ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസൺ പ്ലേ ഓഫിലെ നോക്ഔട് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ മാർച്ച് മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് ഏഴരക്കാണ് മത്സരം ആരംഭിച്ചത്. മത്സരത്തിൽ എക്സ്ട്രാ ടൈമിൽ ലഭിച്ച ഫ്രീകിക്കെടുത്ത സുനിൽ ഛേത്രിയുടെ ഗോളിൽ ബെംഗളൂരു എഫ്‌സി വിജയിച്ചു.

അവസാന ലീഗ് ഘട്ട മത്സരത്തിൽ കളിച്ച ആരംഭനിരയിൽ വലിയ മാറ്റങ്ങളോടെയാണ് ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. വിക്ടർ മൊംഗിൽ, മാർക്കോ ലെസ്കോവിച്ച്, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമാന്റകോസ് എന്നിവരായിരുന്നു ഇന്ന് ആരംഭനിരയിലെ ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങൾ. കഴിഞ്ഞ മത്സരത്തിൽ ആരംഭ നിരയിൽ ഉണ്ടായിരുന്ന റൂയിവ ഹോർമിപാം, സഹൽ അബ്ദുൾ സമദ്, ബ്രൈസ് മിറാൻഡ എന്നിവർ ഇന്ന് പകരക്കാരുടെ നിരയിലാണ്. സഹൽ എഴുപത്തിയൊന്നാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിന് പകരക്കാരനായും എഴുപത്തിയാറാം മിനിറ്റിൽ ജെസ്സൽ കാർനെറോക്ക് പകരം ആയുഷ് അധികാരിയും കളത്തിലിറങ്ങി.

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരംഭനിര: പ്രഭ്സുഖൻ ഗിൽ (ജികെ), ജെസൽ കാർനെറോ (സി), നിഷു കുമാർ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്കോവിച്ച്, വിബിൻ മോഹനൻ, ജീക്സൺ സിംഗ്, അഡ്രിയാൻ ലൂണ, ഡാനിഷ് ഫാറൂഖ്, ദിമിട്രിയോസ് ഡയമന്റകോസ്, രാഹുൽ കുന്നോളി പ്രവീൺ.

ബെംഗളൂരു എഫ്‌സി ആരംഭനിര: ഗുർപ്രീത് സന്ധു (ജി.കെ.) (സി), സന്ദേശ് ജിംഗൻ, അലക്‌സാണ്ടർ ജോവനോവിച്ച്, റോഷൻ നൗറെം, പ്രബീർ ദാസ്, രോഹിത് കുമാർ, ഹാവിയർ ഹെർണാണ്ടസ്, സുരേഷ് വാങ്ജാം, ബ്രൂണോ സിൽവ, റോയ് കൃഷ്ണ, ശിവ നാരായണൻ.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ആക്രമണവുമായി മുന്നേറിയ ബംഗളുരുവിനെ തടഞ്ഞു നിയന്ത്രിക്കാൻ ബ്ലാസ്റ്റേഴ്‌സ് നിര പാടുപെട്ടു. അഞ്ചാം മിനിറ്റിലെ ജാവി ഹെര്‍ണാണ്ടസെടുത്ത അപകടകരമായൊരു ഫ്രീ കിക്ക്‌ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തട്ടിത്തത്തെറുപ്പിച്ചു. ശേഷം പതിമൂന്നാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഹെഡര്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് തെറിച്ചു. വീണ്ടും ഇരുപത്തിനാലാം മിനിറ്റിൽ റോയ് കൃഷ്ണയുടെ മറ്റൊരു മികച്ച ശ്രമം പുറത്തേക്ക് തെറിച്ചു. നാൽപ്പതാം മിനിറ്റിൽ ജാവി ഹെര്‍ണാണ്ടസിന്റെ മികച്ചൊരു ഷോട്ട് അഡ്രിയാൻ ലൂണ സമയോചിതമായി തകർത്തു. ആദ്യ പകുതി ഗോൾ രഹിതമായായി അവസാനിച്ചു.

രണ്ടാം പകുതിയിൽ അറുപത്തിനാലാം മിനിറ്റിൽ മാർക്കോ ലെസ്‌കോവിച്ചിന് മഞ്ഞക്കാർഡ് ലഭിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിന് പകരക്കാരനായി സഹലും എഴുപത്തിയാറാം മിനിറ്റിൽ ജെസ്സൽ കാർനെറോക്ക് പകരം ആയുഷ് അധികാരിയും കളത്തിലിറങ്ങി. ഇഞ്ചുറി ടൈമിനു ശേഷവും രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ വഴങ്ങാത്തതിനാൽ മത്സരം വീണ്ടും എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

അധിക സമയത്തിന്റെ ഏഴാം മിനിറ്റിൽ ഛേത്രി തൊടുത്ത ഫ്രീകിക്ക് വലയിലേക്ക് പറന്നു. തീരുമാനത്തോട് വിയോജിച്ച് ബ്ലാസ്റ്റേഴ്‌സ് മത്സരം ഉപേക്ഷിച്ച് സ്റ്റേഡിയം വിട്ടു.

ഹീറോ ഐഎസ്എൽ പ്ലേഓഫിന്റെ അടുത്ത ഘട്ടത്തിലേക്ക് ബെംഗളൂരു എഫ്സി മുന്നേറി. മാർച്ച് 7, 12 തീയതികളിൽ ഒരു എവേ മത്സരത്തോടെ ആരംഭിക്കുന്ന രണ്ട് പാദ സെമിയിൽ ബ്ലൂസ് അടുത്തതായി ലീഗ് ഷീൽഡ് വിന്നേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും.

പ്രധാന സ്ഥിതിവിവരക്കണക്കുകൾ:
- രോഹിത് കുമാർ 6 ടാക്കിളുകൾ നടത്തുകയും 2 തടസ്സങ്ങൾ ഉണ്ടാക്കുകയും ചെയ്തു
- വിക്ടർ മോംഗിൽ 96% പാസിംഗ് കൃത്യതയോടെ പൂർത്തിയാക്കി
- സന്ദേശ് ജിംഗൻ 6 ക്ലിയറൻസുകളും 1 ബ്ലോക്കും നടത്തി