ഇവാൻ വുകൊമാനോവിക്: ആരെയും തോൽപ്പിക്കാനുള്ള കഴിവ് ഞങ്ങൾക്കുണ്ടെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു

ബുധനാഴ്ച നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പതിനൊന്നാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡിഷ എഫ്‌സിയെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ചരങ്ങേറുന്ന മത്സരം ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ അമ്പത്തിയെട്ടാം മത്സരമാണ്. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് പതിമൂന്ന് പോയിന്റുമായി ഒഡിഷ എഫ്‌സി എട്ടാം സ്ഥാനത്തും പത്ത് മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ മൂന്നു സീസണുകളിൽ ഇതാദ്യമായാണ് ലീഗ് ആദ്യ പകുതിയിലെത്തി നിൽക്കുമ്പോഴും കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച ഒന്നാം സ്ഥാനം സമ്മാനിച്ച വിജയം ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. തുടർച്ചയായി ഒൻപതാം മത്സരമാണ് തോൽവിയറിയാതെ ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത്.

മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിക് ഡിഫൻഡർ നിഷു കുമാറിനൊപ്പം പങ്കെടുത്തു. പത്രസമ്മേളനത്തിൽ പ്രധാന ഭാഗങ്ങൾ വായിക്കാം.

വുകോമാനോവിച്ചിന്റെ പത്രസമ്മേളനത്തിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ;

കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത്, ആദ്യ തോൽവിക്ക് ശേഷം എന്ത് മാറ്റമാണ് ക്ലബ്ബിനു സംഭവിച്ചത്?

"തുടക്കം മുതൽ ആരെയും തോൽപ്പിക്കാനുള്ള കഴിവ് ഞങ്ങൾക്കുണ്ടെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഞങ്ങളുടെ ടീമിന് മാത്രമല്ല, ഈ ലീഗിലെ മറ്റെല്ലാ ക്ലബ്ബുകൾക്കും ആ കഴിവുണ്ട്. എളുപ്പമുള്ള ഗെയിമുകൾ എന്ന് വിളിക്കപ്പെട്ട മത്സരങ്ങളിൽ പലതവണ മുൻനിര ടീമുകൾക്ക് വിജയിക്കാനായില്ല എന്നത് നമ്മൾ കണ്ടു. ചില ദിവസങ്ങളിൽ റാങ്കിങ്ങിൽ താഴെ നിൽക്കുന്ന ടീമുകൾ മുൻപിൽ നിൽക്കുന്ന ടീമുകളെ തോൽപ്പിക്കുന്നതും കണ്ടു. എടികെ മോഹൻ ബഗാനെതിരായ ആദ്യ തോൽവിക്ക് ശേഷവും കളിയിൽ തിരിച്ചെത്താനുള്ള കരുത്ത് ഞങ്ങൾക്കുണ്ടായിരുന്നു. നല്ല കളിക്കാരും ശൈലിയും കഴിവും ഉപയോഗിച്ച് മൊമെൻറേം വർധിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു."

ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തിൽ പ്ലാനുകൾ എന്തൊക്കെയാണ്?

"പരസ്പരം ഒരു തവണ പരസ്പരം ഏറ്റുമുട്ടിയാൽ, മറ്റ് ടീമുകളെ മനസിലാക്കാനുള്ള അവസരം ലഭിച്ചു. അതിനാൽ ഇനി ആശ്ചര്യങ്ങളൊന്നും ബാക്കിയില്ല. ഇനിയുള്ളത് കളിയിലും ടീമിനോടും നല്ല ഓർഗനൈസ്ഡ് ആയിരിക്കുവാനുമുള്ള പ്രതിബദ്ധതയെക്കുറിച്ചാണ്. എതിരാളികളുടെ വീക്ക് പോയിന്റുകൾ ഉപയോഗിക്കുമ്പോൾ തന്നെ, നമുക്ക് കഴിവുകളും കരുത്തുള്ള വശങ്ങളും കാര്യക്ഷമമായി ഉപയോഗിക്കുവാനാകണം. പ്രീ-സീസണിലും ഞങ്ങൾ ഒഡീഷ എഫ്‌സിയെ നേരിട്ടിട്ടുണ്ട്. വ്യത്യസ്ത നിമിഷങ്ങളിൽ, വ്യത്യസ്തമായി പ്രതികരിക്കാൻ തയ്യാറായിരിക്കണം. എന്ത് സംഭവിക്കുമെന്ന് എനിക്കറിയാവുന്നതിനാൽ നാളെ പ്രത്യേകിച്ചൊന്നും വ്യത്യസ്തമായി ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇത് തീർച്ചയായും ഒരു രസകരമായ ഗെയിമായിരിക്കും, മികച്ച ടീം വിജയിക്കട്ടെ.”

ടീമിലെ പരിക്കുകളെക്കുറിച്ചും കോവിഡ്-19 വ്യാപനം വീണ്ടും കരുത്താർജ്ജിക്കുന്നതിനെക്കുറിച്ചും നിങ്ങളുടെ ആശങ്കകൾ എന്തൊക്കെയാണ്?

