"ഇന്ത്യൻ താരങ്ങളെ വളർത്തേണ്ടത് എന്റെ ഉത്തരവാദിത്തമല്ല", ദവീദ് കറ്റാല
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സാരഥ്യം ഏറ്റെടുക്കുന്ന മൂന്നാമത്തെ പരിശീലകനാണ് കറ്റാല.

ഇന്ത്യൻ കളിക്കാരെ വളർത്തേണ്ടത് തന്റെ ഉത്തരവാദിത്വമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ദവീദ് കറ്റാല. അത് ക്ലബ് പരിഗണിക്കേണ്ട കാര്യമാണെന്നും, യുവ താരങ്ങൾ കഴിവ് തെളിയിച്ചാൽ അവസരം കൊടുക്കാൻ താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീസണിന് മുന്നോടിയായി സ്ഥാനമേറ്റെടുത്ത മിക്കേൽ സ്റ്റാറെക്കും ഇടക്കാല പരിശീലകനും മലയാളിയുമായ ടിജി പുരുഷോത്തമനും ശേഷം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സാരഥ്യം ഏറ്റെടുക്കുന്ന മൂന്നാമത്തെ പരിശീലകനാണ് കറ്റാല.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയാണ് സ്പാനിഷ് പരിശീലകൻ ദവീദ് കറ്റാല ഇന്ത്യൻ ഫുട്ബോളിലെ തന്റെ സ്ഥാനം നിർണയിച്ചത്. 2025 സൂപ്പർ കപ്പിന്റെ പ്രീ ക്വാർട്ടറിൽ നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടീം തോൽപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റിന്റെ ക്വാർട്ടർഫൈനലിലേക്ക് കാലെടുത്തുവെക്കുന്ന കൊച്ചി ക്ലബ്ബിനെ കാത്തിരിക്കുന്നത് ഐഎസ്എൽ 2024 - 25 സീസണിൽ ഇരട്ട കിരീടങ്ങളിൽ മുത്തമിട്ട മോഹൻ ബഗാൻ സൂപ്പർ ജയന്റാണ്.
കലിംഗ സൂപ്പർ കപ്പിന്റെ ആദ്യ മത്സരത്തിൽ, ഉയർന്ന മനോഗതിയോടെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പരിശീലകൻ, ഈ മാറ്റം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ടീമിന് ചുറ്റുമുള്ള മോശം ഊർജമെല്ലാം നീക്കം ചെയ്ത്, ടീമിന്റെ മെന്റാലിറ്റിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് അദ്ദേഹം സ്‌പോർട്സ്റ്റാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
"അതെ, നമ്മൾ ശരിയായ വഴിയിലാണ്. നമ്മൾ അതിനായി (മനോഗതി മെച്ചപ്പെടുത്താൻ) പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ആദ്യ ലക്ഷ്യം എല്ലാ മോശം ഊർജ്ജവും നീക്കം ചെയ്യുക എന്നതാണ്. ടീമിന്റെ മനോഗതിയിൽ ചെറിയൊരു മാറ്റം ഞാൻ ശ്രദ്ധിക്കുന്നു. നമ്മൾ ശരിയായ പാതയിലാണ്, ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്."
ഇന്ത്യൻ കളിക്കാരെ വളർത്തേണ്ടത് തന്റെ ഉത്തരവാദിത്വമല്ലെന്ന് തുറന്നു പറഞ്ഞു പരിശീലകൻ. യുവതാരങ്ങളിലുള്ള തന്റെ വിശ്വാസം ചൂണ്ടിക്കാണിച്ച അദ്ദേഹം, അവർക്ക് തെളിയിച്ചാൽ അവസരം കൊടുക്കുന്നതിൽ മുന്നിലുണ്ടാകുമെന്നും വ്യക്തമാക്കി.
"ഇന്ത്യൻ കളിക്കാർ വളരുകയും പുരോഗതി കൈവരിക്കുകയും ചെയ്യേണ്ടതുണ്ട്. അത് എന്റെ ഉത്തരവാദിത്വമാണോ എന്ന് ചോദിച്ചാൽ, അല്ല. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും എന്ന് വിശ്വസിക്കുന്ന പതിനൊന്ന് കളിക്കാരെ ഞാൻ ഉപയോഗിക്കും. അവർക്ക് 17 വയസാണോ, 36 വയസാണോ എന്നത് എനിക്ക് പ്രശ്‌നമല്ല. ഇത് (കളിക്കാരുടെ വികസനം) ക്ലബ് പരിഗണിക്കേണ്ട കാര്യമാണ്. അക്കാദമികളിൽ നിക്ഷേപിക്കുക എന്നത് അടിസ്ഥാനമാണ്. എനിക്ക് യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാനും അവരെ വളർത്താനും എനിക്ക് ഇഷ്ടമാണ്. അവർക്ക് കളിക്കാൻ സാധിക്കുമെന്ന് എന്നെ കാണിച്ചാൽ, അവർക്ക് അവസരം കൊടുക്കുന്ന ആദ്യത്ത ആൾ ഞാനായിരിക്കും."
