ഞങ്ങളെന്നും പ്രതീക്ഷിക്കുന്നത് എതിരാളികളുടെ മികച്ച പതിപ്പിനെ:മാർക്വേസ്
ബംഗ്ളദേശിനെതിരായ മത്സരത്തോടെ 2027 ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യത മത്സരങ്ങൾക്ക് തുടക്കം കുറിച്ചു ഇന്ത്യ.

ഇന്ത്യൻ ടീം എന്നും പ്രതീക്ഷിക്കുന്നത് എതിരാളികളുടെ ഏറ്റവും മികച്ച പതിപ്പിനെ ആണെന്ന് ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ്. 2027 ഏഷ്യൻ കപ്പ് യോഗ്യത ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ മാർച്ച് 25 ചൊവ്വാഴ്ച ബംഗ്ലാദേശിനെ നേരിടുന്നതിന് മുന്നോടിയായി പ്രതിരോധ താരം സന്ദേശ് ജിങ്കനൊപ്പം തിങ്കളാഴ്ച മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ജിയോ ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സ് 3 ലും തത്സമയം ലഭ്യമാകും.
ബംഗ്ലാദേശിനെതിരായ മത്സരത്തൊടെയാണ് ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഇന്ത്യക്കും ബംഗ്ലാദേശിനുമൊപ്പം സിംഗപ്പൂരും ഹോങ്കോങ്ങും ഗ്രൂപ്പ് സിയിൽ അണിനിരക്കുന്നു. ഗ്രൂപ്പിൽ ഒന്നാമത്തെത്തുന്ന ടീമിന് ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാം. ചൊവ്വാഴ്ചത്തെ മത്സരത്തിൽ നേടുന്ന ജയം ഭാവി മത്സരങ്ങളിലെ ടീമിന്റെ കുതിപ്പിന് നിർണായകമാകും എന്നതിനാൽ, ടൂർണമെന്റിലെ ആദ്യ മത്സരം എപ്പോഴും പ്രധാനപ്പെതാണെന്ന് പരിശീലകൻ അറിയിച്ചു.
"ആദ്യത്തെ മത്സരം എപ്പോഴും പ്രധാനപ്പെട്ടതാണ്. ഇതൊരു ചെറിയ ടൂർണമെന്റാണ്, ഏറ്റവും മികച്ച ടീം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയുള്ളു. ആറ് മത്സരങ്ങളുണ്ട്, അതിൽ ഒന്നാമതെത്തണം. സൗദി അറേബ്യയിലേക്ക് യോഗ്യത നേടുന്നതിന് ലഭിക്കാവുന്നതിൽ പരമാവധി പോയിന്റുകൾ കണ്ടെത്തണം," അദ്ദേഹം പറഞ്ഞു.
ഈ യോഗ്യത മത്സരത്തിനുള്ള തയ്യറെടുപ്പിന്റെ ഭാഗമായി, ഈ മാസം 19-ന് ഇന്ത്യ, ഇതേ മൈതാനത്ത് മാലദ്വീപിനെ നേരിട്ടിരുന്നു. മത്സരം മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ആധികാരികമായി ആതിഥേയർ ജയിച്ചു. രാഹുൽ ഭേക്കെ, ലിസ്റ്റൻ കൊളാക്കോ എന്നിവർക്കൊപ്പം മത്സരത്തിൽ ഇന്ത്യക്കായി മൂന്നാമത്തെ ഗോൾ നേടിയത് വിരമിക്കലിൽ നിന്നും തിരിച്ചു വന്ന സുനിൽ ഛേത്രിയായിരുന്നു. മനോലോ മാർക്വേസിന് കീഴിൽ നീലകടുവകൾ നേടുന്ന ആദ്യത്തെ ജയം കൂടിയായിരുന്നു അത്.
"ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമാണ് സുനിൽ ഛേത്രി, ഈ സീസണിലെ ടോപ് സ്കോററും. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും ആദ്യ ചില മത്സരങ്ങളിൽ ഗോളടിക്കുന്നതിൽ അത് ഉണ്ടായിരുന്നു. അദ്ദേഹം ടീമിന് ഒരു മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷ," ഛേത്രിയുടെ തിരിച്ചുവരവിൽ അദ്ദേഹം പ്രതികരിച്ചു.
മനോലോ മാർക്വേസിന്റെ അഭിപ്രായത്തെ പിന്തുണച്ച പ്രതിരോധ താരം സന്ദേശ് ജിങ്കൻ ഛേത്രിയുടെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചു. "അദ്ദേഹം ഗോളടിക്കുമെന്ന് ഞങ്ങൾ എന്നും പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇതുവരെയും 95 എണ്ണം നേടി. അദ്ദേഹം തിരിച്ചുവന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ നിലവാരം, ബംഗ്ലാദേശിനെതിരെ മാത്രമല്ല എല്ലാ ടീമുകൾക്കെതിരെയും ഭീഷണിയാണ്."
