6 വർഷം 6 മാസം 1 ആഴ്ച. ഇന്ത്യൻ സീനിയർ പുരുഷ ടീമിനായി ഗോൾകീപ്പർ വിശാൽ കൈത്തിന്റെ നാലാമത്തെയും അഞ്ചാമത്തേയും മത്സരങ്ങൾക്കിടയിലെ ഇടവേളയാണിത്. കൃത്യമായി പറഞ്ഞാൽ കഠിനാധ്വാനത്തിന്റെ 2377 ദിവസങ്ങൾ. ഇന്ത്യൻ ടീമിന്റെ ചരിത്രത്തിൽ രണ്ട് മത്സരങ്ങൾക്കിടയിൽ ഒരു കളിക്കാരന് ഉണ്ടാകുന്ന ഏറ്റവും ദൈർഘ്യമേറിയ ഇടവേളയാണിത്.

2018 ൽ ബംഗ്ലാദേശിൽ വെച്ച് നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ കളിച്ച ഇന്ത്യൻ അണ്ടർ - 23 ടീമിന്റെ ഭാഗമായി ടൂർണമെന്റിൽ നാല് മത്സരങ്ങളിലും താരം ദേശീയ ടീമിന്റെ നീലക്കുപ്പായമണിഞ്ഞു. ടൂർണമെന്റിൽ ഗ്രൂപ്പിലും സെമിയിലും ആധികാരികമായ പ്രകടനം കാഴ്ചവെച്ച ടീമിന് പക്ഷെ ഫൈനലിൽ പിഴച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ തോൽപിപ്പിച്ച മാലദ്വീപിന്‌ മുന്നിൽ ഫൈനലിൽ വീണു.

എന്നാലിന്ന്, അതെ എതിരാളികൾക്കെതിരെ, ഒരു സേവ് കൂടി കണ്ടെത്തി, ക്ലീൻ ഷീറ്റ് നേട്ടത്തോടെ ഇന്ത്യൻ ദേശീയ സീനിയർ ടീമിന്റെ കാവൽമാലാഖയായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കൈത്ത്.

"ഏകദേശം ഏഴ് വർഷത്തിന് ശേഷം കളിയ്ക്കാൻ സാധിച്ചാൽ അതിയായ സന്തോഷം. ലൈൻ അപ്പിൽ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടേറിയ ഒരു പൊസിഷനാണ് ഗോൾകീപ്പർ എന്നത്," 28 കാരൻ the-aiff.com-നോട് പറഞ്ഞു.

"ഇതെന്റെ അരങ്ങേറ്റ മത്സരമായി ഞാൻ കരുതുന്നു. 2018 സാഫ് ചാമ്പ്യൻഷിപ്പിലേക്ക് ഞങ്ങൾ പോയത് അണ്ടർ -23 ടീമിനൊപ്പമായിരുന്നു. ഞാൻ ഒരിക്കലും സീനിയർസിനൊപ്പം കളിച്ചിട്ടില്ല, പ്രത്യേകിച്ച് (സുനിൽ) ഛേത്രി ഭായിയോടൊപ്പം. ഇത് വ്യത്യസ്തമായി തോന്നുന്നു."

നിങ്ങൾ കളിക്കാതിരിക്കുമ്പോൾ, അത് ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടാണ്. പക്ഷെ, നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നത് തുടർന്നാൽ, ട്രൈനിങ്ങിൽ നൂറു ശതമാനം നൽകിയാൽ, നിങ്ങൾക്ക് നിങ്ങളുടെ അവസരം എന്നെകിലും ലഭിക്കും. ഏറെ ആ ദിവസം വന്നത് ബുധനാഴ്ചയാണ് (മാലദ്വീപിനെതിരെ). ചെയുന്ന ജോലി ഞാൻ തുടർന്നുകൊണ്ടേയിരിക്കണം, എപ്പോഴെങ്കിലും എനിക്ക് അവസരം ലഭിക്കും എന്നതായിരുന്നു പ്രചോദനം," കൈത്ത് കൂട്ടിച്ചേർത്തു.

2018 ലെ സാഫ് ചാമ്പ്യൻഷിപ്പിൽ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന ആ 22 വയസ്സുള്ള കൈത്ത് ഇപ്പോൾ കൂടുതൽ പക്വതയുള്ള ഒരാളായും കൂടാതെ തന്റെ പൊസിഷനിലെ ഏറ്റവും മികച്ച കളിക്കാരനുമായി മാറി.

"അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു, ഇപ്പോൾ കൂടുതൽ പക്വതയുണ്ട്, കൂടുതൽ കളി പരിചയവുമുണ്ട്. കാലക്രമേണ, നിങ്ങൾ വരുത്തുന്ന തെറ്റുകൾ കുറയുന്നു, തീരുമാനമെടുക്കൽ മെച്ചപ്പെടുന്നു. ദേശീയ ടീം ഒരു വർഷത്തിൽ അധികം മത്സരങ്ങൾ കളിക്കാറില്ല - പ്രധാനമായും യോഗ്യതാ മത്സരങ്ങളും സൗഹൃദ മത്സരങ്ങളും മാത്രമേയുള്ളൂ - അതിനാൽ മിനിറ്റുകൾ ലഭിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്. ലീഗിൽ നിങ്ങളുടെ ക്ലബ്ബിനായി തുടർച്ചയായി മികച്ച പ്രകടനം നടത്തണം."

