കേരളബ്ലാസ്റ്റേഴ്സിനെ ലോകപ്രശസ്തമാക്കിയത് മഞ്ഞപ്പടയാണ്. ബ്ലാസ്റ്റേഴ്‌സ്  നെടുംതൂണായ പന്ത്രണ്ടാമൻ.  മഞ്ഞപ്പടയ്ക്ക് കരുത്ത് പകരുന്നത് ബ്ലാസ്റ്റേഴ്സിനെയും കാല്പന്തിനെയും നെഞ്ചോട് ചേർക്കുന്ന ഒരു കൂട്ടം സാധാരണക്കാരാണ്. അവരിലൊരാളാണ് ഫൈസൽ. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന തന്റെ പ്രിയപ്പെട്ട ടീമിനെ നെഞ്ചോട് ചേർത്ത യഥാർത്ഥ ആരാധകൻ. മഞ്ഞപ്പട മലപ്പുറം വിംഗ് അംഗമായ ഫൈസൽ കഴിഞ്ഞ 3 സീസണായി കേരള ബ്ലാസ്റ്റേഴ്‌സ്ന്റെ മുഴുവൻ മത്സരങ്ങളും  വിടാതെ കാണാൻ ഇന്ത്യയിലെ എല്ലാ  സ്റ്റേഡിയത്തിലും എത്തിച്ചേരാറുണ്ട്.

ആദ്യമായി ബ്ലാസ്റ്റേഴ്‌സ് കൊച്ചി ജവാഹർലാൽ സ്റ്റേഡിയം പുൽമൈതാനിയിൽ 2014 ഒക്ടോബർ 13 ഔദ്യോഗീകമായി പന്ത് തട്ടിയപ്പോൾ മുതൽ കൊറോണ മൂലം യാത്രാവിലക്കുകളും സുരക്ഷാ പ്രശ്നങ്ങളും ഉയർന്നു വരുന്നതുവരെ,  ഗാലറിയുടെ ആരവങ്ങളിൽ ഇദ്ദേഹവുമുണ്ടായിരുന്നു. 6 വർഷവും അതിനൊരു മുടക്കവും വരുത്തിയിട്ടില്ല. ആദ്യത്തെ മൂന്ന്  സീസണുകളിൽ  എവെ സ്റ്റേഡിയങ്ങൾ ആയ ഗോവയും, ചെന്നൈയും പോയിരുന്ന ഇദ്ദേഹം നാലാം സീസൺ മുതൽ ടീമിന്റെ സന്തത സഹചാരിയായി മാറി. ഇന്ന് ഇന്ത്യയിൽ ബ്ലാസ്റ്റേഴ്‌സ് എവിടെ മത്സരത്തിനു ഇറങ്ങിയാലും ഗാലറിയിൽ 12-ആമനായി  ഈ മലപ്പുറത്തുകാരന്റെ സാന്നിധ്യം ഉണ്ടാകും. അത് ISL എന്നോ സൂപ്പർ കപ്പ് എന്നോ വിത്യാസം ഇല്ല. അത്രത്തോളം അദ്ദേഹം ഈ ക്ലബ്ബുമായി ലയിച്ചുചേർന്നിരിക്കുന്നു. ഔദ്യോഗീകമായി മഞ്ഞപ്പടയുടെ അംഗമായ ഇദ്ദേഹം കേരളാ ബ്ലാസ്റ്റേഴ്സിന്റെ Travelling Fan എന്ന നിലയിലാണ് അറിയപ്പെടുന്നത്.

ഐഎസ്എൽ  ഫിക്സ്ചർ പുറത്ത്  വന്നാൽ  ഫൈസൽ ആദ്യം  ചെയ്യുന്നത്  തനിക്കുള്ള ഫിക്സ്ചർ തയ്യാറാക്കുക എന്നതാണ്. എന്നിട്ട് യാത്രക്കുള്ള ട്രെയിൻ/ഫ്ലൈറ്റ് ടിക്കറ്റും മത്സര ടിക്കറ്റുകളും ഉറപ്പുവരുത്തും. പിന്നെ ഐഎസ്എൽ ആരംഭിക്കാനുള്ള കാത്തിരിപ്പാണ്. യാത്രകളിൽ അധികവും തനിച്ചാണ്‌ ഉണ്ടാവുക. അതിന്റെ കാരണവും ഇതാണ്. ടീമിന്റെ വിജയത്തിലും പരാജയത്തിലും ഒരുപോലെ ടീമിനെ പിന്തുടരുക, സപ്പോർട്ട് ചെയ്യുക എന്നതാണ് ഈ മലപ്പുറത്തുകാരന്റെ ആഗ്രഹവും ലക്ഷ്യവും.

