"തോൽക്കാൻ ആഗ്രഹിച്ച് ഞങ്ങൾ മത്സരിക്കാറില്ല," നോവ സദൗയി
പുതിയ പരിശീലകന് കീഴിൽ കൂടുതൽ ദൂരം മുന്നേറുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു

തോൽക്കാൻ ആഗ്രഹിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങൾ മത്സരിക്കാനിറങ്ങാറില്ലെന്ന് ക്ലബ്ബിന്റെ മൊറോക്കൻ വിങ്ങർ നോവ സദൗയി. ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ പ്രതീക്ഷക്കൊത്തുള്ള പ്രകടനം കാഴ്ചവെക്കുന്നതിൽ ക്ലബിനുണ്ടായ പോരായ്മയിൽ പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം. കലിംഗ സൂപ്പർ കപ്പിന്റെ പ്രീ ക്വാർട്ടറിൽ സദൗയിയുടെ അത്യുജ്വല ഗോളാണ് ഈസ്റ്റ് ബംഗാളിനെതിരെ ടീമിന്റെ ജയം ഉറപ്പിച്ചത്. പുതിയ പരിശീലകന് കീഴിൽ കൂടുതൽ ദൂരം മുന്നേറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
2024 - 25 ഐഎസ്എൽ സീസണിൽ 19 മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയ താരം ടീമിന്റെ നട്ടെല്ലാരുന്നു. നിർണായക മത്സരങ്ങളിലെ ഗോളുകൾ ടീമിന് നേടിക്കൊടുത്തത് വിലപ്പെട്ട പോയിന്റുകളായിരുന്നു. പരിക്ക് മൂലം വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും, കളത്തിൽ ഉള്ള മിനിറ്റുകളിൽ ടീമിന്റെ ആക്രമണത്തിന്റെ കുന്തമുനയായി മാറി ഈ മൊറോക്കൻ വിങ്ങർ. എളുപ്പമുള്ള ഒരു സീസണായിരുന്നില്ല കടന്നുപോയതെന്ന് നോവ സദൗയി mykhel.com നോട് പറഞ്ഞു.
"ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നാറുണ്ട്. എനിക്ക് മുൻപ് ഉണ്ടായിട്ടില്ലാത്ത പരിക്കുകൾ ഇത്തവണ തിരിച്ചടി നൽകി. പിന്നീട് ടീം സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാതിരുന്നപ്പോൾ, തിരിച്ചുവരാനും താളം കണ്ടെത്താനും ശ്രമിച്ചു. ഞാൻ എപ്പോഴും പോസിറ്റീവാണ്, അടുത്ത ദിവസത്തിനായി ഞാൻ എന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു. എപ്പോഴും ഉയർച്ച താഴ്ചകൾ ഉണ്ടാകും, അത് ഫുട്ബോളിന്റെ ഭാഗമാണ്. നിങ്ങൾ അത് മനസിലാക്കി പരിശ്രമിക്കണം," അദ്ദേഹം സംസാരിച്ചു തുടങ്ങി.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പോരായ്മയായത്, പതറുന്ന പ്രതിരോധവും നിരന്തരമായ ഗോൾ വഴങ്ങലുമാണ്. 37 ഗോളുകൾ ടീം വഴങ്ങി പലതും നിർണായക മത്സരങ്ങളിലായിരുന്നു. പുതിയ പരിശീലകന്റെ കീഴിൽ, സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ടീം പ്രതിരോധപരമായി ഉറച്ചുനിൽക്കുന്നതിന്റെ പ്രതിഫലനങ്ങൾ കാണിച്ചിരുന്നു. ടീം വർക്കാണ് അത്തരമൊരു മാറ്റത്തിന് കാരണമായതെന്ന് സദൗയി വെളിപ്പെടുത്തി.
