'ഇനിയും 11 കളികളുണ്ട്. ഞങ്ങൾക്ക് സ്വയം തെളിയിക്കാൻ സമയമുണ്ട്.' പ്രശാന്ത്

ഒഡീഷ എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ 4-2 ന് തോൽവി വഴങ്ങിയതിനു ശേഷം വെറും മൂന്നുദിവസത്തെ ഇടവേളയ്ക്കു ശേഷം ജംഷഡ്‌പൂർ എഫ്‌സിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുകയാണ്. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന പങ്കെടുത്തു.

"ഒഡീഷ എഫ്‌സിക്കെതിരെയുള്ള രാത്രി ദുഷ്‌കരമായിരുന്നു. ആ മത്സരം മുതൽ ഞങ്ങൾ ഒരുങ്ങുകയാണ്. ഞങ്ങൾ ഇന്നലെ നല്ല പരിശീലനം നേടി, ഇന്ന് ഞങ്ങൾ പരിശീലനത്തിന് പോകുന്നു. ഫുട്ബോളിൽ, ഞങ്ങൾ ഒരു നല്ല ടീമാണെന്ന് കാണിക്കേണ്ടതുണ്ട്. ഞങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ ടീമിന് മികച്ച ഫലങ്ങൾ നേടാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്" കിബു വികുന പറഞ്ഞു.

തന്റെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു സമ്മർദ്ദവും അനുഭവപ്പെടുന്നില്ലെന്നും പകരം കാര്യങ്ങൾ മനസിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും വികുന പറഞ്ഞു.

"ഇത് സ്റ്റൈലിന്റെ പ്രശ്നമല്ല. ടീമുകൾ വ്യത്യസ്തമാണ്, കളിക്കാർ വ്യത്യസ്തമാണ്. ഞങ്ങൾ മാറ്റങ്ങൾ വരുത്തുന്നു, തുടക്കം മുതൽ ഞങ്ങൾ ഒരേ രീതിയിൽ കളിക്കുന്നില്ല. ഞങ്ങളുടെ ടീമിന്റെ രീതികൾ മെച്ചപ്പെടുത്താനും തെറ്റുകൾ ശരിയാക്കാനും ഞങ്ങൾ ശ്രമിക്കുന്നു. ഈ ടീമിന് മികച്ച ഫലങ്ങൾ നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് ഒരു രീതിയിൽ പിടിവാശി കാണിക്കുന്നതിനെക്കുറിച്ചുള്ളതല്ല."

പ്രതിരോധ മിഡ്ഫീൽഡറായ സെർജിയോ സിഡോഞ്ചയ്ക്ക് പകരക്കാരനായി എത്തിയ പുതിയ താരം ജുവാണ്ടെ തിങ്കളാഴ്ച മുതൽ കളത്തിലിറങ്ങാനായി തയ്യാറാകുമെന്ന് കോച്ച് വെളിപ്പെടുത്തി. അതേസമയം, സീസണിൽ 11 മത്സരങ്ങൾ കൂടി ബാക്കിയുള്ളതിനാൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരവ് സാധ്യമാകുമെന്ന് കിബുവിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെ പ്രശാന്ത് പറഞ്ഞു.

"ഇത് ഒരു വിഷമകരമായ സാഹചര്യമാണ്, പക്ഷേ ഇത് ഫുട്ബോളിന്റെ ഭാഗമാണ്. എന്നാൽ കുറച്ച് വർഷങ്ങളായി ഇത് അങ്ങനെയാണ്. ഞാൻ ടീമിനെ സഹായിക്കാൻ ശ്രമിക്കുകയാണ്, എല്ലാ കളിക്കാരും അവരുടെ 100 ശതമാനം നൽകാൻ ശ്രമിക്കുന്നു. എല്ലാവരും നിരാശരാണ്, പക്ഷേ ഇനിയും 11 കളികളുണ്ട്. പരിശീലനത്തിലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾ തിരുത്തുകയാണ്. ഞങ്ങൾക്ക് സ്വയം തെളിയിക്കാൻ സമയമുണ്ട്.

"എന്നെ സംബന്ധിച്ചിടത്തോളം, കോച്ച് എങ്ങനെ കളിക്കണമെന്നത് അനുസരിച്ച് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് ഞാൻ ആകാൻ ആഗ്രഹിക്കുന്ന കളിക്കാരൻ. കോച്ച് എന്നെ ഒരു റൈറ്റ് ബാക്ക് ആയി കളിക്കാൻ ആഗ്രഹിക്കുന്നു, ഒപ്പം എനിക്ക് ഈ റോളിൽ പരിചയമുണ്ട്. ഞാൻ നൂറുശതമാനം നൽകുന്നു” അദ്ദേഹം പറഞ്ഞു.

ദുർബലമായ പ്രതിരോധനിരയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രതിസന്ധി. ഈ സീസണിൽ ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്നായി 17 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര വഴങ്ങിയത്. എതിർ ടീം താരങ്ങളെ മാർക്ക് ചെയ്യുന്നതിൽ വരുത്തിയ പിഴവുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോളുകൾ വഴങ്ങാൻ കാരണമായത്. പ്രതിരോധത്തിലെ പിഴവുകളാണ് ടീമിനെ ഇത്രത്തോളം തോൽവിയിലേക്ക് നയിച്ചത്. ജോർദാൻ മറേയുടെ ഫിനിഷിങ്ങിലെ പിഴവുകളും ടീമിനെ വലയ്ക്കുന്നു. എന്നാൽ പ്രധാന സ്ട്രൈക്കർ ആയ ഗാരി ഹൂപ്പർ അവസാന മത്സരത്തിൽ മടങ്ങിയെത്തിയതും ഗോളടിച്ചതും ബ്ലാസ്റ്റേഴ്സിന് ആശ്വാസം പകരുന്ന കാര്യമാണ്. ജോർദാൻ മുറേ മൂന്ന് ഗോളുകളും, ഗാരി ഹൂപ്പർ രണ്ട് ഗോളുകളുമാണ് ഇതുവരെ നേടിയിട്ടുള്ളത്. അതെ സമയം ടീമിന്റെ മധ്യനിര മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. മധ്യനിരയിൽ ഫക്കുണ്ടോ പെരേര, വിസെന്റെ ഗോമസ് എന്നീ താരങ്ങൾക്ക് മികച്ച പ്രകടനമാണ് നടത്തുന്നത്.

Your Comments

Your Comments