ഇന്ത്യൻ സൂപ്പർ ലീഗിൽ പതിനാറു മത്സരങ്ങൾ പിന്നിടുമ്പോൾ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്സ് കാഴ്ചവെക്കുന്നത്. സീസണിന്റെ ആരംഭം മുതൽ പരിക്കുമൂലം പ്രധാന താരങ്ങളെ നഷ്ടപ്പെട്ട ടീം  എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നേറുകയാണ്. ഗോവക്കെതിരായ അവസാന മത്സരത്തിൽ ചരിത്ര വിജയമാണ് ബ്ലാസ്റ്റേഴ്സ് രേഖപ്പെടുത്തിയത്. ആദ്യ പകുതിയിൽ രണ്ടു ഗ്ലിൻ പിറകിൽ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിന് ലീഡ് നേടി മത്സരമവസാനിച്ചപ്പോൾ പിറന്നത് ചരിത്രമാണ്

മുന്നേറ്റത്തിനുപിന്നിൽ കേരളാ ബ്ലാസ്റ്റേഴ്സ് യുവനിരയുടെ പങ്ക് വലുതാണ്. സീസൺ ആരംഭിക്കുമ്പോൾ, പരിശീലകൻ ഇവന്റെ വാക്കുകൾ കടമെടുത്താൽ, സീസൺ ആരംഭിക്കുമ്പോൾ ബെഞ്ചിൽ പോലും ഇടം പിടിക്കാത്തവരാണ് പിന്നീട് ടീമിന്റെ ചുമതലയേറ്റെടുത്തത്. പകരക്കാരായി വന്നവർ ചുമതലകളേറ്റടുത്ത് കളം നിറഞ്ഞപ്പോൾ, തിരിച്ചുവരവിന്റെ പാതയിലാണ് ബ്ലാസ്റ്റേഴ്സ്. പകരക്കാരായി വന്നവരിൽ ഭൂരിഭാഗവും കേരളാ ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിൽ നിന്നുയർന്നു വന്ന യുവതാരങ്ങളാണെന്നത് ടീമിനഭിമാനിക്കാവുന്ന കാരണങ്ങളിൽ പ്രധാനമായി

സീനിയർ ടീം ഐഎസ്എല്ലിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽപ്പോലും ബ്ലാസ്റ്റേഴ്സ് അക്കാദമിയിലും റിസേർവ് ടീമിന്റെ വളർച്ചയിലും നിക്ഷേപം നടത്തിയതിന് ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ അന്നത്തെ ടെക്നിക്കൽ ഡയറക്ടറായിരുന്ന തങ്ബോയ് സിംഗ്തോ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. "യൂത്ത് സിസ്റ്റത്തിൽ നിക്ഷേപം നടത്താനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനമാണ് ബ്ലാസ്റ്റേഴ്സിന് സംഭവിച്ച ഏറ്റവും മികച്ച കാര്യം. അതിന്റെ പ്രതിഫലം അവർ ഇപ്പോൾ കൊയ്യുകയാണ്," ബ്ലാസ്റ്റേഴ്സിന്റെ അന്നത്തെ യൂത്ത് ടീം മാനേജരായ മുഹമ്മദ് റാസി timesofindia.com-നോട്  പറഞ്ഞു

സിംഗ്ടോയുടെ കീഴിൽ, ഷമീൽ ചെമ്പകത്ത്, രഞ്ജിത്ത് ടിഎ തുടങ്ങിയ പരിശീലകർ യുവതാരങ്ങളെ കഠിനാധ്വാനത്തിലൂടെ ഉടച്ചുവാർത്തപ്പോൾ പിറന്നത് മികച്ച കായീകക്ഷമതയുള്ള പോരാട്ടവീര്യമുള്ള യുവനിരയാണ്. "2020-21 സീസണിൽ, യുവതാരങ്ങൾക്കായി ഒരു അധിക ഓഫ്-സീസൺ ക്യാമ്പ് ആരംഭിക്കാൻ പരിശീലകർ തീരുമാനിച്ചിരുന്നു. സഹൽ, ജീക്സൺ, നിഹൽ തുടങ്ങിയ കളിക്കാർക്ക് ക്യാമ്പുകളിൽ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചു." കേരളാ ബ്ലാസ്റ്റേഴ്സിലെ മുൻ കോച്ചിംഗ് സ്റ്റാഫ് പറഞ്ഞു.

2017-18 സീസണിൽ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് അക്കാഡമിയുടെ വളർന്നുവന്ന താരങ്ങളാണ് മുഹമ്മദ് ഐമെൻ, അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ മുഹമ്മദ് ഐമൻ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, സച്ചിൻ സുരേഷ് എന്നീ താരങ്ങൾ. കഴിവ്യ്ക് കണ്ടെത്തി, അവരുടെ വളർച്ചയിൽ ഒപ്പം നിന്ന്, ഒരു യുവനിരയെ പാകപ്പെടുത്തി, റിസേർവ് ടീമിലും പിന്നീട് സീനിയർ ടീമിലേക്കും അവരെ പടുത്തുയർത്തി, ഒടുവിൽ ടീമിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമായി താരങ്ങൾ മാറ്റുന്നതിലും മനോഹരമായ മറ്റെന്തുണ്ട്? ഏതു ടീമിനും മാതൃകയാക്കാനാകുന്ന, അല്ലെങ്കിൽ ഇന്ത്യയിലെ മറ്റുള്ള ടീമുകൾ മാതൃകയാക്കേണ്ട ഒന്ന്!