ആദ്യ ഏഴു സീസണുകളിൽ പത്ത് പരിശീലകരെ കൊണ്ടുവന്ന ഒരേയൊരു ഇന്ത്യൻ സൂപ്പർ ലീഗ് ടീമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. തന്റെ ആദ്യ സീസണിൽത്തന്നെ ടീമിനെ ഫൈനലിലെത്തിക്കാനും ഒൻപതാം സീസണിൽ ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കാൻ കഴിഞ്ഞതുമാകാം തുടർച്ചയായി മൂന്നു സീസണുകളിൽ ഇവാൻ വുകോമനോവിച്ച് ടീമിന്റെ പരിശീലകനായി നിലനിന്നതിന്റെ പ്രധാന കാരണം. ഇന്ത്യൻ സൂപ്പർ ലീഗിലും കേരളാ ബ്ലാസ്റ്റേഴ്സിലും ഏറ്റവും ആരാധിക്കപ്പെട്ട, ആഘോഷിക്കപ്പെട്ട പരിശീലകനാണ് ഇവാൻ എന്നതിൽ സംശയമില്ല. ബയോ ബബ്ബിളിൽ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള തന്റെ സീസൺ ആരംഭിച്ച ഇവാൻ പ്രതീക്ഷകളൊന്നുമില്ലാതെ ഒരു സീസണിനെ സമീപിച്ച ആരാധകർക്ക് ഓർമ്മിക്കാനേറെ ബാക്കിവച്ചാണ് ഇവാൻ സീസൺ അവസാനിപ്പിച്ചത്.

എട്ടാം സീസണിൽ ഗോവയിൽ ഹൈദരാബാദിനെതിരെ പെനാലിറ്റി ഷൂട്ടൗട്ടിൽ കിരീടം നഷ്ടമായിട്ടും ഒരു നേതാവിനെ കിട്ടിയ സന്തോഷമായിരുന്നു ആരാധകർക്ക്. സമൂഹ മാധ്യമങ്ങളിലെമ്പാടും ഇവാൻ നിറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസൺ ഓപ്പൺ സ്റ്റേഡിയത്തിൽ നടത്തപ്പെടും എന്ന ഔദ്യോഗീക സ്ഥിരീകരണത്തിനു ശേഷം മഞ്ഞപ്പട കാത്തിരുന്നത് ഇവാൻ കൊച്ചി സ്റ്റേഡിയത്തിൽ ഇറങ്ങുന്ന ദിവസത്തിനു വേണ്ടിയാണ്.  അന്നുമുതൽ ഇന്നീ നിമിഷം വരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പര്യായമായി മാറി ഇവാൻ. ഇവാന്റെ രീതികളെയും ശൈലികളെയും ആരാധകർ ഇവാനിസമെന്ന് വാഴ്ത്തി. നിരാശാജനകമായ സീസണുകൾക്കൊടുവിൽ തുടർച്ചയായ മൂന്നു സീസണുകളിലാണ് ഇവാൻ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിലേക്കെത്തിച്ചത്. 

ഇവാന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ നേട്ടങ്ങൾ ധാരാളമാണ്. കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ച പരിശീലകൻ, ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ പരിശീലകൻ, ഒരു പരിശീലകന്റെ ഏറ്റവും ഉയർന്ന വിജയശതമാനം, ഓരോ കളിയിലും ശരാശരി ഏറ്റവും ഉയർന്ന പോയിന്റ് നേട്ടം, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ പരിശീലകൻ, തുടർച്ചയായി മൂന്ന് തവണ പ്ലേ ഓഫ് യോഗ്യതാ നേട്ടത്തിലേക്ക് നയിച്ച പരിശീലകൻ, ലീഗ് ഘട്ടത്തിൽ (MW1 ഒഴികെ) ടീമിനെ റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ച പരിശീലകൻ, സീസണിൽ പോസിറ്റീവ് ഗോൾ വ്യത്യാസം നിലനിർത്തിയ ഏക കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പരിശീലകൻ, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾ!

വളരെ അപ്രതീക്ഷിതമായാണ് ഇവാൻ കേരളാ ബ്ലാസ്റ്റേഴ്‌സുമായി പിരിയുന്നുവെന്ന വാർത്ത പുറത്തുവന്നത്.  ആ വാർത്ത ആരാധകരിൽ പലർക്കും ഇതുവരെ അംഗീകരിക്കാനായിട്ടില്ല എന്നതാണ് സത്യം. ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമുമായി തങ്ങളുടെ പ്രതികരണങ്ങൾ ആരാധകരിൽ ചിലർ പങ്കുവച്ചു.

