'മികച്ച രീതിയിൽ സീസൺ സൈൻഓഫ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' ഇഷ്ഫാക് അഹമ്മദ്

ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ അവസാന മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇഷ്ഫാക് അഹമ്മദ് പങ്കെടുത്തു.

"ഞങ്ങൾ തീർച്ചയായും മത്സരത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നു. അവർക്കും വിജയിക്കണം. അവർക്കും ഒരു നല്ല റിസൾട്ട് ലഭിക്കേണ്ടതുണ്ട്. അവർക്ക് മേൽ കൂടുതൽ സമ്മർദ്ദമുണ്ട് എന്നതും ശരിയാണ്. പക്ഷേ ഞങ്ങൾക്ക് മികച്ച രീതിയിൽ സൈൻ ഓഫ് ചെയ്യാനുള്ള അവസരമാണിത്. അവരെക്കുറിച്ചോ അവർ എന്തുചെയ്യണമെന്നതിനെക്കുറിച്ചോ ഞാൻ ചിന്തിക്കുന്നില്ല. നമ്മൾ നമ്മളെക്കുറിച്ചാണ് ചിന്തിക്കുന്നത്. പരിക്കുകളെ കൈകാര്യം ചെയ്യണം. ഞങ്ങളുടെ ടീമിലും ഞങ്ങളുടെ ശക്തിയിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു" അദ്ദേഹം പറഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ചില പുതിയ താരങ്ങളെ കാണാനിടയുണ്ടെന്നും എന്നാൽ കളിക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

"കളിക്കാർ പരിശീലനത്തിൽ എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക. ചില പുതിയ പേരുകൾ ലൈനപ്പിൽ കണ്ടേക്കാം. എന്നാൽ അവരാരൊക്കെയാണെന്ന് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാ കളിക്കാരും ടീമിന്റെ പ്രധാന ഭാഗമാണ്. അവരെ ആവശ്യമുണ്ടെങ്കിൽ ഞാൻ തീർച്ചയായും അവരെ തിരഞ്ഞെടുക്കും" ഇഷ്ഫാക് പറഞ്ഞു.

ഈ സീസണിലെ അഞ്ച് ക്യാപ്റ്റൻമാരിൽ ഒരാളായ ജെസ്സൽ കാർനെറോയെ ഇഷ്ഫാക് അഹമ്മദ് പ്രശംസിച്ചു. "ജെസ്സൽ ഒരു ബോൾ പ്ലേയിംഗ് ലെഫ്റ്റ് ഫുൾ ബാക്ക് ആണ്. പ്ലേമേക്കിംഗിൽ ഏർപ്പെടാൻ അദേഹം ഇഷ്ടപ്പെടുന്നു. അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഞാൻ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ, അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്. അദ്ദേഹം ടീമിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. "

പത്രസമ്മേളനത്തിൽ ഇഷ്ഫാഖിനൊപ്പം ജെസ്സൽ കാർനെറോയും പങ്കെടുത്തു. "സീസണിലുടനീളം ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്തു, അവസാന മത്സരത്തിന് മുമ്പും ഞങ്ങൾ അത് ചെയ്യുന്നുണ്ട്. നിർഭാഗ്യവശാൽ, ഈ സീസണിൽ ഇത് ഞങ്ങൾക്ക് ഫലം ലഭിച്ചില്ലെങ്കിലും അടുത്ത സീസണിൽ ഞങ്ങൾ കഠിനാധ്വാനം തുടരും" ജെസ്സെൽ പറഞ്ഞു.

Your Comments

Your Comments