കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ട് യുവതാരം  ഋതിക് കുമാർ ദാസ്. 23 വയസ്സുള്ള ഋതിക് കുമാർ വെസ്റ്റ് ബംഗാൾ സ്വദേശിയാണ്. കേരളാബ്ലാസ്റ്റേഴ്സിന്റെ ബുദ്ധിപരമായ നീക്കമായി വിലയിരുത്താവുന്നതാണ് ഈ സൈനിങ്.‌

റൈറ്റ് വിങ് ഫോർവേഡ്, റൈറ്റ് വിങ് ബാക്ക്, അറ്റാക്കിങ് മിഡ്ഫീൽഡർ എന്നീ നിലകളിൽ വിദഗ്ധനാണ് ഋതിക് കുമാർ.

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഋത്വിക്കിനെ മോഹൻ ബഗാൻ സെയിൽ അക്കാഡമി നടത്തിയ ഫുട്ബോൾ ട്രയൽസിൽ തിരഞ്ഞെടുക്കുന്നത്. മോഹൻ ബഗാൻ അക്കാഡമിയിൽ ശങ്കർലാൽ ചക്രവർത്തി, ആർഗ്യ മജുംദാർ,നിർമ്മാല്യ ഹാൽഡർ,അഭയ് കുമാർ തുടങ്ങിയ കൊൽക്കത്തൻ ഫുട്ബോളിലെ വിദഗ്ദ്ധരിൽ നിന്നും പരിശീലനം നേടാൻ ഋത്വിക്കിനായി. തുടർന്നു കൽക്കട്ട കസ്റ്റംസിനു വേണ്ടി കൽക്കട്ട ഫുട്ബോൾ ലീഗിൽ പ്രൊഫെഷണൽ ഫുട്ബോളിൽ ഋതിക് അരങ്ങേറ്റം കുറിച്ചു. ശേഷം 2016-ൽ കൽക്കട്ട പ്രീമിയർഷിപ്പ് ഡിവിഷൻ ഗ്രൂപ്പ്‌ -ബിയിൽ മത്സരിക്കുന്ന കലിഘട്ട് എം സി എന്ന ക്ലബ്ബുമായി ഋത്വിക് കരാറിൽ എത്തി.

പിന്നീട് 2017-ൽ റിയൽ കശ്മീർ എഫ് സി വെസ്റ്റ് ബംഗാളിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗ്രൗണ്ടിൽ നടത്തിയ ട്രയൽസിൽ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റിയൽ കശ്മീർ എഫ്സിയുടെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ലീഗ് ടീമിലേക്ക് ഋത്വിക്കിനെ തിരഞ്ഞെടുത്തു. പുതിയ ടീം ആയ റിയൽ കശ്മീർ എഫ് സിയ്ക്ക് ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ കടുത്ത മത്സരമാണ് നേരിടേണ്ടി വന്നെങ്കിലും സീസണിൽ ഋത്വിക് നേടിയ 4 ഗോളുകളുകളും ഗോൾ അവസരങ്ങളും റിയൽ കശ്മീർ എഫ് സിയുടെ ഐ ലീഗ് പ്രവേശനത്തിൽ നിർണ്ണായകമായി. ഇതിനെത്തുടർന്ന് ചരിത്രത്തിൽ ആദ്യമായി കശ്മീരിൽ നിന്നും ഐ ലീഗ് പ്രവേശനം നേടുന്ന ആദ്യ ടീം ആയി റിയൽ കശ്മീർ എഫ്സി.

സ്കോട്ടിഷ് പരിശീലകൻ ഡേവിഡ് റോബർട്സണ് കീഴിൽ മികച്ച സാഹചര്യങ്ങളും അവസരങ്ങളുമാണ് ഐ ലീഗ് പ്രവേശനത്തിലൂടെ റിയൽ കശ്മീർ എഫ്സിയിൽ ഋത്വിക്കിനു തുറന്നു കിട്ടിയത്. ഡേവിഡ് റോബർട്സൺ ഋത്വിക് ദാസിനെ മത്സരങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചു മിഡ്ഫീൽഡിൽ പല പൊസിഷനുകളിലും റൈറ്റ് വിങ് ബാക്ക് പൊസിഷനിലും കളിപ്പിച്ചു.

കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ റിയൽ കശ്മീർ എഫ് സിക്കായി കളത്തിലിറങ്ങിയ ഋത്വിക് ദാസ്  2 അസിസ്റ്റുകൾ ആണ് നൽകിയത്. 11 മത്സരങ്ങളിൽ 6 മത്സരങ്ങളിൽ ഋത്വിക് സ്റ്റാർട്ടിങ് ഇലവനിലും ഉണ്ടായിരുന്നു. ബാക്കിയുള്ള മത്സരങ്ങളിലെല്ലാം ഡേവിഡ് റോബർട്സണിന്റെ ഫസ്റ്റ് ചോയ്സ്  സബ്സ്റ്റിട്യൂട്ടായിരുന്നു ഋത്വിക്. ഓരോ വട്ടവും കോച്ച് തന്നിലർപ്പിച്ച വിശ്വാസം കത്ത് സൂക്ഷിക്കാനും ഋത്വിക്കിന് കഴിഞ്ഞു.

ഈ വർഷം മാർച്ചിൽ അച്ഛന്റെ മരണത്തെത്തുടർന്ന് ഋത്വിക്കിനു സീസൺ പൂർത്തിയാകുന്നതിനു മുമ്പ് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. റിയൽ കാശ്മീർ ടീമിനെയും പ്ലയേഴ്‌സിനെയും സ്വന്തം കുടുംബം പോലെ ഇഷ്ടപ്പെടുന്ന ഋത്വിക്കിനോടുള്ള ആദരസൂചകമായി നെരോക്ക എഫ്സിക്കെതിരെ ശ്രീനഗറിലെ ടിഎംസി ഗ്രൗണ്ടിൽ നടന്ന ഹോം മത്സരത്തിനു മുമ്പ് ഋത്വിക് കുമാർ ദാസിന്റെ 11 ആം നമ്പർ ജേഴ്സി ഉയർത്തിക്കാണിച്ചായിരുന്നു ടീം അണിനിരന്നത്. ഡാനിഷ് ഫറൂഖ് ഭട്ട് ആ മത്സരത്തിൽ നേടിയ തകർപ്പൻ ഹെഡ്ഡർ ഗോൾ ഋത്വിക് ദാസിനായി സമർപ്പിക്കുകയും ചെയ്തു. ഡുറാന്റ് കപ്പ് ഉൾപ്പടെ മൊത്തത്തിൽ 39 മത്സരങ്ങളിൽ ആണ് ഋത്വിക് ദാസ് റിയൽ കാശ്‌മീർ എഫ് സിക്കായി കളത്തിലിറങ്ങിയത്.ഡേവിഡ് റോബർട്സൺ എന്ന വിദഗ്ദ്ധ പരിശീലകന്റെ കീഴിൽ ഉള്ള പരിശീലനം ഋത്വിക് ദാസിനെ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.

മിന്നൽ വേഗത്തിൽ കുതിക്കാനും ഷോട്ടുകൾ എടുക്കാനും കഴിവുള്ള താരമാണ് ഋത്വിക് ദാസ്. ലക്ഷ്യത്തിനായി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറാണ്. ഡ്രിബിൾ ചെയ്തു മുന്നേറാനുള്ള കഴിവുമുണ്ട്. പരിശീലകൻ ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിക്കാനും ആ റോൾ ഭംഗിയായി നിർവ്വഹിക്കാനും ഋത്വിക് ദാസിനു കഴിയും.

റിയൽ കശ്മീർ എഫ് സിയിൽ റൈറ്റ് വിങ് ഫോർവേഡ് പൊസിഷനിൽ ആണ് കൂടുതലും കളിച്ചത്. ചില മത്സരങ്ങളിൽ റൈറ്റ് വിങ്ബാക്ക് ആയും കളിച്ചു. ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ് ഫോർവേഡ് പൊസിഷനിൽ തന്നെയായിരിക്കും കിബു ഋത്വിക്കിനെ പരിഗണിക്കുക എന്നു പ്രതീക്ഷിക്കുന്നു.

വരുന്ന സീസണിൽ കേരളാബ്ലാസ്റ്റേഴ്സിനൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ഋത്വിക് കുമാർ ദാസിനു കഴിയും എന്ന് പ്രതീക്ഷിക്കാം.