കലിംഗ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ കെബിഎഫ്സി - എംബിഎസ്ജി പോരാട്ടം
ഈസ്റ്റ് ബംഗാളിനെതിരെ ദവീദ് കറ്റാലക്ക് കീഴിൽ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

കലിംഗ സൂപ്പർ കപ്പിന്റെ സെമി ഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി കളത്തിലിറങ്ങുന്നു. ഏപ്രിൽ 25 വൈകീട്ട് 4:30ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ (റൌണ്ട് ഓഫ് 8) മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റാണ് എതിരാളികൾ. ഐഎസ്എല്ലിൽ ഷീൽഡും കപ്പും നേടിയ എംബിഎസ്ജി സൂപ്പർ കപ്പിലൂടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാളിനെതിരെ പുതിയ പരിശീലകൻ ദവീദ് കറ്റാലക്ക് കീഴിൽ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിന്റെ തുടക്കത്തിൽ ടീമിലെത്തിയ മിക്കേൽ സ്റ്റാറെക്കും ഇടക്കാലത്ത് പരിശീലക സ്ഥാനം ഏറ്റെടുത്ത ടിജി പുരുഷോത്തമനും ശേഷം മൂന്നാമത്തെ പരിശീലകന്റെ കീഴിലാണ് നിലവിൽ ടീം. ഇരുപത് ദിവസങ്ങൾ മാത്രം ടീമിനെ പരിശീലിപ്പിച്ച അദ്ദേഹത്തിന്റെ കീഴിൽ റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിനെ തകർത്തത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്. മത്സരത്തിൽ പെനാൽറ്റിയിലൂടെ ഹീസസ് ഹിമനസ് സ്കോർ ബോർഡ് തുറന്നപ്പോൾ, വീക്ക് ഫൂട്ടിൽ നിന്നും നോവ സദൗയിയുടെ അത്യുജ്വല ഗോളിൽ ടീം ജയമുറപ്പിച്ചു.
സൂപ്പർ കപ്പിന് മുന്നോടിയായി സ്ഥാനമേറ്റെടുത്ത സ്പാനിഷ് തന്ത്രജ്ഞൻ ആദ്യ മത്സരത്തിൽ നേടിയ ജയം ടീമിലും ആരാധകർക്കിടയിലും കൂടുതൽ ഊർജവും പ്രതീക്ഷയും രൂപപ്പെടുത്തുന്നുണ്ട്. ഈ സീസണിൽ ലീഗിൽ ഹോമിലും എവെയിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ്, പുതിയ പരിശീലകന് കീഴിൽ മറൈനേഴ്സിനെ വീഴ്ത്താനുള്ള തയ്യാറെടുപ്പിലാണ്. ലീഗിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായി, താരങ്ങൾക്ക് പുത്തൻ ചുമതകൾ നൽകിയുള്ള കളി ശൈലിയാണ് അദ്ദേഹം അവലംബിക്കുന്നത്. ഒരു മോശം സമയത്തിന് ശേഷം കളിക്കളത്തിലേക്കെത്തുന്ന ടീമിന്റെ മെന്റാലിറ്റിയിൽ മാറ്റമുണ്ടാക്കാനാണ് താൻ ശ്രമിച്ചതെന്ന് അദ്ദേഹം കഴിഞ്ഞ മത്സരത്തിലെ ജയത്തിന് ശേഷം അടിവരയിട്ടിരുന്നു.
നേട്ടങ്ങളുടെയും കിരീടങ്ങളുടെയും തേരിലേറിയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ് കലിംഗ സൂപ്പർ കപ്പിന് എത്തുന്നത്. രണ്ടാമതുള്ള എഫ്‌സി ഗോവയേക്കാൾ എട്ട് പോയിന്റുകൾ അധികം നേടി ഐഎസ്എൽ 2024-25 സീസണിന്റെ ലീഗ് ഷീൽഡ് നേടിയെടുത്തും, കപ്പ് ഫൈനലിൽ ബെംഗളൂരു എഫ്‌സിക്കെതിരെ തിരിച്ചുവരവ് ജയം നേടി, ട്രോഫിയിൽ മുത്തമിട്ടാണ് ഈ സീസണ് മുന്നോടിയായി സ്ഥാനമേറ്റെടുത്ത ഹോസെ മോളാണെയുടെ കീഴിൽ മറൈനേഴ്സ് ലീഗ് അവസാനിപ്പിച്ചത്.
ടീമിന്റെ ട്രോഫി ക്യാബിനറ്റിൽ നേടാൻ ബാക്കിയുള്ള ഡൊമസ്റ്റിക് കിരീടമാണ് സൂപ്പർ കപ്പ്. സീസണിൽ രണ്ട് കിരീടങ്ങൾ നേരത്തെ നേടിയതിനാൽ ചരിത്രപരമായ ട്രെബിൾ നേട്ടത്തിൽ കണ്ണുവെച്ചാണ് ഹോസെ മോളിനയുടെ ടീം ഒഡീഷയിലേക്ക് വണ്ടി കയറുന്നത്. യുവരക്തം ഒഴുകുന്ന ഇന്ത്യൻ താരങ്ങളെ അണിനിരത്തി 26 അംഗ സ്‌ക്വാഡാണ് എംബിഎസ്ജിയുടെ നട്ടെല്ല്. പോർച്ചുഗീസ് സെന്റർ ബാക്ക് ന്യൂനോ റെയ്‌സ് മാത്രമാണ് സ്‌ക്വാഡിലെ ഏക വിദേശി.
ഈ മത്സരത്തിലെ വിജയി ഏപ്രിൽ 30ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ എഫ്‌സി ഗോവ - പഞ്ചാബ് എഫ്‌സി മത്സര വിജയിയെ നേരിടും.
മത്സരത്തിന്റെ വിവരങ്ങൾ
QF 1: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs മോഹൻ ബഗാൻ സൂപ്പർ ജയന്റ്
ഘട്ടം: റൗണ്ട് ഓഫ് 8
വേദി: കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ
സമയം: ഏപ്രിൽ 26, 04:30 PM
തത്സമയ സംപ്രേക്ഷണം: ജിയോഹോട്ട്സ്റ്റാർ / സ്റ്റാർസ്പോർട്സ് 3