കലിംഗ സൂപ്പർ കപ്പിൽ നിന്നും പുറത്തായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ നിലവിലെ ഐഎസ്എൽ ഷീൽഡ് - കപ്പ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ തോൽവി വഴങ്ങിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്.

ഇന്നത്തെ മത്സരത്തിൽ മലയാളിയായ സഹൽ അബ്ദുൽ സമദിനൊപ്പം (23') യുവതാരം സുഹൈൽ അഹമ്മദ് ഭട്ടും (51') മറൈനേഴ്സിനായി ഗോൾ നേടി. ഇഞ്ചുറി സമയത്ത് കേരള ബ്ലാസ്റ്റേഴ്സിനായി ശ്രീക്കുട്ടൻ (90+3') ആശ്വാസ ഗോൾ നേടി. എംബിഎസ്‌ജിയുടെ മലയാളി താരം സലാലുദീൻ അദ്‌നാനാണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്നത്തെ മത്സരത്തിലെ ജയത്തോടെ, സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്, തങ്ങളുടെ ട്രോഫി ക്യാബിനറ്റിൽ എത്തിക്കാൻ ബാക്കിയുള്ള സൂപ്പർ കപ്പിലേക്ക് ഒരടി കൂടി എടുത്തുവെച്ചു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി: സച്ചിൻ സുരേഷ് (ജികെ), ആർവി ഹോർമിപം, വിബിൻ മോഹനൻ, ഹീസസ് ഹിമെനെസ്, ഡാനിഷ് ഫാറൂഖ്, മിലോസ് ഡ്രിൻസിച്ച് (സി), മുഹമ്മദ് ഐമൻ, ബികാഷ് യുംനം, നവോച്ച സിംഗ്, നോവ സദൗയി.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്: ധീരജ് സിംഗ് (ജികെ), ന്യൂനോ റെയ്‌സ്, അഭിഷേക് സൂര്യവൻഷി, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ, ദീപക് താങ്‌ഗ്രി (സി), ദിപ്പേന്ദു ബിശ്വാസ്, അമാൻദീപ്, സൗരബ്‌ദീപ്, സലാലുദ്ധീൻ അദ്‌നാൻ, സുഹൈൽ അഹമ്മദ് ഭട്ട്.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ ക്ലബ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉണ്ടായില്ല. അദ്ദേഹത്തിന് പകരം മോണ്ടിനെഗ്രിൻ താരം മിലോസ് ഡ്രിൻസിച്ചാണ് ആംബാൻഡ്‌ ധരിച്ചത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ് നിരയിലാകട്ടെ, ഒരുപിടി ഇന്ത്യൻ താരങ്ങൾക്കൊപ്പം, ന്യൂനോ റെയ്‌സ് എന്ന പോർച്ചുഗീസ് പ്രതിരോധം താരം ആദ്യ പതിനൊന്നിൽ ഇടം നേടി.

മത്സരം തുടങ്ങിയതു മുതൽ, കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിരോധത്തിലാഴ്ത്തിയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ് കളം പിടിച്ചത്. കുറിയ പാസുകളുമായി യുവരക്തം നിറഞ്ഞ സ്‌ക്വാഡ്, ഫൈനൽ തേർഡിൽ പരീക്ഷണങ്ങൾ നടത്തിയെങ്കിലും ഉയർന്നു നിന്ന കൊമ്പന്മാരുടെ പ്രതിരോധം ആദ്യ മിനിറ്റുകളിൽ നീക്കങ്ങളെ നിഷ്പ്രഭമാക്കി.

എന്നാൽ, പ്രതിരോധം ഊട്ടിയുറപ്പിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾക്ക് അധികം ആയുസുണ്ടായില്ല. സലാലുദീൻ അദ്‌നാൻ, സഹൽ അബ്ദുൽ സമദ് എന്നീ മലയാളി താരങ്ങളുടെ മികവിൽ കൊച്ചി ക്ലബ്ബിന്റെ പ്രതിരോധം പൊട്ടിച്ച് ആദ്യത്തെ നിറയൊഴിച്ചു കൊൽക്കത്തൻ ക്ലബ്. 23-ാം മിനിറ്റിൽ വലതു വിങ്ങിൽ നിന്നും നവോച്ചയെ മറികടന്ന് മികച്ച ഫുട്‌വർക്കുമായി അദ്‌നാൻ, ബോക്സിലേക്ക് എത്തി പാസിലൂടെ സഹലിനെ കണ്ടെത്തുന്നു. പന്ത് കൈവശപ്പെടുത്തി, ഒന്ന് വെട്ടിച്ചുതിരിഞ്ഞ് മുൻ ബ്ലാസ്റ്റേഴ്‌സ് താരമെടുക്കുന്ന ഷോട്ട് സച്ചിൻ സുരേഷിനെ മറികടന്ന് വലയിൽ. മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് മുന്നിൽ. സ്കോർ 0-1.

