കംബോഡിയക്കും അഫ്ഗാനിസ്ഥാനുമെതിരായ മത്സരവിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ന് ഹോങ്കോങിനെതിരെ ഇറങ്ങുകയാണ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കംബോഡിയക്കെതിരെ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അഫ്ഗാനിസ്ഥാനെതിരെയും വിജയിച്ചു. രണ്ടു മത്സരങ്ങളെയും വിലയിരുത്തി മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐഎം വിജയൻ ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയയുമായി സംസാരിച്ചു.

അഫഗ്‌നിസ്ഥാനെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ സഹൽ നേടിയ ഗോളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സഹലിന്റെ പ്രകടനത്തെക്കുറിച്ചായിരുന്നു അദ്ദേഹം ആദ്യം സംസാരിച്ചത്.

"യുവ ഇന്ത്യൻ തലമുറക്ക് , മലയാളികൾക്ക് അഭിമാനമാണ് സഹൽ. ഏറ്റവും അനിവാര്യമായ സമയത്ത് കളിക്കളത്തിലിറങ്ങി നിമിഷങ്ങൾക്കകമാണ് സഹൽ സ്കോർ ചെയ്തത്. വളരെ മികച്ച റിഫ്ലക്സ്‌ ആക്ഷന്റെ ഉദാഹരണമാണത്. ഇനിയും ഇന്ത്യൻ ഫുട്ബോളിന് അഭിമാനമാകുന്ന രീതിയിൽ അദ്ദേഹം ഉയരുമെന്നുറപ്പാണ്."

സുനിൽ ഛേത്രിയെക്കുറിച്ചും അദ്ദേഹത്തിന് മുൻപിൽ ഇനിയും ഏറെ ബാക്കിയുള്ള ഫുട്ബോൾ കാര്യറിനെക്കുറിച്ചും ഐഎം വിജയൻ മനസുതുറന്നു.

“സുനിൽ ഒരത്ഭുതമാണ്. എല്ലാ കളിക്കാരും മാതൃകയാക്കേണ്ട വ്യക്തിത്വവും കളിക്കാരനുമാണ് അദ്ദേഹം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അദ്ധെഹത്തിന്റെ ഗോൾ മികച്ച നിലവാരത്തിലുള്ളതായിരുന്നു. എത്ര അനായാസമായാണ് ഓപ്പൺ ചാൻസുകളെ അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്നത് എല്ലാ യുവതാരങ്ങളും കണ്ടു പഠിക്കേണ്ടതാണ്. മാധ്യമങ്ങൾ അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ച് ചോദിക്കുമ്പോൾ എനിക്ക് ചിരി വരാറുണ്ട്. ഇത്ര ആത്മാർത്ഥതയോടെ കളിക്കുന്ന ഇത്ര ഫിറ്റ്നസ് ലെവലുള്ള അദ്ദേഹത്തിന് ഇനിയും ഏറെ നേടാനുണ്ട്. ഇന്ത്യൻ ടീം കോച്ച് പറഞ്ഞതുപോലെ ഇനിയും അനേകം ഗോളുകൾ നേടാൻ അദ്ദേഹത്തിന് ബാക്കിയുണ്ട്. അതിലൊന്ന് ലോകകപ്പിലുമാകാം.”

ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനവും അദ്ദേഹം വിലയിരുത്തി.

“വളരെയധികം മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ചവയ്ക്കുന്നത്. പ്രത്യേകിച്ചും പ്രതിരോധം. സന്ദേശ് ജിങ്കൻറെ പ്രകടനം അഭിനന്ദനാർഹമാണ്. ഫിറ്റ്നസ് ലെവൽ വീണ്ടെടുത്ത് മടങ്ങിയെത്തിയതിനു ശേഷം മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. അദ്ദഹത്തിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാണ്. “

ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് തൊട്ടരികിലാണ് ഇന്ത്യ. കംബോഡിയെയും അഫ്ഗാനിസ്ഥാനെയും തോല്‍പിച്ച ആത്മവിശ്വാസം സുനില്‍ ഛേത്രിയും സംഘത്തിനും കൂട്ടിനുണ്ട്. 

ആദ്യ രണ്ടുകളിയും ജയിച്ചാണ് ഹോങ്കോംഗും ഇന്ത്യയും ഇന്നിറങ്ങുന്നത്. ഇരുടീമിനും ആറ് പോയിന്റ് വീതമാണെങ്കിലും ഗോള്‍ശരാശരിയില്‍ ഹോങ്കോംഗ് ഒന്നും ഇന്ത്യ രണ്ടും സ്ഥാനങ്ങളില്‍ ആണ്. ഹോങ്കോംഗിനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ റൗണ്ടില്‍ സ്ഥാനം ഉറപ്പിക്കാം. സമനില വഴങ്ങുകയോ തോല്‍ക്കുകയോ ചെയ്താല്‍ മറ്റ് ഗ്രൂപ്പുകളിലെ മത്സരഫലങ്ങള്‍ക്കായി കാത്തിരിക്കണം.

ആറ് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരും മികച്ച അഞ്ച് രണ്ടാംസ്ഥാനക്കാരുമാണ് 2023ലെ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുക. 13 ടീമുകള്‍ ഇതിനോടകം യോഗ്യത ഉറപ്പക്കിക്കഴിഞ്ഞു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ സ്‌കോറിംഗ് മികവിലേക്കാണ് ഇന്ത്യ ഫുട്ബോൾ ലോകം വീണ്ടും ഉറ്റുനോക്കുന്നത്.

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 106ആം റാങ്കിലാണ്.  ഹോങ്കോംഗ് 147ആം സ്ഥാനത്തും. ഇതുവരെ 15 കളിയില്ലാണ് ഇരുടീമും ഏറ്റുമുട്ടിയത്. ഇന്ത്യ ഏഴിലും ഹോങ്കോംഗ് നാലിലും ജയിച്ചു. നാല് കളി സമനിലയില്‍ കലാശിച്ചു. എന്നാൽ 1993ന് ശേഷം ഇന്ത്യക്ക് ഹോങ്കോംഗിനെ തോല്‍പിക്കാനായിട്ടില്ല.