വ്യാഴാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ ലോക റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 106-ൽ നിന്ന് 104-ലേക്ക് ഇന്ത്യൻ പുരുഷ സീനിയർ ദേശീയ ഫുട്ബോൾ ടീം മുന്നേറി. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ് ഉയർച്ചക്ക് കാരണമായത്. സമാനമായി ഇന്ത്യൻ വനിതാ സീനിയർ ദേശീയ ഫുട്ബോൾ ടീമും മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 59ൽ നിന്ന് 56ആം സ്ഥാനത്തെത്തി.

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ, കംബോഡിയ, ഹോങ്കോംഗ് എന്നി ടീമുകൾക്കെതിരെ ഇന്ത്യ വിജയം നേടിയിരുന്നു. 2023-ൽ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ആദ്യ ബാക്ക്-ടു-ബാക്ക് യോഗ്യതയായിരുന്നു ഇത്. ഇന്ത്യൻ ടീം നിലവിൽ അടുത്തിടെ കോസ്റ്ററിക്കയോട് ലോകകപ്പ് യോഗ്യതാ സ്ഥാനം നഷ്ടപ്പെട്ട ന്യൂസിലൻഡിന് (103 തൊട്ടുതാഴെയാണ്.

എന്നാൽ ഇന്ത്യയുടെ എഎഫ്‌സി റാങ്കിംഗിൽ മാറ്റമില്ല. നിലവിൽ 19ആം സ്ഥാനത്താണ് ഇന്ത്യൻ ടീം. ഇറാൻ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്.

മറുവശത്ത്, വനിതാ സീനിയർ ദേശീയ ഫുട്ബോൾ ടീം ഈ വർഷമാദ്യം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ഈജിപ്തിനെയും ജോർദാനെയും 1-0-ന് പരാജയപ്പെടുത്തിയിരുന്നു.