ഇന്ത്യൻ ഫുട്ബോളിനെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. എവേ മൈതാനങ്ങളിൽ പോലും നിരന്തര സാന്നിധ്യമായി നിലകൊള്ളുന്ന ഇവർ ഹോമിൽ തങ്ങളുടെ ഗ്യാലറികളിൽ സൃഷ്ടിക്കുന്നത് ഉത്സവം. മത്സരം തുടങ്ങാനുള്ള വിസിലിന് മുൻപ് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറികൾ മിക്കവാറും ദിവസങ്ങളിൽ സാധാരണയെക്കാൾ സജീവമായിരിക്കും. ആയിരക്കണക്കിന് ആരാധകർ ഒരേ മനസ്സോടെ ഒന്നിച്ച നിന്ന് ഉയർത്തുന്ന കൂറ്റൻ ബാനറുകൾക്ക് വേണ്ടിയുള്ള തയ്യറെടുപ്പുകളാൽ മുഖരിതമായിരിക്കും അവിടം.

ഓരോ ടിഫോയും അവരുടെ അഭിമാനത്തിന്റെയും സ്വത്വത്തിന്റെയും ഒരധ്യായമാണ്. മത്സരദിവസം ഉയരുന്ന ഓരോ ടിഫോയുടെയും പിന്നിൽ ആഴ്ചകൾ നീണ്ട ആസൂത്രണവും കൂട്ടായ പ്രവർത്തനവുമുണ്ട്. മൈതാനത്തിലെ പോരാട്ടങ്ങൾക്ക് ആവേശം പകരുന്നതിനപ്പുറം, നാടിന്റെ വികാരങ്ങളും പ്രതിസന്ധികളിലെ ഒരുമയും ലോകത്തിന് മുന്നിൽ വരച്ചുകാട്ടുന്ന ക്യാൻവാസുകൾ കൂടിയാവുകയാണ് ഇവ. ഓരോന്നും ഓരോ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളായി ഗാലറിയിൽ ചരിത്രം കുറിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉയർത്തിയ മികച്ച അഞ്ച് ടിഫോകളെ പരിശോധിക്കുകയാണ് ഇവിടെ:

KBFC vs BFC (11 December 2022)

നീളം 103 മീറ്റർ. വീതി 10.6 മീറ്റർ. 11841 ചതുരശ്ര അടിയുള്ള, ഏഷ്യയിലെ ഏറ്റവും വലിയ ടിഫോ എന്ന ഖ്യാതിയോടെ 2022 ഡിസംബർ 11ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകരായ മഞ്ഞപ്പട കൊച്ചയിൽ ഉയർത്തിയ ടിഫോ അന്ന് മറച്ചത് ഈസ്റ്റ് ഗാലറിയുടെ 90%.

ടീമിന്റെ ചിഹ്നമായ കൊമ്പനാനയുടെ പുറത്തേറിയ നിലയിൽ അന്നത്തെ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെ ഒരു വശത്തും ആർപ്പുവിളിക്കുന്ന ആരാധകരെ മറുവശത്തുമായി രേഖപ്പെടുത്തിയാണ് ആ ടിഫോ കൊച്ചിയുടെ കിഴക്കൻ ചക്രവാളത്തിൽ ഉയർന്നത്.

അന്നത്തെ മത്സരമാകട്ടെ, ചിരവൈരികളായ ബെംഗളൂരു എഫ്‌സിക്കെതിരെയും. മത്സരത്തിൽ ബ്ലൂസിനെ 3-2ന് തോൽപ്പിച്ചത് ആരാധകർക്ക് നൽകിയത് ഇരട്ടി സന്തോഷം.

KBFC vs MCFC (5 October 2018)

2018 ലെ പ്രളയം. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്ന്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്പൊട്ടലിലുമായി അഞ്ഞൂറിനടുത്ത് ആളുകൾ മരണപ്പെട്ടപ്പോൾ പത്ത് ലക്ഷത്തിനടുത്ത് മനുഷ്യരെയാണ് സ്വന്തം വീടുകളിൽ നിന്നും ഒഴിപ്പിക്കേണ്ടി വന്നത്. മലയാളികളുടെ ഒരുമയെന്തെന്ന് ലോകമറിഞ്ഞ സമയമായിരുന്നു അത്.