"ഇന്ത്യ ബംഗ്ലാദേശുമായി കളിക്കുമ്പോഴെല്ലാം, ഉയർന്ന തീവ്രതയും അഭിനിവേശവും അഡ്രിനാലിനും നിറഞ്ഞ മത്സരം ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് ഫുട്ബോളിലായാലും മറ്റ് കായികയിനങ്ങളിൽ ആയാലും. ഫലം നേടുന്നതിലാണ്, ഞങ്ങൾ ശ്രദ്ധ ചെലുത്തുന്നത്. നിങ്ങൾ നന്നായി തയ്യറെടുത്താൽ, ഏത് ടീമിനെയും നിങ്ങൾക്ക് തോല്പിക്കാം. മറിച്ചാണെങ്കിൽ, ഏത് ടീമിനും നിങ്ങളെ തോല്പിക്കാം. പോസിറ്റീവ് മനോഭാവത്തോടയാണ് ഞങ്ങൾ എല്ലാ മത്സരത്തിലേക്കും പോകുന്നത്," 31-കാരൻ കൂട്ടിച്ചേർത്തു. Br ഇന്ത്യയും (126) ബംഗ്ലദേശും (185) തമ്മിൽ ഫിഫ റാങ്കിങ്ങിൽ 59 സ്ഥാനങ്ങളുടെ വ്യത്യാസമുണ്ട്. എന്നിരുന്നാലും, റാങ്കുകൾ ഒരിക്കലും ടീമുകളുടെ നിലവാരത്തെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. ഇംഗ്ലീഷ് ലീഗിലെ മിഡ്ഫീൽഡർ ഹംസ ചൗധരിയെ ടീമിലെത്തിക്കുന്നത് ബംഗാൾ ടൈഗേഴ്‌സിന്റെ ശക്തി വർദ്ധിപ്പിക്കുമെന്നും മാർക്വേസ് അറിയിച്ചു.
"ബംഗ്ലാദേശിന് വളരെ മികച്ച താരങ്ങളുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഒരേ ഫിലോസഫി പിന്തുടരുന്ന പരിശീലകനാണ് (ഹാവിയർ കാബറേറ) അവരുടേത്. കഴിഞ്ഞ നവംബറിൽ മാലദ്വീപിനെതിരെ കളിച്ച ടീമിൽ നിന്നും, കാര്യമായ വ്യത്യാസങ്ങളൊന്നും അവർക്കില്ല. തുടർച്ച എന്ന ഘടകം വളരെ പ്രധാനപ്പെടുത്തതാണ്."
"പ്രീമിയർ ലീഗിൽ കളിച്ചിടുന്ന മികച്ച ഒരു കളിക്കാരനാണ് ഹംസ. ഇത്തരത്തിലുള്ള താരങ്ങൾ ദേശീയ ടീമിൽ കളിക്കുന്നത് ബംഗ്ലാദേശിന് മാത്രമല്ല, ഏഷ്യൻ ഫുട്ബോളിന് തന്നെ നല്ലതാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തോടൊപ്പം കളിക്കുന്നത്, സഹതാരങ്ങൾക്ക് പ്രചോദനം നൽകുമെന്ന് എനിക്ക് തോന്നുന്നു."
"എതിരാളിയുടെ ഏറ്റവും മികച്ച പതിപ്പാണ് ഞങ്ങളെന്നും പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ എതിരാളികൾ ആരായിരുന്നാലും - മാലദ്വീപ്, ബംഗ്ലാദേശ്, ഹോങ്കോങ്, സിംഗപ്പൂർ - എല്ലാ മത്സരത്തോടുമുള്ള ഞങ്ങളുടെ സമീപനം ഒരേപോലെയാണ്. അവരെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ കാര്യങ്ങൾ നിങ്ങൾ അറിയേണ്ടതുണ്ട്. പക്ഷെ, ഞങ്ങളുടെ കളിശൈലി ഞങ്ങൾക്കൊരിക്കലും മാറ്റാൻ സാധിക്കില്ല. നല്ല കളി കളിച്ചാൽ നാളെ (ചൊവ്വാഴ്ച) നമ്മൾ വിജയിക്കുമെന്ന് ഞങ്ങൾക്കറിയാം," മാർക്വേസ് പറഞ്ഞു.