റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിന്റെ കന്നി കിരീടം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നേടാനായാൽ അത് വളർന്നുവരുന്ന കളിക്കാർക്ക് പ്രചോദനമാകുമെന്ന് അഭിപ്രായപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം ഹെഡ് കോച്ച് ടോമസ് ടോർസ്. വ്യാഴാഴ്ച, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിന്റെ നിർണ്ണയ പോരാട്ടത്തിൽ കേരളവും ബെംഗളൂരുവും ഏറ്റുമുട്ടും.

"RFDL ഉദ്ഘാടന സീസൺ ചാമ്പ്യന്മാരാകുവാൻ സാധിക്കുമെന്നത് ഞങ്ങൾക്ക് വലിയ പ്രചോദനമാണ്." ടോർസ് പറഞ്ഞു.

"ബെംഗളൂരു വളരെ ശക്തമായ ടീമാണ്. അവരുടെ ടീമിൽ പോസിറ്റീവ് വശങ്ങളുണ്ട്, എല്ലാ പൊസിഷനിലും നല്ല കളിക്കാരുള്ള വളരെ സന്തുലിത ടീമാണ് അവർ. ഞങ്ങൾ അവരെ പഠിക്കും, ഞങ്ങൾ തയ്യാറായിരിക്കും" അദ്ദേഹം പറഞ്ഞു.

30 കാരനായ പോളിഷ് തന്ത്രജ്ഞൻ RFDL വളരെ പ്രൊഫഷണലായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടതിനെക്കുറിച്ച് അഭിനന്ദിച്ചു.

"ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ടൂർണമെന്റിന്റെ ഓർഗനൈസേഷൻ ഉയർന്ന തലത്തിലാണ്, കൂടാതെ പ്രൊഫഷണൽ അന്തരീക്ഷം ഇവിടെ അനുഭവിക്കാൻ കഴിയും. ഫുട്ബോളിലെ പ്രൊഫഷണലുകളെപ്പോലെ ഒരു പ്രത്യേക രീതിയിലാണ് പരിഗണിക്കുന്നത്. സെഷനുകൾ നൽകുന്നതിനുള്ള മികച്ച പരിശീലന മൈതാനങ്ങൾ ഞങ്ങൾക്ക് ഉണ്ട്, നല്ല മികച്ച ഗ്രൗണ്ടുകളിലാണ് കളിക്കുന്നത്.”

"ഞങ്ങൾക്ക് ഉപയോഗിക്കാവുന്ന വ്യത്യസ്ത തന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഈ മത്സരം സമ്പന്നമാണ്, ഞങ്ങൾക്ക് കളിക്കാരെ പഠിപ്പിക്കാൻ കഴിയും. സമാന നിലവാരവും സമാന കഴിവുകളും അവതരിപ്പിക്കുന്ന ടീമുകൾക്കെതിരെ പ്രധാനപ്പെട്ട ഗെയിമുകൾ കളിക്കാൻ കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയും. RFDL സൃഷ്ടിച്ച അവസരമാണ് ഞങ്ങൾക്ക് നൽകുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തങ്ങളുടെ ആക്രമണ ശൈലിയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും കിരീടം നേടുന്നതിന് ഒരു പോയിന്റ് മാത്രം മതിയാണെങ്കിലും വിജയത്തിനായി അവർ എല്ലാവരും ഇറങ്ങുമെന്നും ബെംഗളൂരു എഫ്‌സി ഹെഡ് കോച്ച് നൗഷാദ് മൂസ പറഞ്ഞു.

"ഞാൻ വിജയത്തിനായി അങ്ങേയറ്റം ശ്രമിക്കും. ഞങ്ങൾ കളിക്കുന്ന രീതിയിൽ തന്നെ കളിക്കും. ആക്രമണ ഫുട്ബോൾ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സമനിലയ്ക്കായി കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങൾ ഒരു റിസർവ് സ്ക്വാഡിനൊപ്പം പ്രവർത്തിക്കുമ്പോൾ, വിജയിക്കുന്ന ആ മാനസികാവസ്ഥ അവരിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിനാൽ ഞങ്ങൾ ഞങ്ങളുടെ ശൈലിയിൽ എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ ഈ ഗെയിമിനെയും സമീപിക്കും" മൂസ പറഞ്ഞു.