മഞ്ഞക്കുപ്പായത്തിലെ പോരാളികൾ: കേരള ബ്ലാസ്റ്റേഴ്സിന്റെ 'ലോയൽ' താരങ്ങളിവർ!
മറ്റൊരു ഐഎസ്എൽ ടീമിനെയും പ്രതിനിധീകരിക്കാതെ, ഓരോ സീസണിലും മഞ്ഞക്കുപ്പായം മാത്രമണിഞ്ഞ താരങ്ങളെ അറിയാം.

കളിക്കാരുടെ കൂടുമാറ്റം വളരെ സാധാരണമായ ആധുനിക ഫുട്ബോൾ ലോകത്ത്, ഒരു ക്ലബ്ബിൽ ദീർഘകാലം തുടരാനും സ്ഥിരതയോടെ കളിക്കാനും സാധിക്കുക എന്നത് അപൂർവമാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ചലനാത്മകമായ ലോകത്ത്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വേറിട്ടുനിൽക്കുന്നത് ആരാധകരുടെ വൻ പിന്തുണകൊണ്ട് മാത്രമല്ല, വർഷങ്ങളായി ക്ലബ്ബിനോട് മാത്രം വിശ്വസ്തത പുലർത്തുന്ന ഒരു കൂട്ടം കളിക്കാരെക്കൊണ്ട് കൂടിയാണ്.
രണ്ട് സീസണുകളിലധികം കേരള ബ്ലാസ്റ്റേഴ്സിനായി മാത്രം ഐഎസ്എലിൽ കളിച്ച താരങ്ങളെ പരിചയപ്പെടാം. മറ്റൊരു ഐഎസ്എൽ ടീമിനെയും പ്രതിനിധീകരിക്കാതെ, ഓരോ സീസണിലും മഞ്ഞക്കുപ്പായം മാത്രം അണിയാൻ തീരുമാനിച്ചവരാണ് ഇവർ.
സന്ദീപ് സിങ്
(അഞ്ച് സീസണുകൾ - 72 മത്സരങ്ങൾ)

ഈ പട്ടികയുടെ ഏറ്റവും മുന്നിൽ തലയുയർത്തി നിൽക്കുന്നത് കഴിഞ്ഞ അഞ്ച് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനോട് അചഞ്ചലമായ കൂറ് പുലർത്തിയ പ്രതിരോധ താരം സന്ദീപ് സിങ്ങാണ്. 2020-ൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന ഈ മണിപ്പൂരി ഡിഫൻഡർ, പടിപടിയായി വളർന്ന് ക്ലബ്ബിന്റെ ഏറ്റവും വിശ്വസ്തനായ കളിക്കാരിലൊരാളായി മാറി.
2020 ഡിസംബർ 13-ന് ബെംഗളൂരു എഫ്സിക്കെതിരെയാണ് സന്ദീപ് ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചത്. പകരക്കാരനായി കളത്തിലിറങ്ങിയ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 4-2ന് പരാജയപ്പെട്ടു. എന്നാൽ, അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവ് 2021 ജനുവരി 23-ന് എഫ്സി ഗോവയ്ക്കെതിരായ മത്സരമായിരുന്നു. റൈറ്റ് ബാക്കായി കളത്തിലിറങ്ങിയ അദ്ദേഹം, ആ കളിയിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
തുടക്കത്തിൽ ഒരു പകരക്കാരന്റെ കുപ്പായത്തിലായിരുന്നെങ്കിലും പിന്നീട് മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് കീഴിൽ പ്രതിരോധത്തിലെ സ്ഥിരം സാന്നിധ്യമായി. റൈറ്റ് ബാക്കായും സെന്റർ ബാക്കായും ഒരുപോലെ തിളങ്ങാനുള്ള കഴിവ് ഏറെ പ്രശംസ നേടിക്കൊടുത്തു. വിവിധ പരിശീലകരുടെ കീഴിൽ അഞ്ച് സീസണുകളിലുടനീളം 72 മത്സരങ്ങളിലായി തന്റെ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെയും വിവിധ പ്രതിരോധ റോളുകളിൽ കളിക്കാനുള്ള കഴിവിലൂടെയും സന്ദീപ് ഓരോ പരിശീലകന്റെയും വിശ്വസ്തനായി.
അഡ്രിയാൻ ലൂണ
(നാല് സീസണുകൾ - 75 മത്സരങ്ങൾ)

