രണ്ടാം പകുതിയിലും ഗോൾ നേടാനുറച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. പക്ഷേ രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം മാത്രമാണ് നേടാൻ കഴിഞ്ഞത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് 2 വിദേശ താരങ്ങളെ കളത്തിലിറക്കിയെങ്കിലും മത്സരം 3-3 എന്ന സ്കോറിന് അവസാനിക്കുകയായിരുന്നു.

മൂന്നാമത്തെ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ജമ്മു കാശ്മീർ എഫ്സിയായിരുന്നു. ഈ മത്സരത്തിൻ്റെ ആദ്യ ഇലവനിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, എനെസ് സിപോവിച്ച് എന്നിവരെ കളത്തിലിറക്കി. അഡ്രിയാൻ ലൂണ മിഡ്ഫീൽഡ് ഭരിച്ച മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ജമ്മു കാശ്മീർ എഫ്സിയെ പരാജയപ്പെടുത്തുകയായിരുന്നു.

പ്രീ സീസൺ മത്സരത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കാൻ കൊൽക്കത്തയിലേക്ക് പോവുകയായിരുന്നു. ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഇന്ത്യൻ നേവിയായിരുന്നു. മത്സരത്തിൽ രണ്ട് വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ഒന്നാം പകുതിയിൽ മികച്ചു നിന്നത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. മത്സരത്തിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഗോൾ രഹിതമായ ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്സാണ് ആക്രമണത്തിൽ മുന്നിട്ടു നിന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ശ്രമങ്ങളെല്ലാം ഇന്ത്യൻ നേവിയുടെ പ്രതിരോധ നിരയിൽ തട്ടി തകരുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ഒരു മുന്നേറ്റത്തിനിടെ ബ്ലാസ്റ്റേഴ്സ് താരം ശ്രീക്കുട്ടനെ ഇന്ത്യൻ നേവി പ്രതിരോധ താരം പെനാൽറ്റി ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. പെനാൽറ്റി അനായാസമായി ലക്ഷ്യത്തിൽ എത്തിച്ച് ഉറുഗ്വേ താരം അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. പിന്നീട് ഇരു ടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു.

ഡ്യൂറൻഡ് കപ്പിൽ നടന്ന രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത് ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മുഖ്യ എതിരാളികളായ ബെംഗളൂരു എഫ്സിയുടെ റിസർവ് ടീമിനെയായിരുന്നു. മത്സരത്തിന്റെ ഒന്നാം പകുതിയിൽ തന്നെ ലീഡ് എടുത്ത ബെംഗളൂരു എഫ്സി രണ്ടാം പകുതിയിൽ വീണ്ടും ഗോൾ നേടി കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിക്കുകയായിരുന്നു. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുന്നേറ്റത്തിലേക്ക് നിരന്തരം അവർ പന്തെത്തിച്ചെങ്കിലും ഒരു മികച്ച ഫിനിഷറുടെ അഭാവം ബ്ലാസ്റ്റേഴ്സ് നിരയിൽ കാണപ്പെട്ടു. ഇതു മൂലം മികച്ച അവസരങ്ങൾ ഒന്നും തന്നെ ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മത്സരം അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ടു ഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.

ഗ്രൂപ്പ് ഘട്ടത്തിലെ തൊട്ടടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത് ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ഡെൽഹി എഫ്സിയെയാണ്. മത്സരത്തിന്റെ ആദ്യ ഇലവനിൽ വിദേശ താരമായി ഉണ്ടായിരുന്നത് പ്രതിരോധ താരമായ സിപോവിച്ച് മാത്രമായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും ഗോൾരഹിതമായി പിരിയുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, ചെഞ്ചോ എന്നിവരെ കളത്തിലിറക്കി. പക്ഷേ രണ്ടാം പകുതിയിൽ ഗോൾ നേടിയത് ഡെൽഹി എഫ്സിയായിരുന്നു. മത്സരത്തിൽ ലീഡ് എടുത്തതോടെ പ്രതിരോധത്തിലേക്ക് തിരിഞ്ഞ ഡെൽഹി എഫ്സിക്കെതിരെ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിയാതെ വന്നതോടെ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഇതോടെ ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു.

ഡ്യൂറൻഡ് കപ്പിന് ശേഷം കൊച്ചിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് മുഴുവൻ വിദേശ താരങ്ങളും എത്തിയിരുന്നു. ശേഷം കൊച്ചിയിൽ പ്രീ സീസൺ പരിശീലനം തുടർന്ന ബ്ലാസ്റ്റേഴ്സ് സുഹൃദ മത്സരത്തിനായി ഇന്ത്യൻ നേവി, എംഎ കോളജ് തുടങ്ങിയ ടീമുകളെ ക്ഷണിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഇന്ത്യൻ നേവിയായിരുന്നു. മത്സരത്തിന്റെ ആദ്യ ഇലവനിൽ ലെസ്കോവിച്ച്, ചെഞ്ചോ, ഡയാസ് എന്നീ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് അവസരം നൽകി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മികച്ച മുന്നേറ്റങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സ് ഭൂട്ടാനീസ് താരം ചെഞ്ചോയുടെ ഗോളിൽ ലീഡ് നേടുകയായിരുന്നു. രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂണ, അൽവാരോ വാസ്ക്വേസ് എന്നീ താരങ്ങൾ കളത്തിലിറങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന് മൂർച്ച കൂടുകയായിരുന്നു. നിരന്തരം ആക്രമണം അഴിച്ചു വിട്ട കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇന്ത്യൻ നേവിയുടെ പ്രതിരോധ നിര പലപ്പോഴും തകർന്നു. രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെല്ലാം ആഗ്രഹിച്ച ഗോൾ പിറന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരവും, പ്രധാന സ്ട്രൈക്കറുമായ അൽവാരോ വാസ്ക്വേസ് ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ഗോൾ നേട്ടം രണ്ടായി ഉയർന്നു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ 2 ഗോളിന്റെ മികച്ച വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരും സീസണിനായി ഗോവയിൽ എത്തിയിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് വരാനിരിക്കുന്ന പ്രീ സീസൺ മത്സരങ്ങളിൽ നേരിടാനുള്ളത് അതിശക്തരായ എതിരാളികളെ തന്നെയാണ്. ഇനിയുളള പ്രീസീസൺ മത്സരങ്ങളിലെ പ്രകടനംകൂടി വിലയിരുത്തിയാൽ മാത്രമേ കേരളബ്ലാസ്റ്റേഴ്സിന്റെ വരും സീസണിലെ പ്രകടനങ്ങളെക്കുറിച്ച് പൂർണമായ വിശകലനം സാധ്യമാകൂ.