കഴിഞ്ഞ അഞ്ചു വർഷങ്ങളായി സ്റ്റേഡിയത്തിലോ, ടിവിയിലോ  കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു മത്സരം പോലും വിടാതെ കാണുന്ന ഇടപ്പള്ളി സ്വദേശിയായ മോസസ് സൈറസ് തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചു. "എന്റെ അഭിപ്രായങ്ങൾ ശരിയാണോ, പക്വമാണോ എന്നെനിക്കറിയില്ല. ഇവാൻ ടീം വിട്ടുപോകുന്നതിൽ എനിക്ക് സങ്കടമുണ്ട്. ഈ സീസണിലെ ഓരോ കളിയും കണ്ടയാളാണ് ഞാൻ. കൊച്ചിയിലെ കളികളെല്ലാം നേരിട്ടും കണ്ടു. ഡ്യുറാൻഡ് കപ്പ് വരെ മികച്ച പ്രകടനമായിരുന്നു ടീമിന്റേത്. ലൂണയുടെ അഭാവത്തിലും ഇന്ത്യൻ താരങ്ങളെയിറക്കി ഇവാൻ ടീമിനെ നന്നായി കളിപ്പിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിൽ ഇവാന് മുൻപ് പത്തോളം പരിശീലകർ വന്നുപോയിട്ടുണ്ട്. ആദ്യമായാണ് ഒരു പരിശീലകൻ പോകുന്നതിൽ വിഷമം തോന്നിയത്. തുടർച്ചയായി മൂന്നു തവണ ടീമിനെ പ്ലേ ഓഫിലെത്തിച്ച് , നാലോളം മോശം സീസണുകൾക്കപ്പുറം ഞങ്ങളെപ്പോലുള്ള ആരാധകർക്ക് പ്രതീക്ഷ നൽകിയ പരിശീലകനായിരുന്നു ഇവാൻ. ഡ്യുറാൻഡ് കപ്പിന് ശേഷം പരിക്കുകൾ നിയന്ത്രണാതീതമായി വർധിച്ചപ്പോഴാണ് ടീമിന്റെ പ്രകടനം മോശമാകാൻ തുടങ്ങിയത്. സീസണിൽ ഏറ്റവും പരിക്കുകൾ സംഭവിച്ചതും കേരളാ ബ്ലാസ്റ്റേഴ്സിലാണ്. അതും പ്രധാന താരങ്ങൾ.  ഇന്ത്യൻ ഫുട്ബോൾ ഇപ്പോഴും വളർച്ചയുടെ ആരംഭ ഘട്ടത്തിലാണ്. സൗകര്യങ്ങൾ പരിമിതമാണ്. അതുകൊണ്ടുതന്നെ ടീമിൽ താരങ്ങൾക്ക് പരിക്കേൽക്കുന്നതിലും അത് ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നതിലും പരിശീലകനെ എങ്ങനെ കുറ്റപ്പെടുത്താനാകും? ടീമിന്റെ മോശം പ്രകടനമാണ് ഇവാനെ ഒഴിവാക്കാൻ കാരണമെങ്കിൽ, മാനേജ്മെന്റിന്റെ ആ തീരുമാനം തെറ്റാണെന്നാണ് എന്റെ അഭിപ്രായം. വെറുമൊരു ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഇവാനെ ഒഴിവാക്കിയ മാനേജ്‌മെന്റിന്റെ അധാർമികതയോടും എനിക്ക് വിയോജിപ്പുണ്ട്. ആരാധകരെങ്കിലും അദ്ദേഹം അർഹിക്കുന്ന വിടവാങ്ങൽ നല്കാൻ മാനേജമെന്റ് അനുവദിച്ചില്ല. "

മലപ്പുറം സ്വദേശി ഷറഫു മരവട്ടവും ഇവാന്റെ പിരിഞ്ഞുപോക്കിൽ നിരാശനാണ്. എങ്കിലും മാനേജ്മെന്റിന്റെ തീരുമാനം നല്ല ഭാവിക്കായേക്കാമെന്ന ശുഭപ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.  "ഇവാൻ പോയതിൽ സങ്കടമുണ്ട്. തുടർച്ചയായി മൂന്ന് സീസണുകളിൽ ടീമിനെ പ്ലേഓഫിലേക്ക് നയിച്ച പരിശീലകനാണ് ഇവാൻ. ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന ആരാധകരെ ഉണർത്താൻ ഇവാന് കഴിഞ്ഞു. എങ്കിലും മാനേജ്മെന്റിന്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് എന്റെ താല്പര്യം. പ്ലേ ഓഫിലും മുകളിലാണ് ടീമിന്റെ ലക്ഷ്യങ്ങൾ എന്നതിനാൽത്തന്നെ നല്ല ഭാവിക്കായാണ് മാനേജ്മെന്റിന്റെ ഈ തീരുമാനം എന്ന് വിശ്വസിക്കുന്നു. ഇത്രത്തോളം കഴിവ് തെളിയിച്ച, ടീമിനോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയ പരിശീലകനെ മാറ്റിനിർത്തിയിട്ടുണ്ടെങ്കിൽ ഇതിലും മികച്ച പരിശീലകനെയും താരങ്ങളെയും കൊണ്ടുവരുമെന്നും കിരീടം നേടുമെന്നും പ്രതീക്ഷിക്കുന്നു. ഏത് മോശം അവസ്ഥയിലും ടീമിനെ സപ്പോർട്ട് ചെയ്യുന്ന, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടായ്മ തീർച്ചയായും കിരീടം അർഹിക്കുന്നു. ഈ തീരുമാനം കിരീടത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാകട്ടെ. എങ്കിലും ഒരു സുപ്രഭാത്തിൽ പെട്ടന്നുള്ള ഈ തീരുമാനം നിരാശയുളവാക്കുന്നതാണ്. കുറച്ചുകൂടി മാന്യമായൊരു ഫെയർവെൽ ഇവാൻ അർഹിച്ചിരുന്നു. അക്കാര്യത്തിൽ ടീം മാനേജ്മെന്റിന്റെ തീരുമാനത്തോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. കാരണം ഫുട്ബോൾ വെറും ഒരു കളി മാത്രമല്ലല്ലോ. ഞാനൊരു മലപ്പുറംകാരനാണ്. ഞങ്ങൾക്ക് ഫുട്ബോൾ ജീവിതത്തിന്റെ ഭാഗമാണ്."

