ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിൽ ഇതുവരെയില്ലാത്ത മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മുംബൈക്കെതിരായ അവസാന മത്സരത്തിലെ തോൽവി നിരാശാജനകമായിരുന്നെങ്കിലും അതിനു മുൻപുള്ള എട്ടു മത്സരങ്ങൾ അപരാജിതരായി മുന്നേറിയെന്നത് മാറ്റിനിർത്താനാകാത്ത ശുഭസൂചനയാണ്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2017 - 2018 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന ഇംഗ്ലീഷ് മുന്‍ സൂപ്പര്‍ താരം വെസ് ബ്രൗണ്‍ ടീമിന്റെ പ്രകടനത്തിൽ അഭിപ്രയം പങ്കുവച്ചിരുന്നു. "ഞാൻ കളിച്ച എല്ലാ ടീമിനെയും ഞാൻ പിന്തുടരാറുണ്ട്. പ്രത്യേകിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ. കേരളാ ബ്ലാസ്റ്റേഴ്‌സ് നന്നായി കളിക്കുന്നുണ്ട്. കഴിഞ്ഞ ഫൈനല്‍ ഞാന്‍ കണ്ടിരുന്നു. കഴിഞ്ഞ ഫൈനലില്‍ തികഞ്ഞ നിര്‍ഭാഗ്യമാണ് നമ്മളെ കാത്തിരുന്നത്. ഇപ്പോഴും ഞാന്‍ മഞ്ഞ മതിലിനെ കാണാറുണ്ട്." അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഫുട്ബാളിനെക്കുറിച്ചും അദ്ദേഹം മനസുതുറന്നു.

"വ്യക്തമായ ഘടന ഇന്ത്യൻ ഫുട്ബോളിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു, ഞാൻ അവിടെ എത്തിയ സമയം ഫുട്ബാൾ ഉയർന്നു വരുകയായിരുന്നു. കുട്ടിക്കാലത്ത് ഞാൻ ഫുട്ബോൾ മാത്രമാണ് കളിച്ചത്, ഇന്ത്യയിൽ കുട്ടികൾ ക്രിക്കറ്റ് കളിച്ചാണ് വളരുന്നുവെന്നതാണ് വലിയ പ്രശ്നം. മാറ്റം കൊണ്ടുവരാൻ, ഘടനയിൽ ചെറിയ മാറ്റം ആവശ്യമാണ്, അങ്ങനെയാകുമ്പോൾ കുട്ടികളുടെ കഴിവുകളിലും സാങ്കേതികതയിലും വ്യത്യാസമുണ്ടാകുന്നത് നിങ്ങൾ കാണും.” ബ്രൗൺ പറഞ്ഞു.

“ഇത് (ഫുട്ബോൾ) ക്രിക്കറ്റിൽ ചെയ്യുന്നതുപോലെ തന്നെയാണ്. ബൗളിങ്ങായാലും ബാറ്റിങ്ങായാലും ഫീൽഡിംഗ് പരിശീലിച്ചാലും എല്ലാം ഒന്നുതന്നെയാണ്. ഇതിന് ആത്യന്തികമായി കുറച്ച് സമയമെടുക്കും, വരും വർഷങ്ങളിൽ ദേശീയ ടീമിൽ കഴിവുള്ള കളിക്കാരെ നിങ്ങൾ കാണും, അതെല്ലാം ചെറുപ്പം മുതലുള്ളതാണ്. ഇപ്പോൾ അവിടെ ഘടനയുണ്ട്." അദ്ദേഹം പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളപ്പോൾ കാലത്ത് തന്നെ വളരെയധികം ആകർഷിച്ച ഒരു ഇന്ത്യൻ കളിക്കാരനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. "അത് സുനിൽ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം വിദേശത്ത് കളിച്ചിട്ടുണ്ട്, വിവിധ ലീഗുകളിൽ പങ്കെടുത്തിട്ടുണ്ട്, ധാരാളം ഗോളുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മനോഭാവവും നിലവാരവും മികച്ചതാണ്.” ബ്രൗൺ പറഞ്ഞു.

"അദ്ദേഹം ഇപ്പോഴും ഫിറ്റാണ്, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ്, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ കണ്ടാൽ, അദ്ദേഹം എത്രമാത്രം ആത്മാർഥമായി പരിശ്രമിക്കുന്നുവെന്നും കാണാനാകും. അദ്ദേഹം ഈ പ്രായത്തിലും സ്വയം പരിശീലിക്കുകയും മെച്ചപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. യുവ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ആരെയെങ്കിലും മാതൃകയാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹമാണ് അതിന് ഏറ്റവും നല്ല ഉദാഹരണം.” അദ്ദേഹം കൂട്ടിച്ചേർത്തു.