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട വിദേശ താരം ആരെന്ന ചോദ്യത്തിന് ഏതൊരു മലയാളി കാൽപന്ത് ആരാധകനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഒരേയൊരു ഉത്തരമാണ് യുറഗ്വായി മാന്ത്രികൻ അഡ്രിയാൻ ലൂണ. 2021-ൽ ടീമിലെത്തിയതുമുതൽ, ഗോളുകളിലും അസിസ്റ്റുകളിലും മുന്നിട്ടുനിൽക്കുക മാത്രമല്ല നേതൃപാടവത്തിലൂടെയും ആരാധകരുമായുള്ള ആഴത്തിലുള്ള ബന്ധത്തിലൂടെയും വളരെപ്പെട്ടെന്ന് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട വിദേശ താരമായി ലൂണമാറി.
2022 ഏപ്രിലിൽ അന്തരിച്ച തന്റെ മകൾ ജൂലിയറ്റയ്ക്ക് 2022 ജൂലൈയിൽ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെ ഗോൾ സമർപ്പിച്ചുകൊണ്ട് ആകാശത്തേക്ക് വിരൽചൂണ്ടി ലൂണ കണ്ണീരണിഞ്ഞ നിമിഷം, കളിക്കാരനും ക്ലബ്ബും ആരാധകരും തമ്മിലുള്ള ആഴത്തിലുള്ള വൈകാരിക ബന്ധത്തിന്റെ നേർചിത്രമായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന വിദേശ താരമായി മാറിയ ലൂണ 2023-24 സീസണിന് മുന്നോടിയായി ക്ലബ്ബിന്റെ സ്ഥിരം നായകനായി തിരഞ്ഞെടുക്കപ്പെട്ടു.
ഹോർമിപാം റൂയിവ
(നാല് സീസണുകൾ - 65 മത്സരങ്ങൾ)

യുവതാരങ്ങളിൽ നിക്ഷേപിക്കുകയും അവരെ വികസിപ്പിക്കുകയും ചെയ്യുന്നത് ഭാവിയിൽ ഫലം നൽകുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഹോർമിപാം റൂയിവ. 2021-ൽ ക്ലബ്ബിലെത്തിയ ഈ മണിപ്പൂരി ഡിഫൻഡറുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇരുപത്തിനാല് വയസ്സ് മാത്രം പ്രായമുള്ള ഹോർമിപാം, ഇതിനകം നാല് സീസണുകളിലായി 65 മത്സരങ്ങളിൽ ടീമിനായി ബൂട്ടണിഞ്ഞു.
കളത്തിൽ പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന താരം, മാർക്കോ ലെസ്കോവിച്ചിനൊപ്പം രൂപീകരിച്ച പ്രതിരോധ കൂട്ടുകെട്ട്, 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ആ സീസണിലെ സെമിഫൈനലിൽ ജംഷഡ്പൂരിനെതിരായ പ്രകടനത്തിന് മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ഹോർമിപാം, 2022 മാർച്ചിലെ മികച്ച താരത്തിനും യുവതാരത്തിനുമുള്ള അവാർഡുകൾ നേടി.
മാർക്കോ ലെസ്കോവിച്ച്
(മൂന്ന് സീസണുകൾ - 48 മത്സരങ്ങൾ)