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധികയും കോഴിക്കോട് സ്വദേശിയുമായ നവ്യ ചിറക്കൽ ഇവാൻ വുകോമനോവിച്ച് ടീമുമായി പിരിയുന്നതിൽ തന്റെ അഭിപ്രയങ്ങൾ പങ്കുവച്ചു. "എനിക്കിത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഇവാൻ ടീമുമായി പിരിയുന്നുവെന്ന പോസ്റ്റ് കണ്ടപ്പോൾ ഞാൻ ആദ്യം ഓർത്തത് ഇവാന് മുൻപുള്ള കേരളാ ബ്ലാസ്റ്റേഴ്സിനെയാണ്. സ്റ്റീവ് കോപ്പലിനു ശേഷം കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഒരു സ്ഥിരതയില്ലാതെ മൂന്നോ നാലോ മത്സരങ്ങൾ മാത്രം ജയിച്ച സീസണുകൾ. രണ്ടു മത്സരങ്ങൾ മാത്രം ജയിച്ച സീസണുകളുമുണ്ട്. ആ സാഹചര്യത്തിൽ നിന്ന് പത്തോളം മത്സരങ്ങൾ വിജയിക്കുന്ന തുടർച്ചയായി പ്ലേ ഓഫിൽ ഇടം നേടുന്ന ടീമായി കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റിയതും ഇവാൻ എന്ന പരിശീലകനാണ്. ഒരു തവണ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലും പ്രവേശിച്ചു. പെനാലിറ്റിയിലാണ് ടീമിന് കിരീടം നഷ്ടമായത്. ഇവാൻ ടീമിന് സ്ഥിരത കൊണ്ടുവന്നു എന്നത് വസ്തുതയാണ്. നിരവധി യുവതാരങ്ങൾക്ക് അദ്ദേഹം അവസരം നൽകി. അവരുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചു. ഏറ്റവും കൂടുതൽ പാറിക്കലുകൾ സംഭവിച്ച ടീമായിട്ടും, പ്രധാന താരങ്ങളെ പരിക്കുമൂലം നഷ്ടപ്പെട്ടിട്ടും അദ്ദേഹം യുവ താരങ്ങളെയിറക്കി സീസൺ മുന്നോട്ട് കൊണ്ടുപോയി. ആരാധകരുമായി അദ്ദേഹം വളരെ ചേർന്ന് നിന്നിരുന്നു. ഒരുപക്ഷെ ആരാധകർക്ക് അവരർഹിക്കുന്ന പരിഗണന ഏറ്റവുമധികം നൽകിയത് ഇവാനാണ്. നല്ലൊരു പരിശീലകനും നല്ലൊരു മനുഷ്യനുമായിരുന്നു അദ്ദേഹം."

കളമശേരി സ്വദേശി ഐവിൻ എബ്രഹാമും തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കി. "ഇവാൻ പോകുന്നതിൽ സങ്കടമുണ്ട്. വർഷങ്ങൾക്ക് ശേഷം പ്രതീക്ഷ നൽകിയ പരിശീലകനായിരുന്നു ഇവാൻ. കളിക്കാരെ മാനസീകമായി അങ്ങേയറ്റം പിന്തുണച്ച് അവരുടെ വളർച്ചയിൽ ഒപ്പം നിന്ന, യുവതാരങ്ങൾക്ക് പരിഗണന നൽകിയ പരിശീലകൻ. നല്ലൊരു വ്യക്തി, ആരാധകരുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്ന പരിശീലകൻ. മാനേജ്‌മെന്റിന്റെ പ്രവർത്തിയിൽ നിരാശയുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങൾ ഉൾക്കൊള്ളുന്ന, ഇവാനെക്കാളും മികച്ച ഏതു പരിശീലകനെയാണ് മാനേജ്‌മന്റ് കൊണ്ടുവരിക എന്ന ആകാംക്ഷയിലാണ് ഞാൻ."

ഇവാൻ മടങ്ങുമ്പോൾ ആരാധകർക്കിടയിൽ ഇനിയെന്ത് എന്നൊരു ചോദ്യം ബാക്കിയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ നിരാശനാക്കില്ലെന്ന് പ്രതീക്ഷിക്കാം.