സർക്കാർ തലത്തിൽ തുടങ്ങി ഫയർഫോഴ്‌സും പോലീസും നേവിയും മുതൽ യുവാക്കൾ അടങ്ങുന്ന സാധാരണക്കാരായ മനുഷ്യർ അന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി കൈകോർത്തു. വെള്ളം നിറഞ്ഞ റോഡിലൂടെ വള്ളത്തിലേറി രക്ഷപ്രവർത്തനങ്ങൾ നടത്തുന്ന മത്സ്യതൊഴിലാളികൾ കേരളം ജനതയുടെ ഹൃദയത്തിലായിരുന്നു ഇടം നേടിയത്. ഒത്തൊരുമയോടെയുള്ള ആ പ്രവർത്തനമാണ് കേരളത്തെ പ്രളയത്തിൽ നിന്നും വീണ്ടെടുത്തത്.

അവർക്ക് നൽകിയ ആദരവായിരുന്നു ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലെ മുബൈ സിറ്റി എഫ്‌സിക്കെതിരായ ആദ്യ ഹോം മത്സരത്തിൽ 2018 ഒക്ടോബർ 18ന് മഞ്ഞപ്പട ഒരുക്കിയ ടിഫോ. 'ഒരുമ ഞങളുടെ പെരുമ' എന്ന് കുറിച്ച ടിഫോയിൽ പ്രളയത്തിനു മുകളിൽ കേരളത്തെ താങ്ങി നിർത്തുന്ന വള്ളത്തിന്റെ ചിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബോട്ടിന്റെ വശങ്ങളിൽ മുഖ്യമന്ത്രി, മത്സ്യതൊഴിലാളി, സൈനികൻ, പോലീസുകാരൻ, നഴ്‌സ്, ഫയർഫോഴ്സ്, മാധ്യമപ്രവർത്തകൻ തുടങ്ങിയവർ ഉൾപ്പെടുന്നു. ഇന്ത്യൻ നാവികസേനയുടെ ഒരു ഹെലികോപ്റ്റർ മുകളിൽ പറക്കുന്നു. കേരളജനതയുടെ ഒരുമയെ ലോകത്തിന് മുകളിൽ വിളിച്ചോതുകയാണ് ഈ ടിഫോ ചെയ്തത്.

KBFC vs OFC (27 October 2023)

എന്നും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തോട് ചേർന്ന് നിന്നിരുന്ന വ്യക്തിത്വമായിരുന്നു സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ക്ലബ്ബിലുണ്ടായിരുന്ന മൂന്നു സീസണിലും ടീമിനെ പ്ലേഓഫിലേക്കും ആദ്യ സീസണിൽ ഫൈനലിലും എത്തിച്ച ആ മനുഷ്യനെ എന്നും ആരാധനയോടെയാണ് മഞ്ഞപ്പട കണ്ടിരുന്നത്. അദ്ദേഹത്തിന് വേണ്ടി അവർ ചാന്റുകൾ ചെയ്തു, സെലിബ്രേഷനുകൾ നടത്തി. ഒടുവിൽ ക്ലബ്ബിൽ നിന്നും വിടവാങ്ങിയപ്പോൾ, വികാരഭരിതരുമായി.

2023-24 ഐഎസ്എൽ സീസണിൽ എട്ട് മത്സരങ്ങളിലെ സസ്പെൻഷന് ശേഷം 2023 ഒക്ടോബർ 27ന് ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തിൽ ഇവാൻ വുകോമനോവിച്ചിന്റെ സൈഡ് ലൈനിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തെ മഞ്ഞപ്പട സ്വീകരിച്ചത് വമ്പൻ ടിഫോയിലൂടെയാണ്. 'രാജാവ് തിരിച്ചുവന്നു' (The king has returned) എന്ന ടാഗിൽ ഉയർത്തപ്പെട്ട ബാനറിൽ ഇരുവശങ്ങളിലും ചങ്ങലകൾ പൊട്ടിച്ചെറിയുന്ന ക്ലബ്ബിന്റെ ഐക്കണായ തുമ്പിക്കയ്യിൽ ഫുട്ബോൾ പിടിച്ച ആനകളെയും നടുവിൽ കിരീടം ധരിച്ച ഇവാനെയും കാണാൻ സാധിക്കും. ഒപ്പം ഇംഗ്ലീഷിൽ അദ്ദേഹത്തിന്റെ പേരും.

