ബുധനാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് അറുപത്തിയഞ്ചാം പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ 2-1ന് പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ബെംഗളൂരു എഫ്‌സി ലീഡ് നേടിയിരുന്നുവെങ്കിലും മത്സരത്തിന്റെ 73, 94 മിനിറ്റുകളിൽ ഗോളുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ എതിരാളികൾക്കെതിരെ നിർണായക വിജയം നേടാനായി. മത്സരത്തിന് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന ഇന്ത്യൻ സൂപ്പർ ലീഗ് മാധ്യമ പ്രധിനിതികളുമായി സംസാരിച്ചു.

"കളിക്കാരുടെ മനോഭാവം, പ്രതിബദ്ധത ഞങ്ങളുടെ ടീമിൽ ഇത് വളരെ പ്രധാനമാണ്. കഴിഞ്ഞ മൂന്ന് കളികളിൽ ഞങ്ങൾക്ക് വളരെ നല്ല മനോഭാവമുണ്ടായിരുന്നു. ഇന്ന് ഇതൊരു വിഷമകരമായ ഗെയിമായിരുന്നു, കാരണം ബെംഗളൂരുവിൽ വളരെ നല്ല കളിക്കാർ ഉണ്ട്. ബെംഗളൂരു അവർക്ക് ലഭിച്ച ആദ്യ അവസരത്തിൽ തന്നെ ഗോൾ നേടി. ത്രോ ഇന്നുകളിൽ അവർ ശക്തരാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഞങ്ങൾ തിരിച്ചെത്തി വളരെ പ്രധാനപ്പെട്ട മൂന്ന് പോയിന്റുകൾ നേടിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” വികുന പറഞ്ഞു.

ടീമിലെ കളിക്കാരെ പ്രശംസിച്ച വികുന പറഞ്ഞു, “എല്ലാ കളിക്കാരുടെയും പ്രകടനത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്, പക്ഷേ പ്രത്യേകിച്ച് ദെനേചന്ദ്രയെപ്പോലെ വളരെയധികം മത്സരങ്ങൾ കളിക്കാത്ത കളിക്കാരുടെ പ്രകടനത്തിൽ. അദ്ദേഹം ഒരു മികച്ച ഗെയിം കളിച്ചു. കൂടാതെ ഒരു പ്രതിരോധ താരമെന്ന നിലയിൽ ജെയ്ക്സണും. സെൻട്രൽ ഡിഫെൻഡർ അല്ലെങ്കിൽ ഹോൾഡിംഗ് മിഡ്ഫീൽഡർ എന്നീ രണ്ട് പൊസിഷനുകളിലും അദ്ദേഹത്തിന് കളിയ്ക്കാൻ കഴിയും. ഫുൾ ബാക്ക് എന്ന നിലയിൽ സന്ദീപിനും വ്യത്യസ്തമായ ഒരു റോൾ ഉണ്ടായിരുന്നു. എല്ലാ കളിക്കാരുടെ പ്രകടനത്തിലും എനിക്ക് സന്തോഷമുണ്ട്."

"രണ്ടാം പകുതിയിൽ ഞങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു ടീമാണെന്ന് ഞാൻ കരുതുന്നില്ല. ആദ്യ പകുതിയിലും ടീം വളരെ നന്നായി മത്സരിക്കുകയായിരുന്നു. ഞങ്ങൾക്ക് രണ്ട് നല്ല അവസരങ്ങൾ ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽഞങ്ങൾ കൂടുതൽ സമയം പന്ത് കൈവശം വച്ചു. ഞങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചു. രണ്ടു ഗോളുകൾ നേടി."

"അവസാന മത്സരത്തിൽ ജോർദാൻ മുറെക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അദ്ദേഹം അവസാന മത്സരം പൂർത്തിയാക്കിയില്ല. ഇന്ന് വീണ്ടും അദ്ദേഹത്തിന് പകുതി സമയത്തിന് ശേഷം തുടരാനായില്ല. എന്നാൽ ഞങ്ങൾ രണ്ട് സ്‌ട്രൈക്കർമാരുമായും കളി തുടർന്നു. പ്യൂട്ടിയയും മികച്ച പ്രകടനം കാഴ്ച വച്ചു. ഒപ്പം ഇന്ന് രാത്രി ഞങ്ങളുടെ വിജയത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രധാന പങ്കു വഹിച്ചു. "

"ഇത് ഒരു സുപ്രധാന വിജയമാണ്, കാരണം ഇപ്പോൾ ഞങ്ങൾക്ക് 13 പോയിന്റുണ്ട്, കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് മാത്രം ഞങ്ങൾക്ക് ഏഴ് പോയിന്റുകൾ ലഭിച്ചു. ഒപ്പം ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല എന്ന മനോഭാവവും. ഇപ്പോൾ ഞങ്ങൾക്ക് കളിക്കാരെ വീണ്ടും മറ്റൊരു കളിക്കായി തയ്യാറെടുപ്പിക്കേണ്ടതുണ്ട്. മറ്റൊരു മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾ വീണ്ടും കളിക്കും."