ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും ആരാധിക്കപ്പെട്ട, ആഘോഷിക്കപ്പെട്ട പരിശീലകനാണ് ഇവാൻ. ബയോ ബബ്ബിളിൽ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള തന്റെ സീസൺ ആരംഭിച്ച ഇവാൻ വളരെ ശാന്തമായി, നിശബ്ദനായി സാവധാനമാണ് ആരാധകരുടെ മനസിലേക്ക് കുടിയേറിയത്. പ്രതീക്ഷകളൊന്നുമില്ലാതെ ഒരു സീസണിനെ സമീപിച്ച ആരാധകർക്ക് ഓർമ്മിക്കാനേറെ ബാക്കിവച്ചാണ് ഇവാൻ സീസൺ അവസാനിപ്പിച്ചത്.

എട്ടാം സീസണിൽ ഗോവയിൽ ഹൈദരാബാദിനെതിരെ പെനാലിറ്റി ഷൂട്ടൗട്ടിൽ കിരീടം നഷ്ടമായിട്ടും ഒരു നേതാവിനെ കിട്ടിയ സന്തോഷമായിരുന്നു ആരാധകർക്ക്. സമൂഹ മാധ്യമങ്ങളിലെമ്പാടും ഇവാൻ നിറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസൺ ഓപ്പൺ സ്റ്റേഡിയത്തിൽ നടത്തപ്പെടും എന്ന ഔദ്യോഗീക സ്ഥിരീകരണത്തിനു ശേഷം മഞ്ഞപ്പട കാത്തിരുന്നത് ഇവാൻ കൊച്ചി സ്റ്റേഡിയത്തിൽ ഇറങ്ങുന്ന ദിവസത്തിനു വേണ്ടിയാണ്. അന്നുമുതൽ ഇന്നീ നിമിഷം വരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പര്യായമായി മാറി ഇവാൻ. ഇവാന്റെ രീതികളെയും ശൈലികളെയും ആരാധകർ ഇവാനിസമെന്ന് വാഴ്ത്തി. നിരാശാജനകമായ സീസണുകൾക്കൊടുവിൽ തുടർച്ചയായ മൂന്നു സീസണുകളിലാണ് ഇവാൻ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിലേക്കെത്തിച്ചത്.

ഒടുവിൽ ഏപ്രിൽ 26ന് ഇവാനുമായി വഴിപിരിയുന്നുവെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് വെളിപ്പെടുത്തിയപ്പോൾ ആരാധകർക്കോ ഇന്ത്യൻ ഫുട്ബോൾ ലോകത്തിനോ അത് വിശ്വസിക്കാനായിട്ടില്ല എന്നതാണ് സത്യം. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പലനേട്ടങ്ങളും സ്വന്തമാക്കിയതും ഇവാന്റെ കീഴിലായിരുന്നു.

ഏതൊരു എതിരാളിയും നേരിടാൻ ഇഷ്ടപ്പെടാത്ത ഒരുപക്ഷെ ഭയപ്പെടുന്ന ഒരു ടീമിനെ ഇവാൻ വാർത്തെടുത്തു. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റേതൊരു ടീമിന്റെയും പേടിസ്വപ്നമായി കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മാറി. ആരാധകരുടെ പങ്ക് അതിൽ നിസാരമല്ലെങ്കിലും ഇവാനൊപ്പമുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം റെക്കോർഡ് സമാനതകളില്ലാത്തതാണ്. വാക്കുകൾക്കും വികാരങ്ങൾക്കും അപ്പുറം അഭിമാനത്തോടെ തിരിഞ്ഞുനോക്കാൻ കഴിയുന്ന കണക്കുകളും സ്ഥിതിവിവരക്കണക്കുകളും ഇവാൻ കേരളാ ബ്ലാസ്റ്റേഴ്സിനായി പടുത്തുയർത്തി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇതുവരെയുള്ള എല്ലാ മുഖ്യപരിശീലകർക്കും ഇടയിൽ ഒന്നാമനായി അദ്ദേഹം എന്നും തുടരുമെന്നുറപ്പിക്കുന്ന കണക്കുകൾ.

Head coach

Games 

Wins

Draws

Losses

GF

GA

Win%

Ivan Vukomanovic

67

30

13

24

98

88

44.8

Steve Coppell

17

7

5

5

16

18

41.18

David James

40

12

13

15

39

47

30

Eelco Schattorie

18

4

7

7

29

32

22.22

Kibu Vicuna

18

3

7

8

22

33

16.67

ഇവാൻ വുക്കോമാനോവിച്ചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കൊപ്പമുള്ള പ്രധാന നേട്ടങ്ങൾ

  • കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ച പരിശീലകൻ

  • കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ പരിശീലകൻ

  • കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കായി ഒരു പരിശീലകന്റെ ഏറ്റവും ഉയർന്ന വിജയശതമാനം

  • കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കായി ഓരോ കളിയിലും ശരാശരി ഏറ്റവും ഉയർന്ന പോയിന്റ് നേട്ടം (1.58).

  • ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പരിശീലകൻ

  • തുടർച്ചയായി മൂന്ന് പ്ലേ ഓഫ് യോഗ്യതാ നേട്ടത്തിലേക്ക് നയിച്ച ആദ്യ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മുഖ്യ പരിശീലകൻ

  • ലീഗ് ഘട്ടത്തിൽ (MW1 ഒഴികെ) ടീമിനെ റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ച ആദ്യ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മുഖ്യ പരിശീലകൻ

  • സീസണിൽ പോസിറ്റീവ് ഗോൾ വ്യത്യാസം നിലനിർത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഏക പരിശീലകൻ