യൂറോപ്യൻ ഫുട്ബോളിലെ അനുഭവസമ്പത്തുമായി 2021 സെപ്റ്റംബറിൽ ബ്ലാസ്റ്റേഴ്സിലെത്തിയ മാർക്കോ ലെസ്കോവിച്ച്, ടീമിന്റെ പ്രതിരോധത്തിന് വലിയ കരുത്ത് പകർന്നു. ഹോർമിപാമിനൊപ്പം രൂപപ്പെടുത്തിയ കൂട്ടുകെട്ട് ലീഗിലെ തന്നെ ഏറ്റവും മികച്ച സെന്റർ ബാക്ക് ജോടികളിലൊന്നായി അവരെ മാറ്റി. അരങ്ങേറ്റ സീസണിൽ 21 മത്സരങ്ങൾ കളിച്ച അദ്ദേഹം, ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മൂന്ന് സീസണുകളിലായി 48 മത്സരങ്ങളിൽ ഇറങ്ങിയ താരം ടീമിന് 12 ക്ലീൻ ഷീറ്റുകൾ നേടിക്കൊടുത്തു.
2022 നവംബർ 11-ന് ചിരവൈരികളായ ബെംഗളൂരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിനായി അദ്ദേഹം തന്റെ ആദ്യ ഗോൾ നേടി. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 3-2ന് വിജയിച്ചു. പിന്നീട് 2023-24 സീസണിൽ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ലെസ്കോവിച്ചിന്റെ പ്രൊഫഷണലിസം അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കി.
വിബിൻ മോഹനൻ
(മൂന്ന് സീസണുകൾ - 43 മത്സരങ്ങൾ)

കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീമുകളിലൂടെ പടിപടിയായി ഉയർന്നു വന്ന താരമാണ് തൃശ്ശൂർ സ്വദേശിയായ വിബിൻ മോഹനൻ. 2020-ൽ ക്ലബ്ബിന്റെ യൂത്ത് ടീമിൽ ചേർന്ന താരം 2022-ൽ സീനിയർ ടീമിൽ ഇടം നേടി. അതിനുശേഷം, ഈമധ്യനിര താരം ഐഎസ്എൽ, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിലെല്ലാം തന്റെ കഴിവ് പ്രകടിപ്പിച്ച് അതിവേഗത്തിൽ വളർന്നു. മൂന്ന് സീസണുകളിലായി 43 മത്സരങ്ങളിൽ താരം ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞു.
സാങ്കേതികത്തികവുള്ള, കൂർമയേറിയ പാസുകൾ നൽകാൻ ശേഷിയുള്ള വിബിന്റെ മധ്യനിരയിലെ സാന്നിധ്യം അതിവേഗം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രധാനമായും ഒരു ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡറാണെങ്കിലും, വിവിധ റോളുകളിൽ കളിക്കാൻ വിബിന് സാധിക്കും. ഡിഫൻസീവ് മിഡ്ഫീൽഡറായി താഴേക്ക് ഇറങ്ങിക്കളിക്കാനും, സിംഗിൾ പിവറ്റ്, ഡബിൾ പിവറ്റ് ശൈലികളിൽ ഒരുപോലെ തിളങ്ങാനും കഴിയുന്ന താരത്തെ ഭാവിയിലേക്കുള്ള മുതൽക്കൂട്ടായി കണക്കാക്കുന്നു.
ഇഷ്ഫാഖ് അഹമ്മദ്
(മൂന്ന് സീസണുകൾ - 25 മത്സരങ്ങൾ)

കളിക്കാരനായും പരിശീലകനായും കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ വ്യക്തിയാണ് ഇഷ്ഫാഖ് അഹമ്മദ്. 2014-ലെ പ്രഥമ ഐഎസ്എൽ ഡ്രാഫ്റ്റിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മൂന്ന് സീസണുകളിൽ വിവിധ റോളുകളിൽ അദ്ദേഹം ക്ലബ്ബിൽ തിളങ്ങി. 2014-ലെ ഐഎസ്എൽ പ്ലേഓഫിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കൊമ്പന്മാരുടെ ആദ്യ ഗോൾ നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു പ്രധാന നേട്ടമായിരുന്നു. ഐഎസ്എല്ലിൽ അദ്ദേഹത്തിന്റെ ഏക ഗോളായിരുന്നു അത്. മൂന്ന് സീസണുകളിലായി 25 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.
2015-ൽ കളിക്കാരനും സഹപരിശീലകനുമായി (player-assistant coach) അദ്ദേഹം ഇരട്ട റോളിൽ പ്രവർത്തിച്ചു. പിന്നീട് സ്റ്റീവ് കോപ്പലിനൊപ്പം ജംഷഡ്പൂർ എഫ്സിയിൽ സഹപരിശീലകനായി പ്രവർത്തിച്ച ശേഷം, 2019-ൽ എൽക്കോ ഷട്ടോരിക്ക് കീഴിൽ വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകനായി തിരിച്ചെത്തി. കിബു വികൂന, ഇവാൻ വുകോമനോവിച്ച് എന്നീ പരിശീലകർക്ക് കീഴിൽ അദ്ദേഹം ക്ലബ്ബിന്റെ പരിശീലക സംഘത്തിലെ അവിഭാജ്യ ഘടകമായിരുന്നു.
സന്ദീപ് നന്ദി
(മൂന്ന് സീസണുകൾ - 18 മത്സരങ്ങൾ)