ഈ സീസണിൽ ഐഎസ്‌എൽ മത്സരങ്ങൾ കാണാൻ പോകാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിലാണ് അദ്ദേഹം. കഴിഞ്ഞ സീസണിലെ അവസാന ചില മത്സരങ്ങളും കൊറോണ  ഭീഷണിയെ തുടർന്ന് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞിരുന്നില്ല. ഒഡീഷയിലെയും ഗുവാഹത്തിയിലെയും മത്സരങ്ങളാണ് അദ്ദേഹത്തിന് നേരിട്ടു കാണാനുള്ള അവസരം നഷ്ടമായത്. മത്സരത്തിന്റെ ടിക്കറ്റും യാത്രാ ടിക്കറ്റും എല്ലാം എടുത്തതിനു ശേഷമായിരുന്നു യാത്ര മുടങ്ങിയത്.

ഫുട്ബോളിനോടുള്ള തന്റെ പാഷൻ ഇത്രയും വളർന്നതിനുള്ള കാരണം തന്റെ പിതാവാണെന്നാണ് ഫൈസൽ പറയുന്നത്. പിതാവിന് ഫുട്ബാളിനോടുണ്ടായിരുന്ന ഇഷ്ടം പതിയെ ഫൈസലിലും വളരുകയായിരുന്നു. സ്കൂൾ തലത്തിൽ പഠിക്കുമ്പോയെല്ലാം ഫുട്ബോൾ കളിച്ചിരുന്ന ഇദ്ദേഹം ജില്ലാതലം വരെ പന്ത് തട്ടിയിട്ടുണ്ട്. തന്റെ  ചെറുപ്പകാലത്ത് സായാഹ്നങ്ങളിൽ സാമൂതിരിയുടെ മണ്ണിൽ നടന്നിരുന്ന നാട്ടിൻപുറത്തെ സെവൻസ് മേളകളും, നാഗ്‌ജി ടൂർണമെന്റിനുമെല്ലാം പിതാവിന്റെ കൈപിടിച്ചു കളികാണാൻ പോയത് അദ്ദേഹം ഇന്നുമോർക്കുന്നു.

ബിസിനസ്‌കാരായ ഫൈസലിന്റെ കുടുംബം ഫൈസലിന്റെ ഈ പാഷനോട് എന്നും കൂട്ട് നിന്നിട്ടേ ഒള്ളു. ഭാര്യ റിയയും, മക്കളായ 3 വയസ്സുകാരി ഫില ഐഷാലിനും, 12 വയസ്സുകാരനായ റിഫാസും മികച്ച പിന്തുണയുമായി ഉപ്പക്കൊപ്പമുണ്ട്. അതൊരുപക്ഷെ ഉപ്പയുടെ ആഗ്രഹത്തെ സപ്പോർട്ട് ചെയ്യുക മാത്രമല്ല, മറിച്ചു അവർക്കും ബ്ലാസ്റ്റേഴ്‌സ് എന്നത് ഇന്ന് ജീവനാണ്. പല കളികൾക്കും അവർ ഒരുമിച്ചാണ് മഞ്ഞക്കുപ്പായമണിഞ് സ്റ്റേഡിയത്തിലെത്തുന്നത്. തന്റെ പിതാവ് എപ്രകാരമാണോ തന്റെ കൈപിടിച്ചു കൊണ്ടുപോയി നാട്ടിൻപുറങ്ങളിലെയും മറ്റും കാല്പന്തിന്റെ ആവേശത്തെ കാണിച്ചു കൊടുത്തത്,  അതുപോലെ  ഫൈസലും ഇന്ന്  തന്റെ മക്കളുടെ കൈ പിടിച്ചു സ്റ്റേഡിയത്തിന്റ കവാടം കടക്കുന്നു. കാല്പന്തിന്റെ ആവേശത്തിൽ സ്നേഹത്തിന്റെ മേൻപൊടിയോടെ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു.