ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന തൊണ്ണൂറാം മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡിഷ എഫ്‌സിയെ നേരിടും. റാങ്കിങ് പട്ടികയിലെ അവസാന സ്ഥാനത്തുള്ള ടീമുകളാണ് ഒഡിഷയും ബ്ലാസ്റ്റേഴ്സും ലീഗ് ചരിത്രത്തിലെ നാലാമത്തെ ഏറ്റുമുട്ടലിനാണ് ഒരുങ്ങുന്നത്. ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണം സമനിലയിൽ കലാശിച്ചപ്പോൾ അവസാന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഒഡിഷക്കായി. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന പങ്കെടുത്തു.

"ഞങ്ങളുടെ ലക്ഷ്യം 12 പോയിന്റുകൾ നേടുക (ശേഷിക്കുന്ന നാല് കളികളിൽ നിന്ന്) എന്നതാണ്. ഞങ്ങൾ ഓരോ മത്സരത്തിലൂടെയും കടന്നുപോകുന്നു. നാളെ ഞങ്ങൾക്കായി ഒരു വെല്ലുവിളി കാത്തിരിക്കുന്നു. ഞങ്ങൾ മത്സരത്തെ വളരെ ഗൗരവമായി കാണുന്നു, പോയിന്റുകൾ നേടാനും ലീഗിൽ ഞങ്ങളെക്കാൾ മികച്ച ടീമുകളിലേക്ക് അടുക്കുവാനും ഇത് ഒരു നല്ല അവസരമാണ്. ഞങ്ങൾക്ക് പോയിന്റുകൾ ലഭിച്ചാൽ എല്ലാം സാധ്യമാണ്. ഞങ്ങൾ അത് പിന്നോട്ടില്ല. സാധ്യമായ ഏറ്റവും മികച്ച സ്ഥാനം ഞങ്ങൾ നേടാൻ പോകുകയാണ്, ”അദ്ദേഹം പറഞ്ഞു.

ഈ സീസണിലെ ഏക ജയം കേരളത്തിനെതിരെ നേടിയ ടീമായ ഒഡീഷക്കെതിരെ തന്റെ ടീം കടുത്ത മത്സരമാകും നേരിടേണ്ടിവരുകയെന്ന് വികുന വിശ്വസിക്കുന്നു. "ആദ്യ മത്സരത്തിൽ ഒഡീഷ ഞങ്ങളെ 4-2 ന് തോൽപ്പിച്ചു. ഞങ്ങൾ ആ കളിയിൽ നന്നായി കളിച്ചില്ല. ഞങ്ങൾ അവരെ വളരെയധികം ബഹുമാനിക്കുന്നു. ഞങ്ങൾ ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുകയാണ്. ഇത് വളരെ പ്രധാനപ്പെട്ട ഗെയിമാണ്. ഞങ്ങൾക്ക് പോയിന്റുകൾ വേണം. പോരാട്ടം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” വികുന പറഞ്ഞു.

എടി‌കെ മോഹൻ ബഗാനും മുംബൈ സിറ്റിക്കും എതിരായ അവസാന രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഞങ്ങൾ വളരെ നന്നായി മത്സരിച്ചു. ഗെയിമുകളുടെ ചില ഭാഗങ്ങളിൽ ഞങ്ങൾ എതിരാളികളേക്കാൾ മികച്ചവരായിരുന്നു. ഞങ്ങൾക്ക് രണ്ട് ഗെയിമുകളിലും വിജയിക്കാനാകുമായിരുന്നു. ഞങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. ഏത് ടീമിനെതിരെയും പോയിന്റുകൾ നേടാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു. ഈ രണ്ട് ടീമുകൾക്കും വളരെ നല്ല സീസൺ ഉണ്ടെന്നതിൽ തർക്കമില്ല. എന്നാൽ ടീമുകൾക്കെതിരായ പോയിന്റുകൾ നേടാൻ കഴിയുമെന്ന് ഞങ്ങൾ കണ്ടു. മറ്റ് ടീമുകളെ അപേക്ഷിച്ച് അവർ സ്ഥിരത പുലർത്തുന്നുവെന്നതും ശരിയാണ്, അതിനാലാണ് ഇത്രയും പോയിന്റുകളുടെ വ്യത്യാസമുള്ളത്. ഈ ലീഗ് വളരെ തുല്യമാണെന്ന് ഞാൻ കരുതുന്നു. ടീമുകൾ തമ്മിൽ വ്യത്യാസമില്ല. ഇത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ മേന്മയാണ്. "

