ഹീറോ ഇൻഡ്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ)-ന്റെ ഒൻപതാം മൽസരത്തിൽ, നിലവിലുളള ചാമ്പ്യൻമാരായ എടികെ-യുടെ സ്വന്തം വീട്ടിലെ വേദിയായ വിവേകാനന്ദ യുബ ഭാരതി ക്രിറാംരഗൻ സ്‌റ്റേഡിയത്തിൽ എഫ്‌സി പൂനെ സിറ്റി ഒരു ഗോളിനെതിരേ നാല് ഗോളുകൾ മടക്കി നൽകി എടികെ-യെ തകർത്തു തരിപ്പണമാക്കി. പൂനെയ്ക്കായി സൂപ്പർ സൺഡേ ഒരുക്കിയ മാഴ്സിലിഞ്ഞ്യോ രണ്ട് ഗോളുകളാണ് നേടിയത്. രോഹിത്കുമാർ, എമിലിയാനോ അൽഫാരോ എന്നിവർ സ്വന്തം പേരിൽ ഓരോ ഗോൾ വീതം കുറിച്ച് ഗോൾ ഭാരം കൂട്ടി. കൊൽക്കത്തയുടെ ആശ്വാസ ഗോൾ നേടിയത് അളന്നു കുറിച്ച ഒരു ഫ്രീ കിക്കിലൂടെ ബിപിൻ സിംഗാണ്. ഐഎസ്എൽ-ലെ കൊൽക്കത്തയുടെ ഏറ്റവും വലിയ തോൽവിയാണിത്.

എതിരാളികളുടെ ആരാധകർ തിങ്ങി നിറഞ്ഞ സ്‌റ്റേഡിയത്തിൽ, ആവേശം കൊളളിക്കുന്ന ഫുട്‌ബോൾ പ്രദർശനമാണ് എഫ്‌സി പൂനെ സിറ്റി കാഴ്ച വെച്ചത്. പൂനെ 4-2-3-1 എന്ന വിന്യാസത്തിൽ അണി നിരന്നപ്പോൾ, കൊൽക്കത്തയാകട്ടെ എൻജാസി കുഗ്വിയെ മാത്രം മുൻനിരയിൽ നിർത്തിക്കൊണ്ടുളള 4-1-4-1 എന്ന ശൈലിയാണ് അവലംബിച്ചത്. കൊൽക്കത്തയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് അന്തിമ ഫലം.
ആറാം മിനിറ്റിൽ എടികെ-യ്ക്ക് വേണ്ടി കീഗൻ പെരേര എടുത്ത ഒരു ഫ്രീ കിക്ക് എതിർ ഗോൾ മുഖത്തെത്തിയപ്പോൾ ഹിതേഷ് ശർമ്മയ്ക്കും ജോർഡി മോണ്ടെലിനും ഇടയിൽ ഉണ്ടായ ആശയക്കുഴപ്പം മൂലം അത് യാതൊരു അപകടവും സൃഷ്ടിച്ചില്ല. എടികെ തുടരെത്തുടരെ ആക്രമണങ്ങൾക്ക് മുൻകൈയ്യെടുത്തുവെങ്കിലും 13-ാം മിനിറ്റിൽ എഫ്‌സി പൂനെ സിറ്റിക്കായിരുന്നു ആദ്യം ഗോൾ വല ചലിപ്പിക്കുന്നതിനുളള അവസരം വന്നു വീണത്. എടികെയുടെ അത്തരത്തിലൊരു ആക്രമണത്തിന്, മറുപടിയായി പൂനെ നടത്തിയ പ്രത്യാക്രമണത്തിന്റെ ഫലമായിരുന്നു ഗോൾ. ദൂരെ നിന്നെത്തിയ പന്ത് ക്ലിയർ ചെയ്യാൻ എടികെ-യുടെ ടോം തോർപ്പിന് അവസരം ലഭിക്കുന്നതിനു മുൻപ്, പന്ത് തട്ടിയെടുത്ത് എമിലിയാനോ അൽഫാരോ ബോക്സിലേക്ക് ഓടിയെത്തിയ മാഴ്സിലിഞ്ഞ്യോയ്ക്കു ക്രോസ്ചെയ്തു കൊടുത്തു. 'മജീഷ്യൻ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പൂനെയുടെ ക്യാപ്റ്റൻ കൂടിയായ മാഴ്സിലീഞ്ഞ്യോ യാതൊരു പിഴവും വരുത്താതെ, തന്റെ വലതു കാലിന്റെ മാന്ത്രിക സ്പർശത്തിലൂടെ ഗോളാക്കി രൂപാന്തരപ്പെടുത്തി.

