ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്‌സ്, ഫൈനലിൽ നഷ്ടമായതിന് പകരം ചോദിക്കുമോ?

ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ ഏഴാം മത്സരത്തിൽ ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. നവംബർ 19 ശനിയാഴ്ച വൈകിട്ട് ഏഴരക്ക് ഹൈദരാബാദിലെ G.M.C ബാലയോഗി SATS ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

കഴിഞ്ഞ സീസണിൽ ഫൈനലിൽ പെനാലിറ്റിയിലൂടെ ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. ഇത് മത്സരം കൂടുതൽ ആവേശകരമാക്കുമെന്നുറപ്പാണ്. ഈ സീസണിൽ ഇതുവരെ പരാജയമറിയാതെയാണ്  ഹൈദരാബാദ് മുന്നേറുന്നത്. ഇതുവരെ ആറു മത്സരങ്ങളിൽ നിന്നായി അഞ്ചു ക്ലീൻ ഷീറ്റുകൾ നേടാനും ഹൈദെരാബാദിനായി. സീസണിൽ അഞ്ചു വിജയവും ഒരു സമനിലയുമായി പതിനാറു പോയിന്റുകൾ നേടിയ ഹൈദരാബാദ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്.

ബ്ലാസ്റ്റേഴ്സിനെതിരെ ജയിക്കാനായാൽ പ്ലേ ഓഫിൽ സ്ഥാനം ശക്തമായി ഉറപ്പിക്കാൻ ഹൈദെരാബാദിനാകും.

മറുവശത്ത് തുടർച്ചയായ മൂന്നു തോൽവികൾക്കപ്പുറം രണ്ടു വിജയങ്ങൾ നേടി വിജയ പാതയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ആറു മത്സരങ്ങളിൽ നിന്നായി മൂന്നു വിജയവും മൂന്നു തോൽവിയും നേടിയ ബ്ലാസ്റ്റേഴ്‌സ് ഒൻപതു പോയിന്റുമായി റാങ്കിങ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

സീസണിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് തുടന്ന് ഒഡിഷക്കും മുംബൈക്കും എടികെ മോഹൻ ബഗാനുമെതിരെ തുടർച്ചയായ മൂന്നു തോൽവികൾ വഴങ്ങി. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ വിജയ വഴിയിലേക്ക് മടങ്ങിയെത്തിയ ബ്ലാസ്റ്റേഴ്‌സ് ഗോവക്കെതിരെയും മികച്ച വിജയം നേടി.

ഹൈദെരാബാദിനെതിരായ ഈ മത്സരത്തിൽ വിജയിക്കാനായാൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കുയരാൻ ബ്ലാസ്റ്റേഴ്സിനാകും.

ഇതുവരെ ഏഴു തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ നാലു മത്സരങ്ങളിൽ ഹൈദരാബാദ് എഫ്‌സി വിജയിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നെണ്ണത്തിൽ വിജയിച്ചു. ഇരു ടീമുകളും ഇതുവരെ സമനില വഴങ്ങിയിട്ടില്ല.

സാധ്യതാ ലൈൻ അപ്പ്

ഹൈദരാബാദ് എഫ്‌സി: അനൂജ് കുമാർ (ജികെ), നിഖിൽ പൂജാരി, ചിങ്‌ലെൻസന സിംഗ്, ഒഡെ ഒനൈന്ത്യ, ആകാശ് മിശ്ര, മുഹമ്മദ് യാസിർ, ജോവോ വിക്ടർ, ബർത്തലോമിയോ ഒഗ്‌ബെച്ചെ, ഹിതേഷ് ശർമ, ഹാലിചരൺ നർസാരി, ഹാവിയർ സിവേരിയോ.

കേരള ബ്ലാസ്റ്റേഴ്‌സ്: പ്രഭ്‌സുഖൻ ഗിൽ (ജികെ), സന്ദീപ് സിംഗ്, ഹോർമിപം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, നിഷു കുമാർ, രാഹുൽ കെപി, ജീക്‌സൺ സിംഗ്, ഇവാൻ കലിയൂസ്‌നി, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്.

ടെലികാസ്റ്റ് വിവരങ്ങൾ

ഹൈദരാബാദ് എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഐഎസ്‌എൽ മത്സരം ശനിയാഴ്ച വൈകിട്ട് 7:30 ന് ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ചാകും നടക്കുക. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. Disney+HotStar, JioTV എന്നിവയും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.

Your Comments

Your Comments