നവംബർ 29 ബുധനാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ എട്ടാം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. മത്സരവിജയത്തിലൂടെ ഹോം റെക്കോർഡ് നിലനിർത്താനും ജംഷെഡ്പൂരിനെതിരായ വിജയത്തിലൂടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കെത്തിയ ഗോവയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനും കേരളാ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമ്പോൾ റാങ്കിങ് ടേബിളിൽ സ്ഥാനം മെച്ചപ്പെടുത്താനാകും ചെന്നൈ ഉറ്റുനോക്കുക

പത്താം സീസണിൽ ഹോം ഗ്രൗണ്ടിൽ അപരാജിതകുതിപ്പിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന അഞ്ചു മത്സരങ്ങളിൽ നാലെണ്ണവും വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ഒരു മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോട് സമനില വഴങ്ങിയിരുന്നു. നേട്ടത്തിന് പിന്നിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ ചിലത്തിയ സ്വാധീനം വലുതാണ്. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ വീണ്ടും ഹോം ഗ്രൗണ്ടെന്ന നേട്ടവും ആരാധകപിന്തുണയും മുതലെടുത്ത് മൂന്നു പോയിന്റുകൾ നേടാനായി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്നുറപ്പാണ്

തന്ത്രശാലികളായ എതിരാളികൾക്കെതിരെ തുടർച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ പ്രത്യാക്രമണങ്ങൾ വളരെ മികച്ചതാണ്. ഡൈസുകെ സകായ്, ലൂണ തുടങ്ങിയ താരങ്ങൾ സീസണിൽ ഇതുവരെ ടീമിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ടോപ് സ്കോററായ, ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ അഡ്രിയാൻ ലൂണ ചെന്നൈക്കെതിരെയാ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

മറുവശത്ത് പത്താം സീസണിതുവരെ ചെന്നൈയിൻ എഫ്സിക്ക് നിരാശാജനകമായിരുന്നു. പലപ്പോഴും മികച്ച രീതിയിൽ പൂർത്തിയാക്കിയ മത്സരത്തിന്റെ മുക്കാൽ സമയത്തിന് ശേഷം തോൽവി വഴങ്ങേണ്ടിവന്നു. ഒപ്പം ബുധനാഴ്ചത്തെ മത്സരത്തിൽ മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിന് നൽകുന്ന പിന്തുണ ചെന്നൈക്ക് പ്രതികൂല സാഹചര്യം സൃഷിടിച്ചേക്കും

കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ കോണർ ഷീൽഡ്സും ജോർദാൻ മുറെയും നേരത്തെ തന്നെ സസ്പെൻഷനിൽ പുറത്തായിരുന്നു. ഈസ്റ്റ് ബംഗാളിനെതിരേ രണ്ടാം മഞ്ഞക്കാർഡ് നേടിയ റയാൻ എഡ്വേർഡും അവർക്കൊപ്പം ടീമിന് പുറത്താണ്. കോണർ ഷീൽഡ്സിനെപ്പോലുള്ള താരങ്ങളുടെ അഭാവത്തിൽ റാഫേൽ ക്രിവെല്ലാരോ ചെന്നൈയിന്റെ നിർണായക കളിക്കാരിൽ ഒരാളായി മാറിയേക്കാം. സീസണിലിതുവരെ രണ്ട് ഗോളുകൾ ടീമിനായി നേടാൻ റാഫേൽ ക്രിവെല്ലാരോക്ക് കഴിഞ്ഞു

കഴിഞ്ഞ 10 മത്സരങ്ങളിൽ 14 ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ഒരു മത്സരത്തിൽ ശരാശരി 1.4 ഗോളുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇതേ കാലയളവിൽ ഒരു മത്സരത്തിൽ ശരാശരി 1 ഗോളെന്ന നിലയിൽ 10 ഗോളുകൾ വഴങ്ങി. കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് ചെന്നൈയിൻ എഫ്സി 12 ഗോളുകളാണ് നേടിയത്. ഒരു മത്സരത്തിൽ ശരാശരി 1.2 ഗോളുകൾ നേടിയ ചെന്നൈയിൻ എഫ്സി ഇതേ കാലയളവിൽ ഒരു മത്സരത്തിൽ ശരാശരി 1.6 ഗോളുകളെന്ന കണക്കിൽ 16 ഗോളുകൾ വഴങ്ങി

ഹെഡ് റ്റു ഹെഡ് 

ഇതുവരെ ഇരുപതു മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ആറു മത്സരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സും ആറു മത്സരങ്ങൾ ചെന്നൈയിൻ എഫ്സിയും വിജയിച്ചപ്പോൾ എട്ടു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു

തത്സമയ സംപ്രേക്ഷണം 

രാജ്യത്തുടനീളമുള്ള ആരാധകർക്ക് ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ മത്സരം കാണാനാകും. Sports18 Khel (ഹിന്ദി), Sports18 1 SD & HD (ഇംഗ്ലീഷ്), Sports18 3 SD (ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി), VH1 SD & HD (ഇംഗ്ലീഷ്), സൂര്യ മൂവീസ് (മലയാളം),  ഡിഡി ബംഗ്ലാ (ബംഗാളി) തുടങ്ങിയ ചാനലുകളിൽ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. . ഇതിനുപുറമെ, വൺഫുട്ബോളുമായുള്ള FSDL-ന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി, ISL ലൈവ് സ്ട്രീമുകളും വരാനിരിക്കുന്ന 2023-24 സീസണിലെ എല്ലാ മത്സരങ്ങളുടെയും ഹൈലൈറ്റുകളും 190-ലധികം രാജ്യങ്ങളിൽ സംപ്രേക്ഷണം ചെയ്യും.