അദ്ദേഹത്തിന്റെ വരവേൽപ്പിനും ഗാലറിയിലെ ആവേശത്തിനും മേലാപ്പായി ഒരു ഗോളിന് പുറകിൽ നിന്ന ശേഷം ദിമിത്രിയോസ് ഡയമന്റാകൊസിന്റെയും അഡ്രിയാൻ ലൂണയുടെയും ഗോളുകളിൽ തിരിച്ചുവരവ് നടത്തി മൂന്ന് പോയിന്റുകൾ ഉറപ്പിച്ചു.

KBFC vs PFC (15 September 2024)

കേരളത്തെ നടുക്കിയ പ്രകൃതി ദുരന്തമായിരുന്നു 2024 ജൂലൈ 30നു വയനാട്ടിൽ ഉണ്ടായത്. മുണ്ടക്കൈ - ചൂരൽമല പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടൽ ഒരൊറ്റ രാത്രിയിൽ ഒരു ഗ്രാമത്തെ ഒന്നാകെ വിഴുങ്ങി. കാടുകളും കുന്നുകളും നിറഞ്ഞ് പ്രകൃതിഭംഗിയാൽ വിനോദസഞ്ചാരികളെ മാടിവിളിക്കുന്ന നാട്, ദുരന്തഭൂമികയായി മാറുന്നതാണ് കേരളം കണ്ടത്. ഇരുന്നൂറ്റി അൻപതിലേറെ മനുഷ്യർ മരണപ്പെടുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്തു, നാന്നൂറിനടുത്ത് പേർക്ക് പരിക്കേറ്റു. സായുധ - ദുരന്ത നിവാരണ സേനകളും പോലീസും ഫയർഫോഴ്‌സും ജനങ്ങളും ഒത്തുചേർന്നാണ് ആ ഗ്രാമത്തെ ചളിയിൽ നിന്നും ഉയർത്തയെടുത്തത്.

അതിന്റെ ഓർമ്മക്കായാണ് 2024-25 സീസണിൽ പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള ക്ലബ്ബിന്റെ ആദ്യ മത്സരത്തിൽ കിഴക്കൻ ഗാലറിയിൽ മഞ്ഞപ്പടയുടെ ടിഫോ ഉയർന്നത്. മഞ്ഞനിറമുള്ള ആനപ്പുറത്തേറിയ മനുഷ്യർ വയനാടിനെ ചളിയിൽ നിന്നും വലിച്ച് കരക്കെത്തിക്കുന്ന കൂറ്റൻ ബാനർ. 2018 ലെ പ്രളയത്തിന് ശേഷം, വീണ്ടും സംസ്ഥാനത്തിന്റെ ഒരുമ രാജ്യം കണ്ടതിന്റെ ഓർമയാണ് ആ പോസ്റ്ററിൽ നിറങ്ങളാൽ ചാലിച്ചത്.

KBFC vs PFC (15 September 2024)

2024 -25 സീസണിൽ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം, ഐഎസ്എല്ലിൽ ആദ്യ മത്സരത്തിനിറങ്ങിയ സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറെയെ ക്ലബ്ബിന്റെ ആരാധകക്കൂട്ടായ്മയായ കേരള ബ്ലാസ്റ്റേഴ്‌സ് ആർമി വരവേറ്റത് കൂറ്റൻ ബാനർ ഒരുക്കി. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിൽ വെസ്റ്റ് ഗാലറിയിൽ ഉയർന്ന ചിത്രം, ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും ഉൾകൊള്ളുന്നതായിരുന്നു.

'ഞങ്ങൾ ഒരിക്കലും കീഴടങ്ങില്ല' (We shall never surrender) എന്ന് എഴുതിയ ബാനറിന് മുകളിലായി ബ്ലാസ്റ്റേഴ്സിന്റെ ലോഗോയുള്ള പരിചയേന്തിയ സ്റ്റാറെയുടെ ഇരുവശങ്ങളിലുമായി പതിനൊന്ന് പടയാളികളെയും പുറകിൽ കൊമ്പനാനകളെയും അണിനിരത്തിയ നിലയിലായിരുന്നു ആ ടിഫോ.