ഗോൾ വഴങ്ങിയതോടെ, പ്രതിരോധത്തിലായി ബ്ലാസ്റ്റേഴ്‌സ്. ശേഷം, നിരന്തരമായ ആക്രമങ്ങളുമായി രംഗത്തെത്തി. ഗോൾവലക്ക് മുന്നിൽ ധീരജ് സിംഗ് ഉറച്ചു നിന്നത് ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് നൽകിയത് നിരാശ. അഞ്ച് ഷോട്ടുകളെടുത്ത ടീമിന്, രണ്ടെണ്ണം ടാർഗെറ്റിൽ എത്തിക്കാൻ സാധിച്ചെങ്കിലും ഗോളുകൾ ഒന്നും വീണില്ല. മറുവശത്ത് ഒരേയൊരു ഷോട്ട് മാത്രമെടുത്ത എംബിഎസ്‌ജിക്ക് അത് ലക്ഷ്യത്തിൽ എത്തിക്കാനും സാധിച്ചു.

രണ്ടാം പകുതി ആരംഭിച്ചത് മറൈനേഴ്സിന്റെ ആക്രമണത്തിലൂടെയായിരുന്നു. വിങ്ങിലൂടെ പന്തുമായി ഓടിയെത്തിയ സലാലുദീൻ, ഡ്രിൻസിച്ചിനെ മറികടന്ന് എടുത്ത ഷോട്ട്, ഉജ്ജ്വലമായി രക്ഷപ്പെടുത്തി സച്ചിൻ. എങ്കിലും, വിധിയെ തടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അഞ്ച് മിനിട്ടുകൾക്ക് ശേഷം 51-ാം മിനിറ്റിൽ മോഹൻ ബഗാൻ രണ്ടാമത്തെ ഗോൾ കണ്ടെത്തി. അതിനു വഴിയൊരുക്കിയതാകട്ടെ, മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയനും. ഹോർമിപാമിനെ മറികടന്ന വിങ്ങർ നൽകിയ ലോ ക്രോസ് ഫാർ പോസ്റ്റിലേക്കെത്തിയ സുഹൈൽ ഭട്ട് വലയിലെത്തിച്ചു. സ്കോർ 0-2.

രണ്ടാമത്തെ ഗോളിന് ശേഷം, ഒരുമിച്ച് മൂന്ന് മാറ്റങ്ങൾ നടത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് നിര ഉണർന്നു. ഷോട്ടുകളുമായി ഹിമനസ് മുന്നിൽ നിന്നെകിലും ലക്‌ഷ്യം കണ്ടെത്താൻ സാധിച്ചില്ല. വിബിൻ തൊടുത്ത ഷോട്ട്, ഉഗ്രൻ രക്ഷപ്പെടുത്തലിലൂടെ ധീരജ് തിളങ്ങി. അവസാന മിനിറ്റുകളിൽ പന്തവകാശം നിലനിർത്തിയും ക്രോസുകളുതിർത്തും മത്സരത്തിൽ ആധിപത്യം കണ്ടെത്തി. നഷ്ടപ്പെട്ട നിരവധി അവസരങ്ങൾക്ക് ശേഷം, പന്ത് വലയിലെത്തിച്ച് ഇഞ്ചുറി സമയത്തേക്ക് നീണ്ട മത്സരത്തിൽ ശ്രീക്കുട്ടൻ ജീവശ്വാസം നൽകി. സ്കോർ 1-2.

ഇഞ്ചുറി സമയവും മത്സരവും അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, ബ്ലാസ്റ്റേഴ്‌സ് ആക്രമണം കൂർപ്പിച്ചെങ്കിലും ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ നിരാശയോടെ കളം വിട്ടു കൊമ്പന്മാർ. മറുവശത്ത് ഈ സീസണിലെ മൂന്നാമത്തെ കിരീടം ലക്ഷ്യമിട്ട് സെമിയിലേക്ക് കുതിച്ചു മോഹൻ ബഗാൻ സൂപ്പർ ജയന്റ്. സെമിയിൽ ഏപ്രിൽ 30ന് മറൈനേഴ്സ് എഫ്‌സി ഗോവയെ നേരിടും.