കേരളം ഫുട്ബാളിന്റെ സുവർണകാലത്തേക്ക് മടങ്ങുമ്പോൾ
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ ആദ്യ മത്സരം കൊച്ചിയിൽ അരങ്ങേറാൻ ഇനി ദിവസങ്ങൾ മാത്രം. കഴിഞ്ഞ പത്തു സീസണുകളിൽ കേരളത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് വരുത്തിയ മാറ്റങ്ങൾ പ്രതീക്ഷകൾക്കും അപ്പുറമാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ ആദ്യ മത്സരം കൊച്ചിയിൽ അരങ്ങേറാൻ ഇനി ദിവസങ്ങൾ മാത്രം. കഴിഞ്ഞ പത്തു സീസണുകളിൽ കേരളത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് വരുത്തിയ മാറ്റങ്ങൾ പ്രതീക്ഷകൾക്കും അപ്പുറമാണ്.
ഒരു കാലത്ത് കൊൽക്കത്തക്കൊപ്പം ഇന്ത്യൻ ഫുട്ബാളിന്റെ ഈറ്റില്ലമായിരുന്നു കേരളം. ഇന്ത്യൻ ഫുട്ബാളിന്റെ സുവർണ കാലം. ഐഎം വിജയനും ജോ പോൾ അഞ്ചേരിയും വിപി സത്യനും സിവി പാപ്പച്ചനും വിക്ടർ മഞ്ഞിലയുമെല്ലാം ഇന്ത്യൻ ഫുട്ബാളിന്റെ അരങ്ങു വാണിരുന്ന കാലം. കേരളത്തിലങ്ങോളമിങ്ങോളം ചെറുതും വലുതുമായ ടൂർണമെന്റുകൾ നടന്നിരുന്ന കാലം. എൺപതു മുതൽ തൊണ്ണൂറുവരെയുള്ള കാലഘട്ടത്തിലാണ് ഫുട്ബോൾ ഇത്തരത്തിൽ ആഘോഷിക്കപ്പെട്ടിരുന്നത്.
ഇരുപതാം നൂറ്റാണ്ടിൽ മലബാർ സ്‌പെഷ്യൽ പോലീസിലെ (MSP) ബ്രിട്ടീഷ് ഓഫീസർമാരാണ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ ഫുട്‌ബോൾ കേരളത്തിലേക്ക് കൊണ്ടുവന്നത്. മലപ്പുറത്ത് ക്യാമ്പ് ചെയ്ത MSPയെ പിന്തുടർന്ന് വൈകാതെ നാട്ടുകാരും ഫുട്ബോളിനെ ജീവിതത്തിന്റെ ഭാഗമാക്കി. കേരളത്തിലുടനീളമുള്ള മലയോര ഗ്രാമങ്ങളിലും തീരപ്രദേശങ്ങളിലും ഭൂപ്രകൃതിക്കനുസരിച്ചുള്ള ചെറുതും വലുതുമായ മൈതാനങ്ങളും സ്കൂൾ മൈതാനങ്ങളും പള്ളിപ്പറമ്പും കടൽത്തീരങ്ങളും എന്തിന് കൊയ്തൊഴിഞ്ഞ പാടങ്ങൾ പോലും കാല്പന്തുകളിക്കായി വഴങ്ങി. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ ഏറെ പ്രായമായവർ വരെ ആ മൈതാനങ്ങളിൽ ഫുട്ബോളെന്ന വികാരത്തിനു പിന്നിൽ ഒത്തുകൂടി. ആ മൈതാനങ്ങളിൽ കളിച്ചുതീർത്ത വിയർപ്പായിരുന്നു ആ കാലഘട്ടത്തിലെ തലമുറയുടെ ആരോഗ്യത്തിന്റെയും കൂട്ടായ്മയുടെയും അടിസ്ഥാനം.
ശക്തമായ ഒരു ഫുട്ബോൾ പാരമ്പര്യം അവിടെ ആരംഭിച്ചു. 1985 മുതൽ 1995 വരെ തുടർച്ചയായി ഏഴ് തവണ കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തി. കേരളം സന്തോഷ് ട്രോഫി ഫൈനലിൽ 15 തവണ കളിക്കുകയും 7 തവണ ട്രോഫി നേടുകയും ചെയ്തു. ഫിഫ കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തെക്കുറിച്ച് ഇറക്കിയ 'ദി സ്റ്റോറി ഓഫ് ഫുട്ബോൾ' ചലച്ചിത്രാവിഷ്കാരത്തിൽ കേരളത്തെപ്പറ്റി ഇപ്രകാരം പരാമർശിച്ചു, "ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഫുട്ബോൾ അതിന്റെ സമൂഹത്തിന്റെ ഘടനയിലൂടെ കടന്നുപോകുന്നു, അവിടെ ഫുട്ബോൾ ജീവിതവും ജീവിതം ഫുട്ബോളുമാണ്".
