സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗിലുമായി കരാർ ഒപ്പിട്ട വിവരം ഔദ്യോഗീകമായി പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരും സീസണിലേക്കയാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. ഒഡീഷ എഫ്‌സിയില്‍ നിന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് 29കാരനായ വിക്ടര്‍ മൊംഗിലിനെ സ്വന്തമാക്കിയിരിക്കുന്നത്.

സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് വിക്ടര്‍ മൊംഗിൽ തന്റെ ഫുട്ബോൾ കരിയര്‍ ആരംഭിച്ചത്. തുടക്കത്തിൽ ടീമിന്റെ ബി വിഭാഗത്തെ പ്രതിനിധീകരിച്ച താരം 2011-12 സീസണില്‍ സീനിയര്‍ ടീമിനായി കളത്തിലിറങ്ങി. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും വിക്ടര്‍ കളിച്ചു. 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയിലൂടെ ഭാഗമായ വിക്ടര്‍ യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു. സ്പാനിഷ് അണ്ടര്‍-17 ദേശീയ ടീമിനായും വിക്ടര്‍ കളിച്ചിട്ടുണ്ട്.

2019-20 ഐഎസ്എല്‍ സീസണില്‍ എടികെഎംബിയുടെ ഭാഗമായ താരം ടീം കിരീടം നേടുന്നതിൽ നിർണായക പങ്കു വഹിച്ചു. വീണ്ടും ഡൈനാമോ ടബ്‌ലീസിയില്‍ലേക്ക് മടങ്ങിയ താരം 2020-2021 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ഒഡീഷ എഫ്‌സിയിലേക്ക് കുടിയേറി.

"വ്യത്യസ്ത സ്ഥാനങ്ങളില്‍ കളിക്കാന്‍ കഴിയുന്ന, പരിചയസമ്പന്നനായ ഐഎസ്എല്‍ കളിക്കാരനാണ് വിക്ടർ. ഞങ്ങളുടെ ടീമില്‍ ചേരാന്‍ അദ്ദേഹം വലിയ പ്രേരണ കാണിച്ചു, അത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. വരാനിരിക്കുന്ന സീസണില്‍ വിക്ടറിന് എല്ലാ ആശംസകളും നേരുന്നു-അദ്ദേഹം പറഞ്ഞു." കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിദേശ സൈനിങിനെക്കുറിച്ച് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

"ഞാനൊരു ഔദ്യോഗിക കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ സഹതാരങ്ങള്‍ക്കൊപ്പമുണ്ടാകാനും, ആവേശകരമായ സീസണ്‍ ആരംഭിക്കുന്നതിനും വേണ്ടി ഞാന്‍ കാത്തിരിക്കുന്നു. ഈ വര്‍ഷം ആരാധകരുടെ സ്‌റ്റേഡിയങ്ങളിലേക്കുള്ള തിരിച്ചുവരവോടെ അവര്‍ക്കൊയി, അവർക്കൊപ്പം ഒരുമിച്ച് ഏറെ നല്ല കാര്യങ്ങള്‍ക്കായി പോരാടാന്‍ ഞങ്ങള്‍ക്ക് കഴിയും" വിക്ടര്‍ മൊംഗില്‍ പറഞ്ഞു.