ഏപ്രിൽ 12ന് വൈകുന്നേരം 7:30 ന് ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പത്താം സീസൺ അവസാന ലീഗ് ഘട്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഹൈദരാബാദിനെതിരെ വിജയിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിൽ മുഹമ്മദ് ഐമനും ഡൈസുകെ സക്കായിയും നിഹാൽ സുധീഷും കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയപ്പോൾ ജാവോ വിക്ടർ ഹൈദരാബാദിനായി ആശ്വാസഗോൾ നേടി.

മത്സരവിജയത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ ലീഗ് ഘട്ടം അവസാനിപ്പിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഇരുപത്തിരണ്ടു മത്സരങ്ങളിൽ നിന്ന് മുപ്പതിമ്മൂന്ന് പോയിന്റുകളുമായി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തോടെ പ്ലേ ഓഫിലേക്ക് പ്രവേശിച്ചു. ഇത് തുടർച്ചയായ മൂന്നാം തവണയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് പ്രവേശിക്കുന്നത്.

മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് പങ്കെടുത്തു.

"ഈ സീസണിൽ ഞങ്ങൾക്കേറ്റവും കഠിനമായ മത്സരങ്ങളിൽ ഒന്നായിരുന്നുവിത്. ഇരു ടീമുകൾക്കും റിസൾട്ടിന് ഒരു പ്രാധാന്യവുമില്ലാത്ത മത്സരം. ഇരു ടീമുകളും കടന്നുപോയ, ഇപ്പോൾ ആയിരിക്കുന്ന സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇത്തരം മത്സരങ്ങൾ രണ്ടു ടീമുകൾക്കും കഠിനമാണ്. ഹൈദരാബാദ് എഫ്‌സിയിൽ യുവതാരങ്ങൾ, അവർ കടന്നുപോകുന്ന സാഹചര്യവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോൾ തീർച്ചയായും മെഡൽ അർഹിക്കുന്നു. ഏറ്റവും കഠിനമായ അവസ്ഥയിലും എല്ലാ ഊർജ്ജത്തോടെയും ഓരോ മത്സരത്തിലും ടീമിനായി ശക്തമായി നിലകൊണ്ടതിൽ അവർ പ്രശംസ അർഹിക്കുന്നു." അദ്ദേഹം പറഞ്ഞു.

"മൂന്നു പോയിന്റുകൾ നേടാനായതിൽ സന്തോഷമമുണ്ട്. ഞങ്ങളുടെ ടീമിലെ ഓരോ താരങ്ങളും പ്രശംസക്കർഹരാണ്‌. പല താരങ്ങളും അവർക്ക് പരിചിതമില്ലാത്ത, ശീലമില്ലാത്ത പൊസിഷനുകളിലാണ് ഇന്നിറങ്ങിയത്. കാരണം ചില കാർഡുകൾ വഴങ്ങിയതിനെത്തുടർന്ന് ഞങ്ങൾ പ്രശ്നങ്ങൾ അഭിമുഖീകരിക്കുണ്ട്. ഞങ്ങൾക്കിന്ന് റിസ്ക് എടുക്കാൻ കഴിയുമായിരുന്നില്ല." ഇവാൻ വ്യക്തമാക്കി.

"ഇനി മടങ്ങണം. റിക്കവർ ചെയ്യണം. ഈ അവസാന നിമിഷം ഒപ്പമില്ലാതിരുന്ന കളിക്കാരുടെ റിക്കവറി നടത്തണം. അടുത്ത മത്സരത്തിൽ ആരെയാണോ എതിർക്കുന്നത്, അതിനനുസരിച്ച് മൂന്നോ നാലോ പരിശീലന സെക്ഷനുകളിൽ തയ്യാറെടുക്കണം. അതെളുപ്പമാകാൻ ഇടയില്ല.പ്ലേ ഓഫിൽ വ്യത്യസ്ത മാനസികാവസ്ഥയും സമീപനവുമായി ഇറങ്ങണം. അത് നോക് ഔട്ട് ഘട്ടമാണ്. നിലവിൽ ലഭ്യമായതിന്റെ പരമാവധി ഉപയോഗിച്ച് പൂർണ ശക്തിയോടെ പരിശ്രമിച്ച് ഏറ്റവും നല്ലത് പുറത്തെടുക്കണം."

"പ്ലേ ഓഫ് കടന്ന് സെമി ഫൈനലിലേക്ക് പ്രവേശിക്കാനായാൽ കേരളത്തിലെ ഓരോരുത്തർക്കും അത് സന്തോഷമാണ്. ആ സെമിഫൈനൽ വികാരം ഫാൻസിനായി നല്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജനുവരി മുതൽ ഞങ്ങളനുഭവിക്കുന്ന കഠിനമായ സാഹചര്യങ്ങൾ, സീസണിൽ ഉടനീളം പരിക്കേറ്റ താരങ്ങൾ, സീസൺ പൂർണമായും നഷ്‌ടമായ താരങ്ങൾ, സമാനമായ ഒരു നിരയുമായി ഞങ്ങൾക്ക് രണ്ടു തവണ കളിയ്ക്കാൻ സാധിച്ചിട്ടില്ല. എല്ലായിപ്പോഴും ആരെങ്കിലും ഞങ്ങൾക്ക് നഷ്ടമായി. സസ്‌പെൻഷൻ, പരിക്കുകൾ... ഞങ്ങൾക്ക് സാധ്യമായതിൽ ഏറ്റവും മികച്ച രീതിയിൽ ആരാധകർക്കായി പരമാവധി നല്കാൻ ഞങ്ങൾ ശ്രമിക്കും." അദ്ദേഹം പറഞ്ഞു.

ഐഎസ്എൽ പ്ലേ ഓഫ് മത്സരങ്ങൾ ഏപ്രിൽ പത്തൊമ്പതിന് ആരംഭിക്കും. മേയ് നാലിനു നടക്കുന്ന ഫൈനൽ മത്സരത്തിന്റെ വേദി പിന്നീടു പ്രഖ്യാപിക്കും. ലീഗിലെ ആദ്യ 2 സ്ഥാനക്കാർ നേരിട്ടു സെമിയിലെത്തും. മൂന്ന് മുതൽ ആറ് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ മറ്റ് രണ്ട് സെമി ഫൈനലിസ്റ്റുകളെ നിർണ്ണയിക്കാൻ നോക്കൗട്ട് ഫോർമാറ്റിൽ സിംഗിൾ-ലെഗ് പ്ലേ ഓഫ് കളിക്കും