കേരളം ഫുട്ബോളിനെ പ്രണയിക്കുന്നവരുടെ നാടാണ്. എന്നാൽ ഫുട്ബോൾ ജീവശ്വാസമായവരുടെ നാടാണ് കോഴിക്കോട്. കോഴിക്കോടിന്റെ ഫുട്ബോൾ പ്രണയം ലോകപ്രശസ്തവുമാണ്. ഇന്ത്യ എന്ന രാജ്യമൊട്ടാകെ ക്രിക്കറ്റിനെ പ്രണയിച്ചപ്പോൾ എന്തുകൊണ്ടാണ് കേരളവും കേരളത്തിലെ നാടുകളും ഫുട്ബോളിനെ പ്രണയിച്ചതെന്നറിയില്ല. ലോകകപ്പിന്റെ സമയത്ത് കോഴിക്കോടുവഴി ഒരു യാത്രപോയതു ഇപ്പോഴുമോർമിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും താരങ്ങളുടെയും കൂറ്റൻ ബാനറുകളും പോസ്റ്ററുകളുമെല്ലാം വഴിയൊട്ടുക്ക് നിറഞ്ഞിരുന്നു. 

കോഴിക്കോടിന്റെ വൈകുന്നേരങ്ങളും പ്രഭാതങ്ങളും ഫുട്ബോളിനാവകാശപ്പെട്ടതാണ്. കോഴിക്കോടിന്റെ ഓരോ ഗ്രാമത്തിലുമുണ്ടാകും ഒരു മൈതാനവും, അവിടെ സായാഹ്നങ്ങളിൽ പ്രായഭേദമില്ലാതെ കളിച്ചുതിമിർക്കുന്ന ഫുട്ബാൾ രക്തത്തിലലിഞ്ഞു ചേർന്ന കുറെ മനുഷ്യരും. മലപ്പുറവും കണ്ണൂരുമെല്ലാം ഈ പ്രണയത്തിൽ ഒട്ടും പിന്നിലല്ല. അതുകൊണ്ടാകും മലബാറിൽനിന്നു കൂടുതൽ ഫുട്ബോൾ ഇതിഹാസങ്ങൾ ജന്മം കൊണ്ടത്.

ഇതൊരു കഥയാണ്!  ഫുട്ബോളിനെ ജീവശ്വാസമാക്കിയ നാട്ടിൽ നിന്ന് ഉദയംകൊണ്ട ഒരു ജിന്നിന്റെ കഥ!

രഹനേഷ് ടി പി, മനസുറപ്പിച്ച്, നെഞ്ചുറപ്പിച്ച് സ്വന്തം ടീമിനുവേണ്ടി കളിയ്ക്കാൻ കാത്തിരുന്ന കോഴിക്കോടൻ ജിന്ന്. അതുകൊണ്ടെക്കെയാകണം അല്പമധികം സസ്പെന്സിന് അപ്പുറമാണ് ടിപിയുടെ വരവ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് പുറത്തുവിട്ടത്. കേരളാബ്ലാസ്റ്റേഴ്സിന്റെ ആറാം സീസണിലെ സീനിയർ ഗോൾ കീപ്പർമാരിൽ മൂന്നാമതായാണ് ടിപി സൈൻ ചെയ്തത്. സ്വന്തം നാട്ടിൽ കളിയ്ക്കാൻ ഏറെ ആഗ്രഹിച്ചിരുന്ന ടിപിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനമായിരുന്നുവത്. ഐഎസ്‌എൽ സീസൺ തുടക്കം മുതലേ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്‌ എഫ്‌സിയുടെ ഭാഗമായിരുന്നു ടിപി. നാല്‍പ്പതിലേറെ മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ഗോള്‍വല കാത്തതിനൊപ്പം ടീമിന്‍റെ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ ഇരുപത്തിയാറുകാരന്‍.

ടിപിയുടെ കഥയിലേക്ക് ...

