'ജീക്സൺ, പ്രശാന്ത്, രാഹുൽ എല്ലാം ചെറുപ്പക്കാരാണ്. അവരാണ് ഭാവി' ഇഷ്ഫാക് അഹമ്മദ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയോട് കേരളാബ്ലാസ്റ്റേഴ്സ് എഫ്സി തോൽവി വഴങ്ങിയിരുന്നു. മുപ്പത്തിമൂന്നാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. നോർത്ത് ഈസ്റ്റിനുവേണ്ടി മലയാളി താരം വി.പി.സുഹൈറാണ് ആദ്യ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ബക്കാരി കോനെയുടെ പിഴവാണ് ഗോളിലേക്കുള്ള വഴിതെളിച്ചത്. ഖാസ കമാറ മുന്നോട്ട് നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ കോനെക്കു സംഭവിച്ച പിഴവ് മുതലെടുത്ത സുഹൈർ പന്ത് വരുതിയിലാക്കി സന്ദീപ് സിങ്ങിനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ എക്സ്ട്രാ ടൈമിൽ നോർത്ത് ഈസ്റ്റ് രണ്ടാം ഗോളും നേടി. ലാലെങ്മാവിയയാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. ലൂയി മഷാഡോയുടെ ക്രോസിൽ പന്ത് നേടിയ ഡൈലാൻ ഫോക്സ് ലാലങ്മാവിയയ്ക്ക് കൈമാറി. പന്ത് വരുതിയിലാക്കിയ മാവിയ അനായാസമായി പന്ത് വലയിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെതിരേ 2-0ന് ലീഡ് നേടി.

രണ്ടാം പകുതിയിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ടീം 2-0 ന് തോൽവി വഴങ്ങി. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സിനുമേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ നോർത്ത് ഈസ്റ്റിനായി. മത്സരത്തിൽ ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് ഖാസ്സ കമാരയ്ക്കും ലാലെങ്മാവിയയ്ക്ക് ഹീറോ ഓഫ് ദ മാച്ച് അവാർഡും ലഭിച്ചു.

മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇഷ്ഫാക് അഹമ്മദ് പങ്കെടുത്തു.

"വാട്ടർബ്രേക്കിന് ശേഷം ഉടൻതന്നെ ഞങ്ങൾ തോൽവി സമ്മതിച്ചു. ഇത് ഞങ്ങളുടെ കഥയായിരുന്നു. ചെറിയ വിശദാംശങ്ങൾ പോലും ശ്രദ്ധിക്കാതെ ഒടുവിൽ ഞങ്ങൾ തോൽവി സമ്മതിച്ചു. സെറ്റ് പീസുകളിൽ നിന്ന് രണ്ട് നല്ല അവസരങ്ങൾ സൃഷ്ടിച്ചു, ഞങ്ങൾ ആധിപത്യം സ്ഥാപിച്ചു. ബകാരി കോണിന് വ്യക്തമായ ഒരു ഗോളവസരം നഷ്ടമായി. തുടർന്ന് വാട്ടർബ്രേക് വന്നു, ഞങ്ങൾ ഒരു നിമിഷം സ്വിച്ച് ഓഫ് ചെയ്തു, തോൽവി വഴങ്ങി." അദ്ദേഹം കഴിഞ്ഞ മത്സരത്തെക്കുറിച്ച് പ്രതികരിച്ചു.

"എല്ലാ കളിക്കാരും ചെറുപ്പമാണ്. ജീക്സൺ, പ്രശാന്ത്, രാഹുൽ എല്ലാം ചെറുപ്പക്കാരാണ്. അവരാണ് ഭാവി, ഞങ്ങൾ അവരെ കളിപ്പിച്ചു. ഗിവ്സൺ, പ്യൂട്ടിയയാണ് ഭാവി, അവർ കളിച്ചു. എനിക്ക് മുഴുവൻ ഇലവനും മാറ്റാൻ കഴിയില്ല. എനിക്കൊരു നല്ല മത്സരം കാണണമായിരുന്നു. ഒപ്പം അവർക്ക് അവസരങ്ങൾ നൽകുകയും വേണമായിരുന്നു. മത്സരം വ്യത്യസ്തമായി പോയിരുന്നെങ്കിൽ, ഞാൻ തീർച്ചയായും ഞങ്ങളുടെ 18 വയസ്സുള്ള ഗോൾകീപ്പറെ (പ്രഭുസുഖൻ ഗിൽ) ഉപയോഗിക്കുമായിരുന്നു.

"കളിക്കാർക്ക് നല്ല വികാരത്തോടെ സൈൻ ഓഫ് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നോർത്ത് ഈസ്റ്റിന് ക്രെഡിറ്റ് നൽകണം. അവർ നന്നായി പ്രതിരോധിച്ചു. അവരുടെ പ്രതിരോധ മിഡ്ഫീൽഡർ ഖാസ്സ കാമറ ഒരത്ഭുതകരമാണെന്ന് ഞാൻ വിലയിരുത്തുന്നു."

"നിങ്ങൾ ഇടക്കാല ഹെഡ് കോച്ചായിരിക്കുമ്പോൾ, ഒന്നുനുവേണ്ടിയുമല്ലാതെ കളിയ്ക്കാൻ വളരെ ബുദ്ധിമുട്ടാണ്. രണ്ടാമത്തെ ഗോളിൽ ഞങ്ങൾക്ക് കൂടുതൽ ഒന്നും ചെയ്യാൻ കഴിയിലായിരുന്നു. അതൊരു മികച്ച സ്ട്രൈക്കായിരുന്നു. ആദ്യ ഗോൾ അതെ, ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താനും ഗോൾകീപ്പർക്ക് കൂടുതൽ നന്നായി ചെയ്യുവാനും കഴിയുമായിരുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

Your Comments

Your Comments