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ സന്ദീപ് നന്ദി, മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാത്തിട്ടുണ്ട്. 2014-ലെ അരങ്ങേറ്റ സീസണിൽ ക്ലബ്ബിലെത്തിയ താരം 2016 വരെ ക്ലബ്ബിൽ തുടർന്നു. 2014 സീസണിൽ കളിച്ച ആറ് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ അദ്ദേഹം ക്ലീൻ ഷീറ്റ് നേടി. ആ സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്നതിൽ ഈ ക്ലീൻ ഷീറ്റുകൾ ക്ലബിന് നിർണായകമായി. 2015 സീസണിലാകട്ടെ 2 മത്സരങ്ങളിൽ മാത്രമേ അദ്ദേഹത്തിന് കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നുള്ളൂ.
ക്ലബ്ബിനൊപ്പമുണ്ടായിരുന്ന അവസാനത്തെ (2016) സീസണിൽ 10 മത്സരങ്ങളിൽ ഗ്ലോവ്സ് അണിഞ്ഞ താരം നാല് ക്ലീൻഷീറ്റുകൾ കണ്ടെത്തി ആ വർഷവും ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലേക്കും തുടർന്ന് ഫൈനലിലേക്കും നയിച്ചു. ക്ലബ്ബിന്റെ ആദ്യ വർഷങ്ങളിൽ ടീമിൽ നിർണായക സാന്നിധ്യമായ അദ്ദേഹം, തന്റെ അനുഭവസമ്പത്ത് കൊണ്ട് വരും തലമുറക്ക് വഴികാട്ടിയായി.
പുൾഗ
(മൂന്ന് സീസണുകൾ - 16 മത്സരങ്ങൾ)

2014 ഓഗസ്റ്റിൽ, ഐഎസ്എല്ലിന്റെ പ്രഥമ സീസണിലെ ഡ്രാഫ്റ്റിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക്വിക്ടർ ഹെരേരോ ഫോർകാഡ എന്ന പുൾഗഎത്തുന്നത്. 2014 ഒക്ടോബർ 21-ന് ചെന്നൈയിൻ എഫ്സിക്കെതിരായ എവേ മത്സരത്തിലാണ് അദ്ദേഹം ആദ്യമായി കളത്തിലിറങ്ങിയത്. ആ സീസണിൽ ആകെ ആറ് മത്സരങ്ങളിൽ അദ്ദേഹം കളിച്ചു. ലീഗിന്റെ രണ്ടാം വർഷത്തിലും പുൾഗ കൊച്ചിയിൽ തുടർന്നു. ടീം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ആ സീസണിൽ അദ്ദേഹം ഒമ്പത് മത്സരങ്ങളിൽ കളത്തിലിറങ്ങി. 2015 നവംബർ 29-ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എഫ്സി ഗോവയ്ക്കെതിരെ നടന്ന മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ അദ്ദേഹം ക്ലബ്ബിനായുള്ള തന്റെ ഏക ഗോൾ നേടി. എന്നാൽ, ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 1-5ന്റെ തോൽവി ഏറ്റുവാങ്ങി.
ആദ്യ രണ്ട് സീസണുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വിട്ട താരം, 2017-18 സീസണിലാണ് ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. ആ സീസണിൽ പ്രമുഖ താരങ്ങൾക്കേറ്റ പരിക്കാണ് പുൾഗയ്ക്ക് തിരിച്ചുവരവിന് അവസരം നൽകിയത്. എന്നാൽ ആ സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് അദ്ദേഹത്തിന് കളത്തിൽ ഇറങ്ങാൻ സാധിച്ചത്.