ഏഴാം സീസണിലെ രണ്ടാം പോരാട്ടത്തിനായി നോർത്ത് ഈസ്റ്റ് യുണൈറ്റഡും, കേരള ബ്ലാസ്റ്റേഴ്സും കളത്തിലിറങ്ങുന്നു. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. അതേസമയം ഈ സീസണിലെ മികച്ച ടീമുകളിലൊന്നായി വിലയിരുത്തപ്പെട്ട ശക്തരായ മുംബൈ സിറ്റി എഫ്സിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സീസണിൽ നോർത്ത് ഈസ്റ്റ് അരങ്ങേറ്റം കുറിച്ചത്.

എന്നാൽ നോർത്ത് ഈസ്റ്റിന്റെ ആദ്യ മത്സരത്തിൽ ഒരിക്കൽ പോലും മത്സരം അവരുടെ നിയന്ത്രണത്തിൽ ആയിരുന്നില്ല. എന്നാൽ  ഉദ്ഘാടന മത്സരത്തിൽ വിജയിച്ചത് എടികെ മോഹൻ ബഗാൻ ആണെങ്കിലും മത്സരം നിയന്ത്രിച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. അതു പോലെ മത്സരത്തിലെ അവസാന മിനിറ്റുകളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് അവരുടെ രണ്ട് പ്രധാന വിദേശ താരങ്ങൾക്ക് അവസരം നൽകിയത്. അടുത്തിടെ നടന്ന പരിശീലന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ഗോളുകൾ നേടിയ ഈ താരങ്ങൾ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയാൽ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന് കൂടുതൽ അനുകൂലമായിരിക്കും. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ ഉള്ളത്. എടികെ മോഹൻ ബഗാനെതിരെ അവർ തോൽവി അർഹിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്സിന് സംഭവിച്ച ചെറിയ പിഴവിൽനിന്നുണ്ടായ അവസരം ഗോളാക്കാൻ സാധിച്ചത് കൊണ്ട് മാത്രമാണ് എടികെ മോഹൻ ബഗാൻ വിജയിച്ചത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വളരെ കുറഞ്ഞ സമയം മാത്രമേ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള എല്ലാ ടീമുകൾക്കും പരിശീലനത്തിലും പ്രീ സീസൺ മത്സരങ്ങളിലും ഏർപ്പെടാൻ കഴിഞ്ഞിട്ടുള്ളൂ. ഐ ലീഗ് സീസണ് മുന്നോടിയായി മുപ്പതോളം മത്സരങ്ങൾ മോഹൻ ബഗാനിൽ കിബുവിന് ലഭിച്ചിരുന്നു. ഐ ലീഗിൽ മോഹൻ ബഗാനെ കിരീടനേട്ടത്തിലേക്ക് നയിച്ചാണ് കിബു വികൂന ബ്ലാസ്റ്റേഴ്സിൽ എത്തിയത്. അതിനാൽ മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്സിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. താര സമ്പന്നമായ ബ്ലാസ്റ്റേഴ്സ് നിരയ്ക്ക് ഒത്തൊരുമയുള്ള ടീമായി കളത്തിലിറങ്ങാൻ മത്സര പരിചയം ആവശ്യമാണ്.

മത്സരത്തിന് മുന്നോടിയായി നടന്ന ഓൺലൈൻ പത്രസമ്മേളനത്തിൽ കിബു വികുന പങ്കെടുത്തു.

"നിഷു കുമാർ, രാഹുൽ കെപി എന്നീ താരങ്ങൾക്ക് ആദ്യ മത്സരത്തിൽ കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇരുവരും പരിശീലനത്തിന് ഇറങ്ങിയിണ്ട്. പൂർണമായും മാച്ച് ഫിറ്റ്നസ് ആയാൽ ഇരുവരെയും എത്രയും പെട്ടെന്ന് കളത്തിൽ കാണാൻ കഴിയും." കിബു വികൂന പറഞ്ഞു.

ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരമായ സഹൽ ഗോളവസരം നഷ്ടപ്പെടുത്തുകയും ആരാധകരിൽ നിന്ന് വിമർശനം ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. "സഹൽ ടീമിലെ പ്രധാന താരമാണ്. ഗോളവസരം നഷ്ടപ്പെടുത്തിയത് കൊണ്ട് മാത്രം ഒരു താരത്തെ വിമർശിക്കാൻ കഴിയില്ല. ആദ്യ മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് കൂടുതൽ മെച്ചപ്പെടാൻ സാധിക്കും. കഴിഞ്ഞ മത്സരത്തിലെ തെറ്റുകൾ തിരുത്തി ടീം കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ." കിബു വികൂന പറഞ്ഞു.

"നോർത്ത് ഈസ്റ്റിനെ ഒരിക്കലും തങ്ങൾ നിസ്സാരക്കാരായി കാണില്ല" കിബു വ്യക്തമാക്കി. "ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും, ഗോൾ നേടുന്നതിലുമാണ് പരാജയപ്പെട്ടത്. അതിനാൽ വരും മത്സരങ്ങളിൽ ഈ മേഖലകളിൽ ടീമിനെ കൂടുതൽ  മെച്ചപ്പെടുത്തും." കിബു കൂട്ടിച്ചേർത്തു.

