ലോക ഫുട്ബാളിൽ ഇരട്ട സഹോദരങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതാണ്. ഏഷ്യൻ ഫുട്ബോളിലും കഴിവ് തെളിയിച്ചവർ വളരെ വിരളം. ഇന്തയൻ ഫുട്ബാളിൽ ചൂണ്ടിക്കാണിക്കാൻ അത്തരത്തിൽ ആരുമില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ, കേരളത്തിൽ ഇരട്ട സഹോദരങ്ങൾ ഫുട്ബാൾ ആരാധകരെ അമ്പരപ്പിക്കുകയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ് യുവ താരങ്ങളായ മുഹമ്മദ് അയ്മീനും മുഹമ്മദ് അസ്ഹറും.

ഇരട്ടകൾ, കാഴ്ച്ചയിൽ തിരിച്ചറിയാനാകാത്തത്ര സാമ്യമുള്ള ഇരട്ട സഹോദരങ്ങൾ, ലക്ഷദ്വീപിന്റെ നന്മയിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയ, ഫുട്ബോളിനെ നെഞ്ചേറ്റിയ രണ്ടു യുവ താരങ്ങൾ. കേരളാ ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ട്രയൽസിലൂടെ ടീമിന്റെ യുവ നിരയിലേക്ക് കടന്നു വന്ന ഇരുവരും ശ്രദ്ധിക്കപ്പെടുന്നത് കഴിഞ്ഞ ഡ്യൂറൻഡ് കപ്പ് സീസണിലൂടെയാണ്. ടൂർണമെന്റിൽ അയ്മീൻ മൂന്നു ഗോളുകളും ഒരു അസിസ്റ്റും നേടിയപ്പോൾ, അദ്ദേഹത്തിന്റെ സഹോദരൻ അസ്ഹർ രണ്ട് അസിസ്റ്റുകളും നേടി. അസ്ഹറിന്റെ ഒരു അസിസ്റ്റ് സഹോദരന് വേണ്ടി തന്നെയായിരുന്നു എന്നതാണ് കൗതുകകരം.

അയ്മീനും അസറും ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശികളാണ്. ഇരുവരുടെയും വാപ്പയായ മുഹമ്മദ് റഫീക്ക് ഫുട്ബോൾ കളിക്കാരനായിരുന്നു. അദ്ദേഹം പഠനകാലത്ത് യൂണിവേഴ്സിറ്റി താളം വരെ ഫുട്ബോൾ കളിച്ചിരുന്നു. ലക്ഷദ്വീപിന്റെ പരിമിതികൾ മൂലം കോളേജ് പഠനത്തിന് ശേഷം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് തന്റെ കഴിവിനെ വളർത്തിയെടുക്കാൻ അദ്ദേഹത്തിനായില്ല. ഫുട്ബാളിനോടുള്ള ഇഷ്ടം ഒരിക്കലും അദ്ദേഹം കൈവെടിഞ്ഞില്ല. അതുകൊണ്ടു തന്നെ ലക്ഷദ്വീപിൽ പ്രാദേശീക ഗ്രൗണ്ടുകളിൽ വാപ്പ മുഹമ്മദ് റഫീക്ക് ഫുട്ബോൾ കളിയ്ക്കാൻ പോകുമ്പോൾ കാഴ്ചക്കാരായി മക്കളും കൂടെക്കൂടി. പതിയെ ഇരുവരുടെയും താല്പര്യം കണ്ട് ചെറു പ്രായമെങ്കിലും അവരെയും ഇടക്കൊക്കെ കളിയ്ക്കാൻ അനുവദിച്ചു തുടങ്ങി. ആ തുടക്കം ഇരുവരുടെയും കഴിവുകളെ കൂടുതൽ മികവുറ്റതാക്കി. ലക്ഷദ്വീപിൽ നടന്ന പ്രാദേശിക ടൂർണമെന്റുകളിൽ ഇരുവരും മികച്ച താരങ്ങളായി ഉയർന്നു. ഫുട്ബാളിന്റെ ലഹരിയറിഞ്ഞ ഇരട്ടക്കുട്ടികളുടെ വാപ്പക്ക് അവരുടെ ആഗ്രഹങ്ങൾക്കും കഴിവിനും മുന്നിൽ കണ്ണടക്കാനായില്ല.

മുഹമ്മദ് റഫീക്കിന് കൊച്ചിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലായിരുന്നു ജോലി. ഇരുവരുടെയും ഫുട്ബോളിലെ താല്പര്യം കണക്കിലെടുത്ത് കൂടുതൽ മികച്ച പരിശീലനത്തിനായി കുടുംബം മുഴുവനായും ആദ്യം കോഴിക്കോട് രാമനാട്ടുകാരയിലേക്കും ശേഷം ട്രാൻസ്ഫറായപ്പോൾ കൊച്ചിയിലേക്കും കുടിയേറി. ഇരു നഗരങ്ങളിലും മുഹമ്മദ് റഫീക്കിന് ലഭിച്ച കോട്ടേഴ്സിൽ താമസിച്ചുകൊണ്ട് ഇരുവരും പഠനവും ഫുട്ബോളും മുന്നോട്ടു കൊണ്ടുപോയി.