"ഓരോ മൂന്ന് ദിവസവും കളിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് സീസണുകൾക്കിടയിലുള്ള ഇടവേള വളരെ നീണ്ടതാണ്. ടീമുകൾ തമ്മിൽ പോരാടുമ്പോൾ നാശനഷ്ടങ്ങൾ ഉണ്ടാകും. പരിക്കിനെ നേരിടാൻ പാകത്തിന് വേണ്ടത്ര താരങ്ങൾ ടീമിലുണ്ട്. ആശങ്കയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാം. കളിക്കാർക്ക് സംഭവിക്കുന്ന ദീർഘകാല പരിക്കുകൾ അത്ര സുഖകരമല്ല. ഐ‌എസ്‌എല്ലിലേത് വളരെ ചെറിയ കാലയളവിലുള്ള മത്സരങ്ങളായതിനാൽ ഒരു താരത്തിന് വലിയ പരിക്ക് പറ്റിയാൽ അതിനർത്ഥം പ്രസ്തുത താരം മുഴുവൻ സീസണിൽ നിന്നും പുറത്താണ് എന്നാണ്. ഈ സാഹചര്യം കരിയർ തലത്തിക്ക് നീങ്ങുമ്പോൾ, മൂന്ന് വർഷത്തിനുള്ളിൽ വെറും മൂന്ന് മത്സരങ്ങൾ കളിക്കുമെന്ന് അർത്ഥമാകും. അത് ഫുട്ബോളിൽ തന്നെ നല്ലതല്ല."

"കോവിഡ് -19 വ്യത്യസ്ത ക്യാമ്പുകളിൽ വ്യാപിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ ഇപ്പോൾ ഏറ്റവും ആശങ്കാകുലരാണ്. പല ക്യാമ്പുകളിലും ഒന്നിലധികം കേസുകൾ ഉണ്ട്. ഓരോ 12 മണിക്കൂറിലും ഞങ്ങൾ പരിശോധനയ്ക്ക് വിധേയരാകുന്നു. പക്ഷെ ഭാഗ്യവശാൽ ഇപ്പോൾ അധികം കേസുകളൊന്നുമില്ല. എന്നാൽ ഇതിനെ ഞങ്ങൾ അഭിമുഖീകരിച്ചേ മതിയാകൂ."

നിഷു കുമാറിന്റെ പത്രസമ്മേളനത്തിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ:

താങ്കൾ പരിക്കുമായി പുറത്തായിരുന്നു, തിരിച്ചെത്തിയതിന് ശേഷമുള്ള ഫിറ്റ്നസ് നില എങ്ങനെയുണ്ട്?

“പരിക്ക് ഫുട്ബോളിന്റെ ഭാഗമാണ്. ഇപ്പോൾ ഞാൻ തിരിച്ചെത്തിയിരിക്കുന്നു, ഞാൻ ശരിക്കും സന്തോഷവാനാണ്. ഞാൻ പൂർണ്ണമായും ഫിറ്റാണ്.”

ക്യാപ്റ്റന് പരിക്കേറ്റതിനാൽ ആദ്യ ഇലവനിൽ പകരക്കാരനാകാൻ നിങ്ങൾക്ക് കഴിയും. ഇതേ കുറിച്ചുള്ള അഭിപ്രായമെന്താണ്?

“ജെസ്സൽ വളരെ മികച്ച ക്യാപ്റ്റനാണ്. ഞങ്ങൾ സീസണിന്റെ മധ്യത്തിലായതിനാൽ ചിലപ്പോൾ ഇത് എളുപ്പമാകില്ല. സഞ്ജീവ് സ്റ്റാലിൻ , ഞാൻ, ബിജോയ് തുടങ്ങിയ കളിക്കാർ ഞങ്ങളുടെ നിലവാരം കാണിക്കാനും ടീമിൽ ഇടം പിടിക്കാനായി പാകത്തിന് ടീമിന്റെ ആത്മവിശ്വാസം നേടാൻ പാകത്തിൽ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. എനിക്കും മറ്റുള്ള കളിക്കാർക്കും ഇതൊരു നല്ല വെല്ലുവിളിയാണ്, ആർക്ക് അവസരം ലഭിച്ചാലും അവർ ടീമിന് വേണ്ടി പരമാവധി ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

പരിക്കുകളിൽ അനുഭവപരിചയമുള്ള മുതിർന്ന കളിക്കാർക്ക് എങ്ങനെയാണു സഹായിക്കാൻ കഴിയുക?

"ഞാൻ അഞ്ച് വർഷമായി ഹർമൻജോത് ഖബ്രയ്‌ക്കൊപ്പം കളിക്കുന്നു. ഖബ്ര, ജെസ്സൽ, ഇരുവരും പരിചയസമ്പന്നരായ കളിക്കാരാണ്. ഞങ്ങൾ ചെറുപ്പമാണ്, അവരിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് പഠിക്കേണ്ടതുണ്ട്. ഖബ്രക്ക് വളരെ ശക്തമായ ഒരു മാനസികാവസ്ഥയുണ്ട്. മാനസിക ശക്തി ഉണ്ടായിരിക്കണമെന്ന് അദ്ദേഹം എപ്പോഴും ഞങ്ങളോട് പറയുന്നു.  അവരോടൊപ്പം കളിക്കുന്നത് നല്ല അനുഭവമാണ്. ഭാവിയിൽ ഇത് ഞങ്ങളെ വളരെയധികം സഹായിക്കും. ചിലപ്പോൾ നമുക്ക് അലസരാകാനുള്ള പ്രവണതയുണ്ടാകാം, പക്ഷേ എപ്പോഴും പ്രചോദിപ്പിക്കാൻ അവരവിടെയുണ്ട്.

Your Comments

Your Comments