അതേ സമയം എടികെ മോഹൻ ബഗാനെതിരായ മത്സരത്തിൽ മത്സരത്തിലുടനീളം പന്ത്  വയ്ക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് മേധാവിത്വം പുലർത്തിയിരുന്നു. അവസാന നിമിഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് പിന്നിലായത്. നോർത്ത് ഈസ്റ്റിന് ആദ്യ മത്സരം ജയത്തോടെ അരങ്ങേറ്റം കുറിച്ചെങ്കിലും അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായിരിക്കും മുൻ‌തൂക്കം എന്നാണ് നോർത്ത് ഈസ്റ്റ് പരിശീലകനായ ജെറാർഡ് നസ് അഭിപ്രായപ്പെട്ടത്.

"വരും മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായിരിക്കും മുൻ‌തൂക്കം. കാരണം ഇരു ടീമുകളെയും താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വിലപിടിപ്പുള്ള ടീം ബ്ലാസ്റ്റേഴ്സാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ വിലപിടിപ്പുള്ള താരങ്ങളുടെ പട്ടിക എടുത്തു നോക്കിയാൽ അതിൽ മുൻപന്തിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉണ്ട്. ഇതെല്ലം വിലയിരുത്തുമ്പോൾ  കേരള ബ്ലാസ്റ്റേഴ്സ് അതിശക്തമായ ടീമാണ്. അവരുമായി ഒരു സമനില പോലും എനിക്ക് സന്തോഷം നൽകും. കാരണം അത്രയേറെ മികച്ച കളിയാണ് ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്. മുംബൈ സിറ്റിയേക്കാൾ മികച്ച എതിരാളികളാണ് കേരള ബ്ലാസ്റ്റേഴ്സ്. അവർക്ക് കളിക്കളത്തിൽ അവരുടെ പ്ലേയിംഗ് സ്റ്റൈൽ ആവശ്യാനുസരണം മാറ്റാൻ സാധിക്കും.   ഒരു ബിൽഡ് അപ്പ് ഗെയിമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ച വെക്കുന്നത്. അതു കൊണ്ട് മുന്നിലേക്ക് ഇറങ്ങി ബ്ലാസ്റ്റേഴ്സിനെ ആക്രമിക്കുന്നത് വളരെയേറെ അപകടകരമായ കാര്യമാണ്. യൂറോപ്പിലെ മികച്ച ക്ലബ്ബുകൾക്കായി പന്തു തട്ടിയ പരിചയസമ്പന്നരായ താരങ്ങൾ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ട്. അതു പോലെ തന്നെ അതിശക്തമാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര. ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്താൻ സാധ്യതയുള്ള ടീമുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് ആയിരിക്കും." ജെറാർഡ് നസ് അഭിപ്രായപ്പെട്ടു.

ജെറാർഡ് നസ് ഇപ്പോഴത്തെ പരിശീലന പിച്ചുകളുടെ നിലവാരത്തിൽ തീർത്തും അസംതൃപ്തനാണ്. "ഇന്ത്യൻ സൂപ്പർ ലീഗിലെ പല ടീമുകൾക്കും മികച്ച പരിശീലന പിച്ചുകൾ ലഭിക്കുന്നില്ല. പരിശീലനത്തിനായി മികച്ച പിച്ചുകൾ ഉണ്ടെങ്കിൽ മാത്രമേ ഒരു ടീമിന് മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച വെക്കാൻ സാധിക്കുകയുള്ളൂ"  അദ്ദേഹം പറഞ്ഞു.

"ആദ്യ മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം എടുത്തു നോക്കിയാൽ തോൽവിയിലും ബ്ലാസ്റ്റേഴ്സ് തലയുയർത്തി നിൽക്കുന്നു. എന്നാൽ ആദ്യ മത്സരത്തിൽ ജയത്തോടെ അരങ്ങേറ്റം കുറിച്ച നോർത്ത് ഈസ്റ്റിന് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്." നോർത്ത് ഈസ്റ്റ് പരിശീലകനായ ജെറാർഡ് നസ് തന്റെ കാഴ്ചപ്പാടുകൾ കൂടുതൽ വ്യക്തമാക്കി.

ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ പരിക്കേൽക്കാതെ രക്ഷപ്പെടുന്ന ക്ലബ്ബുകളാണ് മുൻപന്തിയിൽ എത്താൻ സാധ്യതയെന്നും നോർത്ത് ഈസ്റ്റ് പരിശീലകൻ വ്യക്തമാക്കി. അടുത്ത മത്സരത്തിൽ തങ്ങൾ ബ്ലാസ്റ്റേഴ്സിനെ ഭയപ്പെടുന്നതായും ജെറാർഡ് നസ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് ഓരോ വർഷം കഴിയുന്തോറും കൂടുതൽ മെച്ചപ്പെടുകയാണ്. മികച്ച താരങ്ങളാണ് ഓരോ ടീമുകളിലും ഉള്ളത്. അതു പോലെ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ടീമുകൾക്ക് എഎഫ്സി കപ്പ്, എഎഫ്സി ചാമ്പ്യൻസ് ലീഗ് എന്നിവയിലേക്ക് അവസരം ലഭിക്കുമെന്നതിനാൽ പോരാട്ടം കൂടുതൽ കടുപ്പമേറിയതാകും.

🖊️ അതുൽ ബാബു | ✂️ അനു