ടികി ടാകാ ഫുട്ബോളിന്റെ ഈറ്റില്ലമായ സ്പെയിനിൽ, ബാഴ്‌സലോണയിൽ ജനിച്ച കറ്റാല പൊസിഷൻ ഫുട്ബോളിനോട് കൂടുതൽ അഭിനിവേശം കാണിക്കുന്ന പരിശീലകനാണ്. എന്നാൽ, ലഭ്യമായ വിഭവങ്ങൾക്കനുസരിച്ചും എതിരികളെ വിലയിരുത്തിയും തന്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"പന്തവകാശം നിലനിർത്തി ഫുട്ബോൾ കളിക്കാനാണ് എന്റെ താല്പര്യം. പന്ത് കയ്യിലുണ്ടെങ്കിൽ, എതിരാളികളേക്കാൾ ഗോളുകൾ നേടാനുള്ള സാദ്ധ്യതകൾ നിങ്ങൾക്കുണ്ട്. പക്ഷെ, അത് ലീഗുമായി പൊരുത്തപ്പെടേണ്ടതുണ്ട്. പന്ത് അപ്പോഴും കൈവശം വെക്കണമെന്ന് ആവശ്യപ്പെടുന്ന ആളല്ല ഞാൻ. അങ്ങേർ ഉള്ള കളിക്കാർ എനിക്കുണ്ടെങ്കിൽ ശരി. ഡയറക്റ്റ് ആയി കളിക്കാൻ കഴിയുന്ന താരങ്ങളുടെന്ന് കണ്ടാൽ, ഞങ്ങൾ കൂടുതലായി ഡയറക്റ്റ് ഫുട്ബോൾ കളിക്കാൻ ശ്രമിക്കും. അത് എതിരാളികളെയും ആശ്രയിച്ചിരിക്കും. പല കാര്യങ്ങളെയും ആശ്രയിക്കുമെങ്കിലും, എന്റെ ആദ്യത്തെ ലക്ഷ്യം മത്സരങ്ങൾ ജയിക്കുക എന്നതാണ്," അദ്ദേഹം പറഞ്ഞു.
വളരെ ശക്തമായ ആരാധകക്കൂട്ടമുള്ള ഐഎസ്എല്ലിലെ ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ പരിശീലകർ വരുമ്പോൾ, അവരിൽ ആരാധർ ചെകുത്തുന്ന വിശ്വാസവും പ്രതീക്ഷയും വളരെ വലുതാണ്. എന്നാൽ, ഏത് രാജ്യത്തായാലും സമ്മർദ്ദം ഉണ്ടാകുമെന്നും അത് എനഗ്നെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
"നിങ്ങൾക്ക് എപ്പോഴും സമ്മർദ്ദം ഉണ്ടായിക്കൊണ്ടേ ഇരിക്കും. അത് ഇവിടെയായാലും മറ്റേതൊരു രാജ്യത്തായാലും വ്യത്യാസമില്ല. ആളുകൾക്ക് ഫലങ്ങളാണ് വേണ്ടത്, മത്സരങ്ങൾ ജയിക്കുമ്പോൾ അവർ സന്തോഷിക്കും. എനിക്ക് സമ്മർദ്ദങ്ങൾ ഇഷ്ടമാണ്, പ്രതീക്ഷകളാകട്ടെ വളരെ കൂടുതലുമാണ്. പക്ഷെ, നമ്മളത് കൈകാര്യം ചെയ്യണം. ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാത്തവർക്ക് ഇവക്കിടെ കളിക്കാൻ സാധിക്കില്ലായിരിക്കും," അദ്ദേഹം പറഞ്ഞു.
ഐഎസ്എല്ലിൽ ലീഗ് ഡബിൾ നേടിയ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായകമായ ക്വാർട്ടർ ഫൈനൽ മത്സരം. കൂർമയേറിയ ആക്രമണവും തളരാത്ത പ്രതിരോധവുമായി എതിരാളികളിൽ ഇറങ്ങുമ്പോൾ, ഭുവനേശ്വറിൽ കറ്റാലക്ക് തയ്യറെടുപ്പുകൾ രണ്ടാമതൊന്നുകൂടി ഉറപ്പിക്കേണ്ടതായി വരും. മറൈനേഴ്സിനെതിരായ മത്സരം ഒട്ടും എളുപ്പമാവില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
"മോഹൻ ബഗാൻ പോലൊരു ടീമിനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ, നിങ്ങളും ഒരു നല്ല ടീമാകണം. പ്രതിരോധത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തണം. കൂർമയേറിയ മുന്നേറ്റ നിര അവരെ മികച്ച ടീമാക്കി മാറ്റുന്നു, അതിനാൽ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ, അവരെ തോൽപ്പിക്കുക ബുദ്ധിമുട്ടായിരിക്കും. തീർച്ചയായും ഞങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച ടീമിനെയാണ് നേരിടുന്നത്, അത് എളുപ്പമാകില്ല," സ്പാനിഷ് കോച്ച് വിലയിരുത്തി.