ആ കാലഘട്ടത്തിൽ ഇന്ത്യൻ ഫുട്ബാളിന് പരിശീലകരും താരങ്ങളുമുൾപ്പെടെ കേരളം നൽകിയ സംഭാവന ചെറുതല്ല. എന്നാൽ ക്രിക്കറ്റിന്റെ കടന്നുവരവും ആധുനീകവത്‌കരണവും അറുപതുകളിൽ ഫുട്ബോളിനെ പ്രതികൂലമായി ബാധിച്ചു. കേരളത്തിലെ ഫുട്ബോൾ ആരാധകർ അന്താരാഷ്ട്ര ഫുട്ബാളിലേക്ക് ശ്രദ്ധ ചെലുത്താൻ തുടങ്ങി. വിദേശ താരങ്ങൾ കേരളത്തിലെ ആരാധകരുടെ മനസ്സിൽ സ്വദേശികളായി. നാലു ചുമരുകൾക്കുള്ളിൽ ടിവിയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിലേക്കായി പലപ്പോഴും കേരളത്തിലെ ഫുട്ബോൾ ആരാധകർ ചുരുങ്ങി. മൈതാനങ്ങളിൽ കെട്ടിടങ്ങൾ ഉയർന്നു. പാടത്ത് ഇടവിളകൾ സജീവമായി.
ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് 2104-ൽ ഇന്ത്യൻ സൂപ്പർ ലീഗ് വരുന്നത്. പ്രഖ്യാപന ദിവസം മുതൽ കേരളത്തിലെ ആരാധകർ ഇന്ത്യൻ സൂപ്പർ ലീഗിനെയും കേരളാ ബ്ലാസ്റ്റേഴ്സിനെയും നെഞ്ചേറ്റി. കേരളാ ബ്ലാസ്റ്റേഴ്സിലെ വിദേശികളും സ്വദേശികളുമായ ഓരോ താരങ്ങളും പരിശീലകരുമെല്ലാം ആരാധകരാൽ ആഘോഷിക്കപ്പെട്ടു. ഓരോ വർഷവും അടിത്തട്ടു മുതൽ ഈ ഫുട്ബോൾ വികസിക്കാൻ തുടങ്ങി. ഓരോ ഗ്രാമങ്ങളിലും നഗരങ്ങളിലും ഗ്രൗണ്ടുകളും ടർഫുകളും ഉയർന്നു. വെറും രണ്ടു മാസമായിരുന്നു സീസൺ ആറുമാസമായി വികസിച്ചു. എട്ടു ടീമുകളിൽ നിന്ന് പന്ത്രണ്ടു ടീമായി ലീഗ് വളർന്നു. പ്രശസ്ത വിദേശ താരങ്ങൾ ഇന്ത്യൻ ഫുട്ബാളിലേക്ക് ആകൃഷ്ടരായി വന്നുതുടങ്ങി.
കഴിഞ്ഞ പത്തു വർഷങ്ങൾകൊണ്ട് കേരളാ ഫുട്ബാളിൽ ഇന്ത്യൻ ഫുട്ബോൾ ചെലുത്തിയ സ്വാധീനം ചില്ലറയല്ല. കേരളത്തിലും ഇന്ത്യയിലുമായി ഫുട്ബോളിനെ സ്നേഹിക്കുന്ന യുവതാരങ്ങൾ മുമ്പുള്ളതിൽനിന്ന് വ്യത്യസ്തമായി പ്രോത്സാഹിക്കപ്പെടുന്നു. കളിക്കാർ അംഗീകരിക്കപ്പെട്ടു. കളിക്കാരുടെയും ഫുട്ബോളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവരുടെയും വരുമാനം വർധിച്ചു. കായീക മാധ്യമ മേഖലയിലും കുതിപ്പുണ്ടായി. നൂറുകണക്കിനാളുകൾക്ക് ജോലി ലഭിച്ചു.
ഇപ്പോൾ ഫുട്ബോൾ കേരളത്തിന്റെ ജനതയുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്, ഫിഫ പറഞ്ഞ വാക്കുകളെ അന്വർഥമാക്കി.