ഈ സീസണിൽ ലീഗിലെ മറ്റേതൊരു ടീമിനേക്കാളും കൂടുതൽ ഗോളുകൾ (27) കേരളം ഇതുവരെ വഴങ്ങിയിയിട്ടുണ്ട്. ഒഡീഷയെക്കാൾ ണ്ട് ഗോളുകൾ അധികം. "ഞങ്ങൾ വളരെയധികം ഗോളുകൾ വഴങ്ങുകയാണ്. ഇത് പ്രതിരോധ നിരയുടെ പ്രശ്നമല്ല. ഇത് മുഴുവൻ ടീമിന്റെയും പ്രശ്നമാണ്. സീസണിന്റെ തുടക്കത്തിൽ തെറ്റുകൾ കൂടുതൽ ഒരുമിച്ചായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് കളികളിൽ ഇത് കൂടുതലും ചെറിയ പിഴവുകളും വ്യക്തിഗതമായ തെറ്റുകളുമാണ്. ഞങ്ങൾ അവ തിരുത്താൻ ശ്രമിക്കുകയും ഗെയിമിന്റെ പ്രതിരോധ ഭാഗത്ത് കൂടുതൽ പ്രവർത്തിക്കുകയും ചെയ്യുന്നു”അദ്ദേഹം പറഞ്ഞു.

ജനുവരി അവസാനം ജംഷദ്‌പൂറിനെതിരായ മത്സരത്തിൽ മൂക്കിന് പരിക്കേറ്റതിനെ തുടർന്ന് അർജന്റീനിയൻ മിഡ്ഫീൽഡർ ഫാകുണ്ടോ പെരേരയ്ക്ക് ശസ്ത്രക്രിയ നടത്താനായി ബയോ ബബ്ബിളിൽ നിന്ന് പുറത്തുകടക്കേണ്ടി വന്നിരുന്നു. "ഫാകുണ്ടോ ഇപ്പോഴും ക്വാറന്റൈനിൽ ആണ്. മുറിയിൽ വ്യായാമങ്ങൾ ചെയ്യുന്നു. അദ്ദേഹം തന്റെ പ്രക്രിയ പിന്തുടരുകയാണ്. ക്വാറന്റൈൻ പൂർത്തിയാക്കിയാൽ, അയാൾക്ക് പരിശീലനം ആരംഭിക്കാൻ കഴിയും"  അദ്ദേഹം പറഞ്ഞു.

തന്റെ ടീമിലെ എല്ലാ അംഗങ്ങൾക്കും അവരുടെ പ്രായം കണക്കിലെടുക്കാതെ നിരയിൽ ഇടം നേടാനുള്ള അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എല്ലാം സാധ്യമാണ്. ഇത് പ്രായത്തിന്റെ കാര്യമല്ല. രാഹുൽ (കെപി), ജീക്സൺ (സിംഗ്) എന്നിവർക്ക് ഒരേ പ്രായമാണ്. മറ്റ് യുവ കളിക്കാരെപ്പോലെ അവർ നന്നായി പരിശീലിക്കുകയും അവരുടെ അവസരങ്ങൾക്കായി പോരാടുകയും ചെയ്യുന്നു. മികച്ച അവസരത്തിനുള്ള മികച്ച ടീമാണെന്ന് ഞങ്ങൾ കരുതുന്ന ടീമുമായി ഞങ്ങൾ കളിക്കും”