ഫറ്റോർഡയിലെ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്സിനെ തകർത്ത് എഫ്‌സി ഗോവ വിജയം നേടി. ഗോവൻ താരം റൗളിൻ ബോർഗെസാണ് ടീമിനായി വിജയ ഗോൾ നേടിയത്.

മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് പങ്കെടുത്തു.

"ഈ മത്സരം കഠിനമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇതിന് മുൻപും അതങ്ങനെ തന്നെയായിരുന്നു. അനുഭവസമ്പത്തുള്ള കളിക്കാരുള്ള അനുഭവസമ്പത്തുള്ള ടീമാണ് ഗോവ. മറുവശത്ത് ലീഗിലെ ഏറ്റവും യുവടീമാണ് ഞങ്ങൾ. ഇത്തരത്തിലുള്ള മത്സരങ്ങൾ കളിക്കുന്നതിൽ ഞങ്ങൾക്ക് കുറച്ച് അനുഭവസമ്പത്ത് കുറവുണ്ട്. ഇത്തരം മത്സരങ്ങളിൽ അവസരങ്ങൾ ലഭിക്കുമ്പോൾ ഗോൾ നേടേണ്ടത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള മത്സരങ്ങളിൽ നിങ്ങൾക്ക് പത്തവസരങ്ങൾ ലഭിക്കില്ല."

"വ്യത്യസ്തമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ട കഠിനമായൊരു മത്സരമാകുമിതെന്ന് ഞങ്ങൾക്കറിയാമായിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിച്ചു. ഞങ്ങൾക്ക് ചില മനോഹരമായ നിമിഷങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ആദ്യ പകുതിയിൽ വേണ്ട ശ്രദ്ധ നല്കാൻ ടീമിന് കഴിയാത്തതിലും സെറ്റ് പീസ് ഗോൾ വഴങ്ങിയതിലും ഞാൻ നിരാശനാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കും.”

“എന്തൊക്കെയാണെങ്കിലും ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങൾ എങ്ങനെ ലീഗ് ആരംഭിച്ചുവെന്നും പല കാര്യങ്ങളിലും ഞങ്ങൾ എങ്ങനെ മാറ്റങ്ങൾ വരുത്തി മുന്നേറിയെന്നതിലും ഞാൻ സന്തോഷിക്കുന്നു. ഈ സീസണിൽ ധാരാളം പുതുമുഖങ്ങൾക്കൊപ്പം ഞങ്ങൾ ഇറങ്ങിയത്. കൂടാതെ ഇത് എട്ടു ദിവസത്തിനുള്ളിലെ ഞങ്ങളുടെ മൂന്നാം മത്സരമായിരുന്നു."

"സച്ചിനൊരു യുവ ഗോൾ കീപ്പറാണ്. അദ്ദേഹം ഞങ്ങൾക്കൊപ്പം ആരംഭിച്ചത് രണ്ടര വർഷം മുൻപാണ്. അദ്ദേഹത്തെ അയ്മനും അഹ്സറിനും വിബിനുമെല്ലാമൊപ്പമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. രണ്ടരവർഷം മുൻപ് സച്ചിനുൾപ്പെടെയുള്ളവർ ചെറിയ കുട്ടികളായിരുന്നു. ഓരോ വർഷവും പുരോഗമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ കുട്ടികൾ ISLന്റെ നിലവാരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ട്." ഇവാൻ പറഞ്ഞു.

മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയിൽ ബോൾ പൊസഷനിലും പാസിംഗ് ആക്യൂറസിയിലും കേരളാ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഒരു പടി മുന്നിട്ട് നിന്നത്. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കാനിരിക്കെ ഇഞ്ചുറി ടൈമിലാണ് ആദ്യ ഗോൾ പിറന്നത്. ഒരു ഫ്രീകിക്കിനെ തുടർന്ന് വിക്ടർ റോഡ്രിഗസിന്റെ അസിസ്റ്റിൽ റൗളിൻ ബോർഗെസിന്റെ വലംകാൽ ഷോട്ട് വല തുളക്കുകയായിരുന്നു. ആദ്യ പകുതി ഗോവയുടെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. ആറു മിനിറ്റ് ഇഞ്ചുറി ടൈമിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ വിജയം സ്വന്തമാക്കി. എഫ്‌സി ഗോവയുടെ തുടർച്ചയായ നാലാം വിജയമാണിത്. ഈ മത്സരമുൾപ്പെടെ സീസണിൽ പരാജയമറിയാതെയാണ് ഗോവ മുന്നേറുന്നത്. മത്സരത്തിൽ മിക്ക്യാഹ പ്രകടനം കാഴ്ചവച്ച സന്ദേശ് ജിങ്കൻ മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കി.

മത്സരവിജയം നേടി മൂന്നു പോയിന്റുകൾ സ്വന്തമാക്കിയ എഫ്‌സി ഗോവ ഏഴു മത്സരങ്ങളിൽ നിന്നായി പത്തൊൻപത് പോയിന്റുകൾ നേടി ഇന്ത്യൻ സൂപ്പർ ലീഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. തോൽവിയോടുകൂടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു സ്ഥാനം പിന്തള്ളപ്പെട്ട് ഗോവക്കു താഴെ രണ്ടാം സ്ഥാനത്താണ്. ഡിസംബർ പതിനാലിന് ഡൽഹി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയെ നേരിടും.