ഫുട്ബോൾ മേഖലയിലും ഫിസിക്കൽ എഡ്യൂക്കേഷൻ മേഖലയിലും താല്പര്യമുള്ള, ജോലി ചെയ്യുന്ന മുഹമ്മദ് റഫീക്കിന്റെ സുഹൃത്തുക്കളും ഇരുവരുടെയും കഴിവുകൾ കണ്ടറിഞ്ഞ് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകി. ഇരുവരും ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൊച്ചിയിലേക്ക് കുടുംബം കുടിയേറുന്നത്. അവിടെ രവി എന്ന ഫുട്ബോൾ പരിശീലകന് കീഴിൽ പ്രൊഫഷണൽ പരിശീലനം ആരംഭിച്ച കുട്ടികൾ ഓരോ ടൂർണമെന്റിലും തങ്ങൾ ഒന്നിനൊന്ന് മികച്ചവരെന്നു തെളിയിച്ച് മുന്നേറി. 

പിന്നീട് പ്രൊഫെഷണൽ സ്പോർട്സ് പരിശീലന കേന്ദ്രമായ കൊച്ചിയിലെ പ്രോഡിജി സ്പോർട്സിൽ ഇരു കുട്ടികളും ചേർന്നു. അവിടെ വച്ച് രവി സാറിന്റെ നിർദേശപ്രകാരം കേരളത്തിൽ യുവ ഫുട്ബോൾ നിരയെ വാർത്തെടുക്കാനുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ് റൂട്ട് പ്രോഗ്രാമിന്റെ സെലക്ഷനിൽ പങ്കെടുത്ത ഇരുവരും ആദ്യം കൊച്ചിയിൽ വച്ച് നടന്ന ജില്ലാ തല സെലക്ഷനിലും ശേഷം തൃശ്ശൂരിൽ നടന്ന സംസ്ഥാന തല ഫൈനൽ സെലക്ഷനിലും തിരഞ്ഞെടുക്കപ്പെട്ടു. കേരളം മുഴുവനായി ഒൻപതുകുട്ടികളെ പൂർണമായും സൗജന്യമായി പരിശീലനത്തിനായി തിരഞ്ഞെടുത്തപ്പോൾ അതിൽ ഇരുവരും ഭാഗമായി. അന്നു മുതൽ മുഹമ്മദ് അയ്മീനും മുഹമ്മദ് അസ്ഹറും ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി. തുടർന്ന് കേരളം ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് വരെ പ്രശസ്തമായ നിലമ്പൂരിലെ പീവീസ് മോഡൽ സ്കൂളിലും ഇരുവരും ചേർന്നു പഠിച്ചു.

പിന്നീടുണ്ടായത് ചരിത്രം!

അയ്മീനും മുഹമ്മദ് അസഹറും ബ്ലാസ്റ്റേഴ്‌സ് വളർത്തിയെടുത്ത താരങ്ങളാണ്. ഇരുവരുടെയും കഴിവ് ഉയരങ്ങളിലെത്താൻ അനുയോജ്യമായിരുന്നെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ആ പ്രയാണം കൂടുതൽ എളുപ്പമാക്കി എന്ന് പറയാനാകും. മുഹമ്മദ് അയ്മീനും മുഹമ്മദ് അസറും പിറന്നു വീണ കുടുംബവും മണ്ണും അവർക്ക് പിന്തുണയായി. വാപ്പ മുഹമ്മദ് റഫീക്കും ഉമ്മ ഷറഫുന്നീസ മൂത്ത സഹോദരന്മാരായ മുഹമ്മദ് അജ്മൽ, മുഹമ്മദ് അശ്ക്കർ എന്നിവരും ഇരുവരുടെയും വളർച്ചയിൽ താങ്ങായി.

റഫീഖ് മുഹമ്മദും കുടുംബവും മാതൃകയാണ്, ഉദാഹരണമാണ്. കേരളത്തിൽ ഉയർന്നു വരുന്ന ആരോഗ്യത്തിലൂന്നിയ ഫുട്ബാളിന്റെ ആവേശമറിഞ്ഞ ഒരു തലമുറക്ക് അനുകരണീയമായ മാതൃത്വക്. ഫുട്ബോൾ സ്വപ്നം കാണുന്ന ഓരോ കുട്ടിക്കും പ്രചോദമാകുന്ന മാതൃക.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണോടടുക്കുന്ന വേളയിൽ ഈ യുവതാരങ്ങളും സീസണിൽ ടീമിൽ ഇടം നേടുമെന്നും മികച്ച പ്രകടനം കാഴ്ചവക്കുമെന്നും ലക്ഷദ്വീപിനും കേരളത്തിനും ഇന്ത്യക്കും അഭിമാനമായി വളരുമെന്നും പ്രതീക്ഷിക്കാം.