ഗോൾ മടക്കുന്നതിനുളള തീവ്ര യത്‌നം തുടങ്ങിയ എടികെ ഒന്നിന് പിറകെ ഒന്നായി ആക്രമണങ്ങളുടെ കെട്ടഴിച്ചു വിട്ടു കൊണ്ടിരുന്നു. 28-ാം മിനിറ്റിൽ സമനിലയിലെത്തിയെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് സെക്വീന പൂനെയുടെ പ്രതിരോധ നിരക്കാരെ തോൽപ്പിച്ച് ഒറ്റയ്ക്ക് മുന്നേറിയതിന് ഒടുവിലായി അടിച്ച ബുള്ളറ്റ് ഷോട്ടിന് പൂനെ ഗോളി കമൽജിത് സിംഗിനെ മറി കടന്നു പോകാനായില്ല. അതേ സമയം, അദ്ദേഹം തടുത്തിട്ട റീബൗണ്ട് അനായാസമായൊരു ഗോളാക്കി മാറ്റുന്നതിനുളള അവസരം മുതലാക്കുന്നതിന് ഓടിയെത്തിയ ഹിതേഷിന് കഴിഞ്ഞതുമില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊൽക്കത്ത ആക്രമണം മുറുക്കിക്കൊണ്ട് മറുപടി ഗോളിനുളള ശ്രമങ്ങൾക്ക് ആരംഭമിട്ടു. 49-ാം മിനിറ്റിൽ മാഴ്സിലീഞ്ഞ്യോ എടികെ-യുടെ സെക്യൂനയെ ഫൗൾ ചെയ്തതിനു റഫറി നൽകിയ ഫ്രീ കിക്ക് എടുത്തത് ബിപിൻ സിംഗ്. പെനാൽറ്റി ബോക്സിന്റെ ഏകദേശം 30 വാര അകലത്തു നിന്ന് ബിപിൻ സിംഗ് എടുത്ത കിക്ക്, പൂനെ താരങ്ങൾക്ക് മുകളിലൂടെ വളഞ്ഞ ഒരു സഞ്ചാരപഥത്തിൽ ഗോൾപോസ്റ്റിന്റെ ക്രോസ്ബാറിൽ ഇടിച്ച ശേഷം ഗോൾ വലയ്ക്കുളളിലേക്ക് പതിച്ചു. എന്നാൽ അവരുടെ ആഹ്ലാദത്തിന് അൽപ്പായുസ്സ് മാത്രമേയുണ്ടായിരുന്നുളളു. തൊട്ടടുത്ത മിനിറ്റിൽ പൂനെയ്ക്ക് ഒരു കോർണറിന്റെ നേട്ടം ലഭിച്ചു.

മാഴ്സിലീഞ്ഞ്യോ എടുത്ത കോർണറിൽ ചാടി ഉയർന്ന രോഹിത് കുമാർ ഹെഡ്ഡറിലൂടെ പന്ത് കൊൽക്കത്തയുടെ നെറ്റിലേക്കു തട്ടിയിട്ടു. കോർണർ കിക്ക് എടുക്കുമ്പോൾ, എതിർ പക്ഷത്തെ കളിക്കാരെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ കാട്ടിയ അശ്രദ്ധയാണ് എടികെ താരങ്ങൾക്ക് വിനയായത്.