"ടീമായി പ്രതിരോധിച്ചിരുന്നില്ല എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ തലവേദന. ധാരാളം സ്പേസുകൾ ഉണ്ടായിരുന്നു, ടീമുകൾ അത് മുതലെടുത്തു. എന്നാൽ, പുതിയ പരിശീലകന് കീഴിൽ ഞങ്ങൾ ഒതുക്കത്തോടെ പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തി തുടങ്ങി. ഇങ്ങനെ തുടരുകയാണെങ്കിൽ ഈ ടൂർണമെന്റിൽ ഞങ്ങൾക്ക് കൂടുതൽ മുന്നേറും."
ഗോളടിക്കുക എന്നതിലുപരി, കളത്തിൽ കൂടുതൽ നിർണായ സാന്നിധ്യമാകുന്ന രീതിയിലായിരുന്നു ഈ സീസണിലെ താരത്തിന്റെ പ്രകടനം. ഏത് പൊസിഷനിലും കളിക്കാൻ ശേഷിയുള്ള വ്യക്തമാക്കിയ നോവ ക്ലബ്ബിലെ യുവതാരങ്ങൾക്ക് മാതൃകയാകാനും അവർക്ക് മാർഗനിർദേശം നൽകാനും ശ്രമിച്ചിരുന്നു.
"സാധാരണയായി ഇടതുവശത്ത് കളിക്കാനാണ് ഇഷ്ടമെങ്കിലും ഈ സീസണിൽ ഞാൻ വലതുവശത്താണ് കളിച്ചത്. ഞാൻ ഒരു സ്ട്രൈക്കർ, സെക്കൻഡ് സ്ട്രൈക്കർ, ഫോർവേഡിന് പിന്നിലാണ് കളിച്ചിട്ടുണ്ട്. ഞാൻ പൊരുത്തപ്പെടുന്നു. ഐമൻ, കോറൂ തുടങ്ങിയ യുവതാരങ്ങളോട് സംസാരിക്കുമായിരുന്നു. കഴിവ് മാത്രം പോരാ എന്ന് ഞാൻ അവരോട് പറയാറുണ്ട്- കഠിനാധ്വാനമാണ് നിങ്ങളെ മുന്നോട്ട് നയിക്കുക."
പ്ലേ ഓഫ് യോഗ്യതക്ക് മുന്നിൽ വീണുപോയ കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസൺ നൽകിയത് കയ്പ്പുള്ള അനുഭവങ്ങളാണ്. ഫലങ്ങൾ ലഭിക്കാതെ വരുന്നത് ആരാധകരിലും കളിക്കാരിലും മോശം പ്രതിഫലനങ്ങൾ ഉണ്ടാക്കുന്നു എന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. നല്ലതിലും ചീത്തയിലും ടീമിനൊപ്പം നിൽക്കാനുള്ള ആഹ്വാനവും അദ്ദേഹം ആരാധകർക്ക് നൽകി.
"അവരുടെ നിരാശ എനിക്ക് മനസ്സിലാകും. അവരുടെ പിന്തുണയുടെ പിന്നിൽ ധാരാളം ത്യാഗങ്ങളുണ്ട്. ഫലങ്ങൾ ലഭിക്കാതെ വരുമ്പോൾ, മനഃസ്ഥിതി തകരുന്നു. തോൽക്കാൻ ആഗ്രഹിച്ച് ഞങ്ങൾ മത്സരിക്കാറില്ല. ഞങ്ങൾക്കും അത് അനുഭവപ്പെടുന്നു. പക്ഷേ ശരിയായ ഘടനയും ഒതുക്കവും ഉണ്ടെങ്കിൽ നമുക്ക് വിജയിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു."
"നല്ലതിലും ചീത്തയിലും ഞങ്ങളോടൊപ്പം നിൽക്കൂ. ഒറ്റരാത്രികൊണ്ട് ട്രോഫികൾ നേടുക എളുപ്പമല്ല. എല്ലാ ടീമുകളും അത് ആഗ്രഹിക്കുന്നു. ഞങ്ങൾ ശ്രമിക്കുന്നു," അദ്ദേഹം ആരാധകരോട് ആഹ്വാനം ചെയ്തു.