കോഴിക്കോട് ഒരു സാധാരണകുടുംബത്തിലാണ് ടിപി ജനിച്ചത്. കോഴിക്കോട് ജനിച്ചതുകൊണ്ടു തന്നെ ഫുട്ബോളർ ആകാനുള്ള ടിപിയുടെ ആഗ്രഹത്തിന്റെ കാരണം പറയാതെതന്നെ വ്യക്തമാണ്. ചെറിയ വയസിലെത്തന്നെ ഫുട്ബാളിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന ടിപി രാജ്യമറിയുന്ന ഫുട്ബോളർ ആയിമാറിയത്തിൽ ഒരു കുടുംബത്തിന്റെ മുഴുവൻ അധ്വാനമുണ്ട്. ചെറിയ വയസിൽ ഫുട്ബോൾ ട്രൈനിങ്ങിന് എത്രരാവിലെയായാലും സൈക്കിൾ ചവിട്ടി കൊണ്ടെത്തിച്ചിരുന്ന അച്ഛനും സഹോദരനുവേണ്ടി പലകാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തിരുന്ന സഹോദരിമാരും മകന്റെ ഫുട്ബാൾ പ്രണയത്തെ ഒരിക്കലും എതിർക്കാതിരുന്ന മാതാപിതാക്കളും പൂർണ്ണ പിന്തുണ നൽകിയിരുന്ന  സുഹൃത്തുക്കളും നാട്ടുകാരും, വളർച്ചയുടെ പടികൾ താണ്ടാനൊപ്പം നിന്ന പരിശീലകരുമെല്ലാം ടിപിയുടെ ജീവിതത്തിൽ അവരവരുടെ പങ്ക് ഭംഗിയായി നിർവഹിച്ചു. അതിനൊപ്പം അർപ്പണബോധവും കഠിനാധ്വാനവും ഫുട്ബാളിനോടുള്ള അടക്കാനാകാത്ത പ്രണയവും ടിപിയെ ഒരു മികച്ച ഗോൾ കീപ്പർ ആക്കി തീർത്തു. അതുകൊണ്ടാവാം സീസണില്‍ ഏറ്റവുമധികം സേവുകള്‍ നടത്തിയ ഗോള്‍കീപ്പറെന്ന നേട്ടത്തിന് ഈ കോഴിക്കോടുകാരൻ അവകാശിയായത്.

ഔദ്യോഗീക ഫുട്ബോൾ ജീവിതം

ഒഎൻജിസിക്കുവേണ്ടി 2012 ഡിസംബർ ഒന്നിന് ഐ ലീഗിൽ പ്രധാന ഗോൾകീപ്പറിന് അന്പത്തിയാറാം മിനിറ്റിൽ ചുവപ്പുകാർഡ് കിട്ടിയപ്പോഴാണ് രേഹനേഷ് ആദ്യമായി ഔദ്യോഗീകമായി കളത്തിലിറങ്ങുന്നത്.

2013 - 14 കാലഘട്ടത്തിൽ മുംബൈ ടൈഗേർസിന്റെ ഭാഗമായി.  

2014 ജനുവരി പതിനാലിന് രെഹനേഷ് രംഗ്‌ധാജിദ് യൂണൈറ്റഡുമായി കരാർ ഒപ്പവച്ചു. 2014 ഫെബ്രുവരി പതിനൊന്നിന് ചർച്ചിൽ ബ്രദേഴ്സിനെതിരായി തിലക് മൈതാൻ സ്റ്റേഡിയത്തിൽ കളത്തിലിറങ്ങി. ആ മാച്ചിൽ ഒരു ഗോളിന് രംഗ്‌ധാജിദ് യൂണൈറ്റഡ് തോൽവി വഴങ്ങി. 

2014 ജൂൺ പതിനാലിന് രെഹനേഷ് ഷില്ലോങ് ലജോങ് ക്ലബ്ബുമായി കരാർ ഒപ്പിട്ടു. 2014 ഐഎസ്‌എല്ലിൽ ലോണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കുവേണ്ടി പങ്കെടുത്തു. പിന്നീടുള്ള സീസണുകളിൽ സ്ഥിരമായി നോർത്ത് ഈസ്റ്റിന്റെ ഭാഗമായി. ഇതിനിടയിൽ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനുവേണ്ടിയും രെഹനേഷ് കളിക്കളത്തിലിറങ്ങി. 

2015-16 സീസണില്‍ ഇന്ത്യയുടെ അണ്ടര്‍ 23 ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 2017ല്‍ സീനിയര്‍ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിനൊപ്പം

മലയാളിയെന്ന നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന രേഹനേഷിന് ഇഹ് ഏറെ സന്തോഷം നൽകുന്ന അവസരമാണ്. നൂറുശതമാനം ആത്മാർത്ഥയോടെ ടീമിനുവേണ്ടി കളിക്കാനായി കാത്തിരിക്കുകയാണ് ടിപി.

കഴിഞ സീസണിൽ ഒപ്പമുണ്ടായിരുന്ന അതെ കോച്ചിനും ക്യാപ്റ്റനും കീഴിൽ തന്നെയാണ് ഇത്തവണയും രെഹനേഷ്. കോച്ചിൽ പൂർണ വിശ്വാസമർപ്പിക്കുന്ന രെഹനേഷ് ബ്ലാസ്റ്റേഴ്സിന് വേണ്ടി അദ്ദേഹമൊരുക്കുന്ന പ്ലാനുകളിൽ തൃപ്തനാണ്. ക്യാപ്റ്റനെപ്പറ്റിയും ടിപിക്ക് ശുഭപ്രതീക്ഷയാണ്. എല്ലാത്തരത്തിലുമുള്ള പിന്തുണ ടീമിന് നൽകുന്ന ക്യാപ്റ്റൻ ഓഗ്‌ബെച്ചേ, ടീമിനെ ജയത്തിലേക്ക് നയിക്കുമെന്ന് ടിപി വിശ്വസിക്കുന്നു.