കുറച്ചു വർഷങ്ങളായി, ആഭ്യന്തര മത്സരങ്ങളിൽ കൈത്തിന്റെ പ്രകടനം സ്ഥിരതയോടെ തുടരുകയാണ്‌. 54 ക്ലീൻ ഷീറ്റോടുകൂടി ഇന്ത്യൻ സുപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം ക്ലീൻ ഷീറ്റുകളെന്ന റെക്കോർഡ് ഈ മോഹൻ ബഗാൻ സൂപ്പർ ജയന്റ് താരത്തിന്റെ പേരിലാണ്. ഈ വർഷം ഫെബ്രുവരിയിൽ മുഹമ്മദൻ സ്പോർട്ടിംഗിനെതിരെ ഗോൾ വഴങ്ങാതിരുന്നതോടെ ക്ലീൻ ഷീറ്റുകളിൽ അർദ്ധസെഞ്ച്വറി നേടുന്ന ആദ്യ ഗോൾകീപ്പറായി അദ്ദേഹം മാറി. മാറിനേഴ്‌സിനൊപ്പമുള്ള അസാധ്യ പ്രകടനം അദ്ദേഹത്തെ രണ്ട് ഐഎസ്എൽ ഷീൽഡുകളും ഒരു ഐഎസ്എൽ കപ്പും ഒരു ഡ്യൂറണ്ട് കപ്പും നേടാൻ സഹായിച്ചു. വ്യക്തിഗതമായി, 2022-23 സീസണിൽ കൈത്ത് ഐഎസ്എൽ ഗോൾഡൻ ഗ്ലോവ് നേടിയിട്ടുണ്ട്. നിലവിലെ സീസണിൽ 14 ക്ലീൻ ഷീറ്റുകൾ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുള്ളതിനാൽ മറ്റൊന്നിനായി ഒരുങ്ങുകയാണ് ഈ ഹിമാചൽ പ്രദേശിൽ നിന്നുള്ള താരം.

"എനിക്ക് ഒറ്റയ്ക്ക് ഒരു ഗോൾഡൻ ഗ്ലൗ നേടാൻ കഴിയില്ല. മുഴുവൻ ടീമിന്റെയും പരിശ്രമത്തിന്റെ ഫലമാണിത്. അവർ നന്നായി കളിക്കുന്നു, അത് ഗോൾകീപ്പറുടെ ജോലി എളുപ്പമാക്കുന്നു. മാലദ്വീപിനെതിരെ ഞങ്ങൾ നന്നായി പ്രതിരോധിച്ചതിനാൽ മുഴുവൻ മത്സരത്തിലും എനിക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. മോഹൻ ബഗാനിൽ എന്റെ പരമാവധി നൽകാൻ ഞാൻ ശ്രമിക്കുന്നു, അതിനാൽ എനിക്ക് മെച്ചപ്പെടാൻ കഴിയും," കൈത്ത് പറഞ്ഞു.

21 മത്സരങ്ങളിൽ ബെഞ്ചിൽ ഇരുന്ന ശേഷമാണ്, ഈ വലിയൊരു ഇടവേളക്ക് ശേഷം 28 കാരനായ താരം വീണ്ടും കാലത്തിലെത്തുന്നത്. എന്നാൽ ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ് തുടങ്ങിയ താരതമ്യേന മുതിർന്ന രണ്ട് ഗോൾകീപ്പർമാരുള്ളതിനാൽ, ഇത് പോരാട്ടത്തെ കുറിച്ചോ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിന്റെ കുറിച്ചോ ആയിരുന്നില്ല, മറിച്ച് പരിശീലനത്തിൽ പഠിക്കുകയും കഠിനാധ്വാനം തുടരുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു.

"ഗുർപ്രീത് പാജി, അമരീന്ദർ പാജി തുടങ്ങിയ ഗോൾകീപ്പർമാർ സ്ഥിരമായി ടീമിൽ ഉള്ളതിനാൽ, മിനിറ്റുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. മാനസികമായി, നിങ്ങൾ കരുതരായിരിക്കണം. ഞങ്ങൾ മൂന്ന് പേരുണ്ട്, പക്ഷേ ഒരാൾക്ക് മാത്രമേ അവസരം ലഭിക്കൂ. എന്നും തുടർച്ചയ്ക്ക് മുൻഗണന നൽകുന്ന ഒരു പൊസിഷനാണിത്."

"ഞങ്ങളുടെ ബന്ധം മനോഹരമാണ്. ഞങ്ങളെല്ലാം വടക്കേ ഇന്ത്യയിൽ നിന്നായതിനാൽ,

പരസ്പരം ഒരു ബന്ധം കെട്ടിപ്പടുത്തിട്ടുണ്ട്. ഞങ്ങൾ പരസ്പരം പുഷ് ചെയ്യുന്നു. ഒരാൾ തെറ്റ് ചെയ്താൽ, മറ്റുള്ളവർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. എനിക്ക് കളിക്കാൻ അവസരം ലഭിക്കാത്തപ്പോൾ, അവർ എന്താണ് ശരിയായി ചെയ്യുന്നതെന്ന് കണ്ട് ഞാൻ അവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കുന്നു. ഒരു ഗോൾകീപ്പർ മാത്രമേ കളിക്കുന്നുള്ളൂവെങ്കിലും, പരിശീലന സമയത്ത് ഞങ്ങൾ പരസ്പരം പൂർണ്ണമായും പിന്തുണയ്ക്കുന്നു," കൈത്ത് പറഞ്ഞവസാനിപ്പിച്ചു.