ഇന്ത്യ സൂപ്പർ ലീഗ് എട്ടാം സീസണിലെ ഏഴാം മത്സരത്തിൽ നോർത്ത് യുണൈറ്റഡും കേരളാ ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടി. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാടിയ മത്സരം സമനിലയിൽ കലാശിച്ചു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി,  ആദ്യ പതിനൊന്ന്

സുഭാഷിഷ് റോയ് (ജി.കെ), പാട്രിക് ഫ്ലോട്ട്മാൻ, പ്രൊവാട്ട് ലക്ര, ഗുർജീന്ദർ കുമാർ, ഖാസ്സ കാമറ, ഹെർണൻ സന്താന (സി), പ്രഗ്യാൻ ഗൊഗോയ്, സുഹൈർ വടക്കേപീടിക, ലാൽദൻമാവിയ റാൾട്ടെ, ദെഷോൺ ബ്രൗൺ, ലാൽഖാവ്പുമാവിയ.

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ആദ്യ പതിനൊന്ന്

ആൽബിനോ ഗോമസ് (ജികെ), എനെസ് സിപോവിച്ച്, ജെസൽ കാർനെറോ (സി), മാർക്കോ ലെസ്കോവിച്ച്, ആയുഷ് അധികാരി, ഹർമൻജോത് ഖബ്ര, സഹൽ സമദ്, അഡ്രിയാൻ ലൂണ, ജീക്സൺ സിംഗ്, വിൻസി ബാരെറ്റോ, ജോർജ് ഡയസ്.

മത്സരത്തിന്റെ പ്രധാനഭാഗങ്ങൾ

ടോസ് നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ ഇടത്തുനിന്നു വലത്തോട്ട് കളിക്കാൻ തീരുമാനിച്ചു. നാലാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിനാനുകൂലമായൊരു ഫ്രീ കിക് ലഭിച്ചെങ്കിലും ഗോൾ നേടാൻ ടീമിനായില്ല. ഇരുപത്തിയൊന്നാം മിനിറ്റിൽ പന്ത് ഹെഡ് ചെയ്യാൻ കുതിച്ച ഗുർജീന്ദർ കുമാർ വിൻസി ബാരെറ്റോയെ ഫൗൾ ചെയ്തതിനെ തുടർന്ന് മത്സരത്തിലെ ആദ്യ മഞ്ഞ കാർഡ് ഗുർജിന്ദറിന് ലഭിച്ചു. ഇരുപത്തിയഞ്ചാം മിനിറ്റിൽ ഡെഷോൺ ബ്രൗണിനെ ടാക്കിൾ ചെയ്യാൻ ശ്രമിച്ച എനെസ് സിപോവിചിനെതിരെ ഫൗൾ വിളിക്കുകയും താരത്തിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. ഫൗളിനെത്തുടർന്ന് നോർത്ത് ഈസ്റ്റിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. മുപ്പതിമ്മൂന്നാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ഫ്രീകിക്ക് ശ്രമവും ഗോളാക്കാനായില്ല. പന്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പർ സുഭാശിഷ് റോയ് പന്ത് അനായാസമായി കയ്യിലൊതുക്കി. മുപ്പത്തിയൊമ്പതാം മിനിറ്റിൽ അഡ്രിയാൻ ലൂണ പ്രോവട് ലക്രയെ ടാക്കിൾ ചെയ്തെടുത്ത ബാൾ ജോർജ് ഡയസിന് പാസ് ചെയ്തു. കേരളാബ്ലാസ്റ്റേഴ്സിന് ഗോളെന്നുറപ്പിച്ച അവസരത്തിൽ പന്ത് വല തുളയ്ക്കാതെ പുറത്തേക്കുപോയി. ആദ്യ പകുതിയിലേക്ക് മൂന്നു മിനിറ്റ് അധികമായി കൂട്ടിച്ചേർത്തെങ്കിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല.

രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ ഗുർജീന്ദർ കുമാർ മൈതാനം വിടുകയും തോണ്ടൻബ സിംഗ് കളത്തിലിറങ്ങുകയും ചെയ്തു. അന്‍പത്തിനാലാം മിനിറ്റിൽ വീണ്ടും ഗോൾ നേടാനുള്ള ഒരു സുവർണാവസരം കേരളാ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും പന്ത് ഗോൾ പോസ്റ്റിനു പുറത്തേക്കു തെറിച്ചു. അമ്പത്തിയെട്ടാം മിനിറ്റിൽ വിൻസി ബരെറ്റോയുടെ മറ്റൊരു ഗോൾ ശ്രമം വീണ്ടും വൈഡിൽ അവസാനിച്ചു. അറുപതാം മിനിറ്റിൽ ആയുഷ് അധികാരിക്കു പകരം ലാൽതതംഗ ഖാൾറിംഗ് കളത്തിലിറങ്ങി. അറുപത്തിനാലാം മിനിറ്റിൽ പന്ത് കൈക്കലാക്കിയ സഹൽ ജെസ്സെലിനു പാസ് ചെയ്തു, ജെസ്സെൽ പന്ത് അഡ്രിയാൻ ലൂണയ്ക്ക് പാസ് ചെയ്യുകയും ലൂണ ഗോളിനായി ശ്രമിക്കുകയും ചെയ്തുവെങ്കിലും നോർത്ത് ഈസ്റ്റ് പ്രതിരോധം പന്ത് തടയുകയും ക്ലിയർ ചെയ്യുകയും ചെയ്തു. അറുപത്തിയേഴാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ വീണ്ടും സബ്സ്റ്റിറ്റ്യൂഷൻ നടന്നു. ദെഷൊൺ ബ്രൗണിനു പകരം മത്യാസ് കുറൂരും  പ്രഗ്യാൻ ഗൊഗോയ്ക്ക് പകരം മുഹമ്മദ് ഇർഷാദും കളത്തിലിറങ്ങി. അറുപത്തിയൊമ്പതാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയിലും വീണ്ടും സബ്സ്റ്റിറ്റ്യൂഷൻ നടന്നു. സഹൽ സമദിനു പകരം നിഷു കുമാറും ജോർജ് ഡയസിനു പകരം അൽവാരോ വാസ്ക്വസും കളത്തിലിറങ്ങി. എണ്പതാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ ലാൽദൻമാവിയ റാൾട്ടെയ്ക്ക് പകരം മൻവീർ സിംഗ് ഇറങ്ങി. എൺപതിമ്മൂന്നാം മിനിറ്റിൽ നിഷു കുമാറിന്റെ ഗോൾ ശ്രമം സുഭാശിഷ് റോയ് വീണ്ടും സമയോചിതമായി തടഞ്ഞു. എൺപത്തിയൊമ്പതാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയിൽ വീണ്ടും സബ്സ്റ്റിറ്റ്യൂഷൻ. വിൻസി ബാരെറ്റോയ്ക്ക് പകരം പ്രശാന്ത് കരുത്തടത്തുകുനിയും അഡ്രിയാൻ ലൂണയ്ക്ക് പകരം ചെഞ്ചോ ഗെയ്ൽറ്റ്ഷെനും കളത്തിലിറങ്ങി.

സബ്സ്റ്റിറ്റ്യൂഷനുകൾക്ക് വലിയ മാറ്റങ്ങളൊന്നും കളിക്കളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ അധിക മൂന്നു മിനിറ്റ് സമയം അവസാനിക്കുമ്പോഴും ഗോളുകൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല.

മത്സരം സമനിലയിൽ കലാശിച്ചു. ഹീറോ ഓഫ് ദ മാച്ച് അവാർഡ് നോർത്ത് ഈസ്റ്റ് ക്യാപ്റ്റൻ ഹെർണൻ സന്താനയ്ക്ക് ലഭിച്ചു.