ഹോങ്കോങ് മത്സരത്തിന് മുന്നോടിയായി ജൂണിൽ ഇന്ത്യൻ ടീം തായ്ലൻഡിനെതിരെ
ജൂൺ 10ന് നടക്കുന്ന ഹോങ്കോങ്ങിനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ തായ്ലൻഡിനെതിരെ ഇറങ്ങുന്നത്.

2025 ജൂൺ 4 ബുധനാഴ്ച ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ടീം തായ്ലൻഡിലെ പാത്തും താനിയിലുള്ള തമ്മസാറ്റ് സ്റ്റേഡിയത്തിൽ തായ്ലൻഡിനെതിരെ ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അറിയിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്).
എ.എഫ്.സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ ടൂർണമെന്റിൽ ഗ്രൂപ്പ് സിയിൽ ജൂൺ 10ന് നടക്കുന്ന ഹോങ്കോങ്ങിനെതിരായ മത്സരത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ തായ്ലൻഡിനെതിരെ ഇറങ്ങുന്നത്. ഫിഫ റാങ്കിംഗിൽ ഇന്ത്യ 127-ാം സ്ഥാനത്തും തായ്ലൻഡ് 99-ാം സ്ഥാനത്തുമാണ്.
ജൂണിലെ ഫിഫ ഇന്റർനാഷണൽ വിൻഡോയ്ക്കുള്ള തയ്യാറെടുപ്പ് ക്യാമ്പ് ഇന്ത്യ മെയ് 18ന് കൊൽക്കത്തയിൽ ആരംഭിക്കും. മെയ് 29ന് നീലകടുവകൾ തായ്ലൻഡിലേക്ക് തിരിക്കും. തായ്ലൻഡിനെതിരായ സൗഹൃദ മത്സരത്തിന് ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം ലക്ഷ്യമിട്ട് പരിശീലനം നടത്താൻ ശേഷം ടീം ഹോങ്കോങ്ങിലേക്ക് തിരിക്കും.
എ.എഫ്.സി ഏഷ്യൻ കപ്പ് 2027 യോഗ്യത ടൂർണമെന്റിന്റെ ഗ്രൂപ്പ് സിയിൽ ബംഗ്ലാദേശും സിംഗപ്പൂരുമാണ് മറ്റ് ടീമുകൾ. നിലവിൽ നാല് ടീമുകളും ഓരോ പോയിന്റ് വീതം നേടിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഷില്ലോങ്ങിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്ന മത്സരവും, മാർച്ച് 25 ന് സിംഗപ്പൂരിൽ സിംഗപ്പൂരും ഹോങ്കോങ്ങും തമ്മിൽ നടന്ന മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
ഇന്ത്യയും തായ്ലൻഡും 26 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ബ്ലൂ ടൈഗേഴ്സ് ഏഴ് മത്സരങ്ങളിൽ മാത്രംവിജയിച്ചപ്പോൾ, തായ്ലൻഡ് 12 തവണ വിജയം കണ്ടെത്തി. ശേഷിക്കുന്ന ഏഴ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഇരുവരും നേർക്കുനേരെത്തിയ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു (രണ്ടും 2019 ൽ) — അബുദാബിയിൽ നടന്ന എഎഫ്സി ഏഷ്യൻ കപ്പിൽ 4-1ന് ജയം നേടിയ ഇന്ത്യ, ബുരിറാമിൽ നടന്ന കിങ്സ് കപ്പിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ജയം കണ്ടെത്തി വെങ്കല മെഡലിൽ മുത്തമിട്ടു.
മത്സരത്തിന്റെ കിക്കോഫ്, സംപ്രേക്ഷണ വിവരങ്ങൾ, കൊൽക്കത്തയിലെ ബ്ലൂ ടൈഗേഴ്സ് ക്യാമ്പിലേക്കുള്ള സാധ്യതാ ടീം എന്നിവ പിന്നീട് പ്രഖ്യാപിക്കും.