പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് എടി‌കെ എഫ്‌സിയുടെ ഉടമസ്ഥരും നടത്തിപ്പുകാരുമായ ആർ‌പി‌എസ്ജി ഗ്രൂപ്പ്, മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിപക്ഷ ഓഹരിയിൽ നിക്ഷേപത്തിനൊരുങ്ങുകയാണ്. അതിവേഗം വളരുന്ന പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോളിന്റെ കരുത്തുറ്റ ഭാഗമാകാൻ, ഈ രണ്ട് ഫുട്ബോൾ ക്ലബ്ബുകളും ലയിച്ച് പുതിയ ക്ലബ്ബായി റൂരൂപംകൊള്ളും. പുതിയ ഫുട്ബോൾ ക്ലബ്ബിൽ എടികെ, മോഹൻ ബഗാൻ എന്നിവരുടെ ബ്രാൻഡ് നാമങ്ങൾ ഉണ്ടാകും. ആർ‌പി‌എസ്ജി ഗ്രൂപ്പ് പുതിയ ക്ലബ്ബിന്റെ 80 ശതമാനം ഭൂരിപക്ഷ ഓഹരി ഉടമകളായി മാറുമ്പോൾ, ബാക്കി 20% ഓഹരികൾ മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാകും.

ഈ ലയനത്തെ സംബന്ധിച്ച് ഇന്ത്യൻ ഫുട്ബോൾ രംഗത്തെ പ്രമുഖർ പ്രതികരിച്ചു. മുൻ മോഹൻ ബഗാൻ കളിക്കാരായ, രജത് ഘോഷ് ദസ്തിദാർ, എൻ.എസ് മഞ്ജു, സുശാന്ത് മാത്യു, സയ്യിദ് റഹിം നബി എന്നിവരുടെ പ്രതികരണങ്ങൾ:

"ഇത് ഞങ്ങൾക്ക് വളരെ വലിയ വാർത്തയാണ്. ഫുട്ബോളുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തിയെന്ന നിലയിലും ഒരു ആരാധകനെന്ന നിലയിലും ഇത് ഞങ്ങൾക്ക് വലിയ വാർത്തയും അത്ഭുതകരമായ ഉത്തേജിപ്പിക്കുന്ന വസ്തുതയുമാണ്. ഐഎസ്എൽ ഇന്ത്യയിലെ ഏറ്റവും വലിയ മികച്ച ഫുട്ബോൾ ലീഗാണ്. തീർച്ചയായും മോഹൻ ബഗാൻ ആരാധകർക്ക് ഇതേറെ സന്തോഷം നൽകും." രജത് ഘോഷ് ദസ്തിദാർ പ്രതികരിച്ചു.

"നിലവിൽ ഇന്ത്യയിലെ നമ്പർ വൺ ലീഗാണ് ഐഎസ്എൽ. നമ്പർ വൺ ടീമെന്ന് ഞങ്ങൾ കരുതുന്ന മോഹൻ ബഗാൻ നമ്പർ വൺ ലീഗിലാണ് കളിക്കേണ്ടത്. അങ്ങനെ പൈതൃകം കൈമാറ്റം ചെയ്യപ്പെടും. അത് ഇന്ത്യൻ ഫുട്ബോളിന് ഗുണം ചെയ്യും." എൻ.എസ് മഞ്ജു തന്റെ അഭിപ്രായം പങ്കുവച്ചു.

"എടികെ ഐഎസ്എല്ലിന്റെ ഭാഗമായപ്പോൾ മുതൽ ഞങ്ങൾ ഇരു ടീമുകളുടെയും ലയനം വളരെയധികം ആഗ്രഹിച്ചിരുന്നു. ഇത് തീർച്ചയായും ഇന്ത്യൻ ഫുട്ബോളിന് ഗുണം ചെയ്യും."  സുശാന്ത് മാത്യു പറഞ്ഞു.

“ഐഎസ്എല്ലിൽ മോഹൻ ബഗാനും എടികെയും കൂടിച്ചേർന്നു വരുമ്പോൾ ഞങ്ങൾക്കും ഗ്രൗണ്ടിൽ വരാനും കളി കാണാനും സാധിക്കും. ഇതുമൂലം ഏറ്റവും കൂടുതൽ കാണികൾ ഇനി കൊൽക്കത്തയിലാകും" സയ്യിദ് റഹിം നബി പറഞ്ഞു.

1889 ൽ സ്ഥാപിതമായ നൂറിലധികം പ്രധാന കിരീടങ്ങൾ നേടിയ 130 വർഷം പഴക്കമുള്ള ക്ലബ്ബാണ് മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ് . രാജ്യത്തെ സമ്പന്നമായ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ പര്യായമാണ് മോഹൻ ബഗാൻ. 1911 ജൂലൈ 29 ന് ഈസ്റ്റ് യോർക്ക്ഷയർ റെജിമെന്റിനെ പരാജയപ്പെടുത്തി ക്ലബ് ഐ‌എഫ്‌എ ഷീൽഡ് നേടി, ചരിത്രം സൃഷ്ടിക്കുകയും സാമ്രാജ്യത്വ ബ്രിട്ടീഷുകാർക്കെതിരായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സ്വാധീനിക്കുകയും ചെയ്തു. ഈ പ്രസിദ്ധമായ വിജയത്തിന്റെ സ്മരണയ്ക്കായി അതിന്റെ അനശ്വരമായ പതിനൊന്നംഗ ടീമിനെയും ബഹുമാനിക്കുന്നതിനായി 1989 ൽ ഇന്ത്യാ സർക്കാർ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഒരു ക്ലബ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ഏക തപാൽ സ്റ്റാമ്പാണിത്. ക്ലബ്ബിനെ ‘നാഷണൽ ക്ലബ് ഓഫ് ഇന്ത്യ’ എന്നും പ്രഖ്യാപിച്ചു.

എ‌ടി‌കെ ഫുട്ബോൾ ക്ലബ് - ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടുതവണ ചാമ്പ്യൻമാരായ‌ശക്തമായ ടീമാണ്. എ‌ടി‌കെ 2014 ലെ ഉദ്ഘാടന ഹീറോ ഐ‌എസ്‌എൽ സീസണിൽ വിജയിക്കുകയും 2016 ൽ ആ നേട്ടം ആവർത്തിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ തവണ അഭിമാനകരമായ ഹീറോ ഐ‌എസ്‌എൽ ട്രോഫി നേടിയ രണ്ട് ക്ലബ്ബുകളിൽ ഒന്നാണ് എ‌ടി‌കെ.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് - റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും 2014 ൽ സ്റ്റാർ ഇന്ത്യയുടെയും സംയുക്ത സംരംഭമായ ഹീറോ ഐ‌എസ്‌എൽ ഫുട്ബോൾ, സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽആരംഭിച്ച ഇന്ത്യയുടെ പ്രധാന ഫുട്ബോൾ ലീഗാണ്. നിലവിൽ പത്ത് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകളാണ് ലീഗിന്റെ ഭാഗമായിട്ടുള്ളത്. കഴിഞ്ഞ അഞ്ച് സീസണുകളിലായി എ‌ടി‌കെയും ചെന്നൈയിൻ എഫ്‌സിയും രണ്ട് തവണ ഐ‌എസ്‌എൽ ട്രോഫി നേടിയിട്ടുണ്ട്. 2019-20 സീസണിലെ, നിലവിലെ ചാമ്പ്യനാണ് ബെംഗളൂരു എഫ്‌സി.