60-ാം മിനിറ്റിൽ പൂനെയ്ക്ക് ഗോൾ നിലയിലെ വ്യത്യാസം വർദ്ധിപ്പിക്കുന്നതിന് അടുത്ത അവസരം ലഭിച്ചു. ഡീഗോ കാർലോസ്, മാഴ്്സിലീഞ്ഞ്യോ, ടെബാർ എന്നിവരുടെ കൂട്ടായ യത്‌നമാണ് ഗോളിന്റെ രൂപത്തിൽ കലാശിച്ചത്. കൊൽക്കത്തയുടെ പ്രതിരോധത്തിലുണ്ടായ വിളളൽ പൂനെ പ്രയോജനപ്പെടുത്തിയത്, അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി. കാർലോസിന്റെ ക്രോസ് പ്രബീർ ദാസ് ഹെഡ് ചെയ്തത് റാഫേൽ ലോപ്പസിലേക്കെത്തി. ലോപ്പസ് അത് മാഴ്സിലീഞ്ഞ്യോയുടെ പക്കലെത്തിച്ചു. മാഴ്സിലീഞ്ഞ്യോയുടെ ഗംഭീരമായ ഷോട്ട്, പ്രതിരോധിക്കാനെത്തിയ കൊൽക്കത്തയുടെ ക്യാപ്റ്റൻ ജോർഡി മോണ്ടെലിന്റെ കാലിൽ തട്ടിത്തെറിച്ചപ്പോൾ, കൊൽക്കത്തയുടെ ഗോൾ വലയ സൂക്ഷിപ്പുകാരൻ ദേബ്ജിതിന് എന്തെങ്കിലും ചെയ്യാനാകുന്നതിന് മുൻപേ പന്ത് വലയിലേക്കു ഉരുണ്ടുപോയി.

മൽസരം 80-ാം മിനിറ്റിലേക്കെത്തിയപ്പോൾ പൂനെയ്ക്ക് തങ്ങളുടെ വിജയക്കുതിപ്പിന് തിലകം ചാർത്തിക്കൊണ്ട് കൊൽക്കത്തയ്ക്ക് ഒരു അവസാന ആഘാതം കൂടിയേൽപ്പിക്കുവാൻ കഴിഞ്ഞു. കീഗൻ പെരേരയുടെ നിസ്സാരമായ ഒരു പിഴവ് മുതലാക്കി പന്തുമായി കുതിച്ച മാഴ്സിലീഞ്ഞ്യോയേയും അത് ബോക്സിനുളളിൽ സ്വീകരിച്ച അൽഫാരോയേയും തടയുന്നതിനായി എടികെ പ്രതിരോധ നിരയിലെ ആരും മുൻപിലുണ്ടായില്ല. അൽഫാരോയുടെ കരുത്ത് നിറച്ച ഷോട്ട് സുരക്ഷിതമാക്കുന്നതിനായി ഡൈവ് ചെയ്ത ദേബ്ജിതിനെ തോൽപ്പിച്ച് പന്ത് നെറ്റിലേക്ക് പാഞ്ഞപ്പോൾ മൽസര ഫലം ഏറെക്കുറെ നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവസാന വിസിൽ മുഴങ്ങുമ്പോൾ, പൂനെ സിറ്റിക്കെതിരെ ഇതിനു മുൻപ് നടന്ന ആറ് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും എടികെയ്ക്ക് തോൽക്കേണ്ടി വന്ന ചരിത്രം ആവർത്തിക്കുകയായിരുന്നു.

പുനെ സിറ്റിയുടെ അടുത്ത മൽസരം നവംബർ 29-ന് സ്വന്തം വേദിയിൽ മുംബൈ സിറ്റിയുമായിട്ടാണ്. എടികെ-യാകട്ടെ ഡിസംബർ 1-ന് ജാംഷെഡ്പൂരുമായി കൊമ്പു കോർക്കും.

മാച്ച് അവാർഡുകൾ

ക്ലബ്ബ് അവാർഡ്: എഫ്‌സി പൂനെ സിറ്റി

മൊമന്റ് ഓഫ് ദ് മാച്ച് അവാർഡ്: രോഹിത് കുമാർ

വിന്നിംഗ് പാസ് ഓഫ് ദ് മാച്ച് അവാർഡ്: എമിലിയാനോ അൽഫാരോ

ഫിറ്റസ്റ്റ് പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ്: സെക്വിന

ഐഎസ്എൽ എമേർജിംഗ് പ്ലെയർ: ബിപിൻ സിംഗ്

ഹീറോ ഓഫ് ഓഫ് ദ് മാച്ച്: മാഴ്സിലീഞ്ഞ്യോ