കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജാതകം മാറ്റിയെഴുതിയ പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. പ്രതീക്ഷകളോ വാഗ്ദാനങ്ങളോ മുന്നോട്ടുവക്കാതെ നിശബ്ദനായി വന്ന ഇവാൻ കളിക്കാർക്കും ടീമിനുമപ്പുറം ആരാധകർ ആഘോഷിക്കുന്ന വ്യക്തിത്വമായി വളർന്നു. ഇൻ ദി സ്റ്റാൻഡിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ സുയേഷിനൊപ്പം ഇവാൻ പങ്കുചേർന്നു

കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ കളിക്കുമ്പോൾ ഓരോ എതിർ ടീമും അവരുടെ നൂറു ശതമാനം നൽകുകയും, സീസണിലെ ഏറ്റവും മികച്ച മത്സരമായി കണ്ട് കളിക്കുകയും ചെയ്യും. ഹോം ഗ്രൗണ്ടിൽ കേരളാ ബ്ലാസ്റ്റേഴ്സ് നേരിടുന്ന ഓരോ ടീമും നൂറു ശതമാനത്തിനപ്പുറം നൽകുമ്പോൾ ഒരു പരിശീലകനെന്ന നിലയിൽ അത് എത്രത്തോളം കഠിനമാണ് എന്നതിനെക്കുറിച്ച് ഇവാൻ തന്റെ ചിന്തകൾ പങ്കുവച്ചു

"ഒരു മുൻ കളിക്കാരനെന്ന നിലയിൽ പറയാം, മത്സരം അത് ഹോം മത്സരമോ എവേ മത്സരമോ ആകട്ടെ, കൊച്ചിയിലെപ്പോലൊരു വേദിയിൽ കളിയ്ക്കാൻ വരുന്നത്, അത് അധിക ശക്തി, ഊർജ്ജം, പ്രചോദനം എന്നിവ നൽകുന്ന ഒന്നാണ്. എവേ മത്സരം കളിക്കാൻ വരുന്ന കളിക്കാരന് 'ഇത് കൊള്ളാം, ഞാൻ കുറച്ചു കൂടി നന്നായി ശ്രമിക്കണം' എന്ന് തോന്നും. കളിക്കാൻ ആരംഭിക്കുന്ന ഓരോ യുവ താരങ്ങളും സ്വപ്നം കാണുന്നതും അതുതന്നെയാണ്. നിറഞ്ഞ സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ കളിക്കുകയെന്നത്. അതുകൊണ്ടാണ് കൊച്ചിയിൽ എത്തുന്ന ഓരോ ടീമും സ്വയം തെളിയിക്കാൻ ഇഷ്ട്ടപ്പെടുന്നത്."

"മറിച്ച് അത് (അവരുടെ ചിന്താഗതി) ഞങ്ങൾക്കെപ്പോഴും കഠിനമായിരിക്കും. എങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുമ്പോൾ ഇതെല്ലം പ്രതീക്ഷിക്കണം, നിയന്ത്രിക്കണം. ഇത് ടീമിനൊപ്പമുള്ളതാണ്. ഞാൻ താരതമ്യം ചെയ്യുകയല്ല, എങ്കിലും ലോകത്തുള്ള പ്രമുഖ ടീമുകൾക്കെതിരെ കളിക്കുമ്പോൾ, ഇംഗ്ലണ്ടിലെയും സ്പെയിനിലെയും, ഉദാഹരണത്തിന് ബാർസിലോണ, റിയൽമാഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ, ഒരു കളിക്കാരനെന്ന നിലയിലുള്ള വികാരമെനിക്കറിയാം, 'ഇന്ന് ഞാൻ തകർക്കും..!' എന്ന ചിന്തയിൽ ഏറ്റവും മികച്ച രീതിയിൽ അവർക്കെതിരെ കളിക്കാൻ നമ്മളാഗ്രഹിക്കും."

കുറച്ചു മത്സരങ്ങൾ സസ്പെൻഷനിൽ നഷ്ടമായതിനു ശേഷം കൊച്ചിയിൽ പത്താം സീസണിലാദ്യമായി ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ ടണലിലൂടെ ഇറങ്ങി വന്നപ്പോൾ ലഭിച്ച സ്വീകരണം, ആരാധകർ അപ്രതീക്ഷിതമായി സമ്മാനിച്ച ബാനർ എന്നിവയെക്കുറിച്ചും ഇവാൻ സംസാരിച്ചു. "ഞാനത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. രോമാഞ്ചം. വികാരങ്ങൾ. കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. അത്രയും വലിയ പിന്തുണ അനുഭവിച്ച ഞാൻ നന്ദിയുള്ളവനാണ്. തീർച്ചയായും എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷെ കേരളത്തിലുള്ള ഓരോ ദിവസവും എനിക്കവരോട് നന്ദിയുണ്ട്."

"എല്ലാ ദിവസവും പുറത്തുപോകുമ്പോൾ, ആളുകളെ കാണുമ്പോൾ, പരിചയപ്പെടുമ്പോൾ, ഇടപഴകുമ്പോൾ, അതെല്ലാം സന്തോഷമാണ്. ഒരു ഫുട്ബാൾ കളിക്കാരനെന്ന നിലയിൽ ഞാൻ പല മികച്ച ടീമുകളിലും കളിച്ചിട്ടുണ്ട്. കിരീടങ്ങൾ നേടിയിട്ടുണ്ട്, പല മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്, പക്ഷെ ഇത്... ഇത് കുറച്ച് വിശിഷ്ടമായിരുന്നു, പ്രത്യേകമായിരുന്നു. എന്റെ മനസ്സിൽ എന്റെ ജീവിതാവസാനം വരെ അതുണ്ടാകും. എന്റെ മനസ്സിൽ സ്വർണ ലിപികളിൽ ഞാനത് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ നിമിഷവും ഇവിടെ, സ്റ്റേഡിയത്തിൽ ഉള്ളപ്പോൾ ഞാനെത്രത്തോളം എന്റെ ആരാധകരോട് നന്ദിയുള്ളവനാണെന്ന് എനിക്ക് വാക്കുകളിൽ വിവരിക്കാനാകില്ല." ഇവാൻ പറഞ്ഞു.

കൂടുതൽ കാണാനായി വീഡിയോ ലിങ്കിൽ പോകുക.