ഫുട്ബോളിനെ പ്രണയിച്ച പെൺകുട്ടി!

2019 ഒക്ടോബർ പത്ത് കായികലോകത്തെ ചരിത്രദിവസമായി രേഖപ്പെടുത്തി. നാൽപതു വർഷങ്ങളായി പുരുഷന്മാരുടെ മാത്രം അവകാശമായിരുന്ന സ്റ്റേഡിയത്തിൽ നേരിട്ട് ഫുട്ബോൾ കളികാണാനുള്ള അനുവാദം സ്ത്രീകൾക്കും നൽകപ്പെട്ടു. ചരിത്രത്തിൽ രേഖപ്പെടുത്തിയ ഇറാൻ -കംബോഡിയ ലോകകപ്പ് യോഗ്യത മത്സരം കാണാനെത്തിയത് 4600 ഓളം ഇറാനിയൻ സ്ത്രീകളാണ്. എന്നാൽ ആ സ്വാതന്ത്ര്യത്തിന്റെ വില ഒരു യുവതിയുടെ ജീവനായിരുന്നു. കാൽപ്പന്തിനെ പ്രണയിച്ച സഹർ ഖൊദയാരിയെന്ന ഇറാനിയൻ യുവതി വേഷം മാറി കളികാണാൻ സ്റ്റെഡിയത്തിലെത്തി പിടിക്കപ്പെട്ടു. വിചാരണക്കായി കോടതിയിലെത്തിയ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. ലോകത്തിന്റെ പലഭാഗത്തും നിന്ന് പ്രതിഷേധങ്ങൾ ഉയർന്നു. ഒടുവിൽ നിയമങ്ങൾ പൊളിച്ചെഴുതേണ്ടിവന്നു. പക്ഷെ ഇപ്പോഴും ലോകത്തിലാകമാനവും ഇന്ത്യയിൽപ്പോലും ഏതു കായീക മത്സരങ്ങളിലും സ്ത്രീസാന്നിധ്യം വളരെ കുറവാണ്. പത്തിലൊന്ന് എന്ന ശതമാനത്തിലാണ് സ്ത്രീകളുടെ സ്റ്റേഡിയത്തിലെ സാന്നിധ്യം.

ഇങ്ങു ഇന്ത്യയിലും ഫുട്ബോളിനെ നെഞ്ചിലേറ്റി നടക്കുന്ന അപൂർവ്വം വനിതകൾ ഉണ്ട്. കാൽപ്പന്തു കളിയോടുള്ള അഭിനിവേശം സിരകളിൽ ഒഴുകുന്ന വനിതകൾ. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലും അങ്ങനെ അപൂർവ്വം ആരാധികമാർ ഉണ്ട്. അതിൽ ഒരാൾ ആണ് നന്ദന വിജയൻ എന്ന കൊച്ചു മിടുക്കി.

ഫുട്ബോളിനെ അഗാധമായി പ്രണയിക്കുന്നവൾ. ഫുട്ബോളിനെ ഒരു കളിയായി മാത്രം കാണാതെ ഒരു മതമായി നന്ദന കാണുന്നവൾ. #thatfootygirl എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ പ്രശസ്തയാണ് നന്ദന. ഫുട്ബാളിൽ പ്രത്യേകിച്ചും ഇന്ത്യൻ ഫുട്ബാളിൽ അഗാധപാണ്ഡിത്യമാണ് ഈ കൊച്ചുമിടുക്കിക്ക്.

"The girl who speak fluent football. Ground knows no gender." ഇതാണ് നന്ദനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബയോ. അതിനെ അർത്ഥവത്താക്കുന്നതാണ് നന്ദനയുടെ രീതികൾ. ഫുട്ബോളിനെ വിലയിരുത്തുകയും പഠിക്കുകയും ചെയ്യാറുണ്ട് നന്ദന. അതുകൊണ്ടാണ് ഫുട്ബാളിൽ അഗാധമായ പാണ്ഡിത്യം നന്ദനക്കുണ്ടായത്. കേരള ഫുട്ബാളിലെയും ഇന്ത്യൻ ഫുട്ബാളിലെയും ഏതു താരങ്ങളെയും നിമിഷങ്ങൾക്കുള്ളിൽ ഓർത്തെടുക്കാനും അവരെക്കുറിച്ചു സംസാരിക്കാനും നന്ദനയ്ക്ക് കഴിയും. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ആയ കേരളബ്ലാസ്റ്റേഴ്സിലെയും ഐ ലീഗ് ക്ലബ് ആയ ഗോകുലം എഫ്‌സിയിലെയും പല താരങ്ങളുമായും മികച്ച സൗഹൃദബന്ധങ്ങളും നന്ദന കാത്തുസൂക്ഷിക്കുന്നുണ്ട്. 

ഫുട്ബാളിന്റെ നിയമാവലികൾ നന്ദന ഒറ്റയ്ക്ക് തന്നെയാണ് മനസ്സിലാക്കിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും പേജുകളിലൂടെയും ആണ് ഫുട്ബോളിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്.  പതിനേഴുവയസുമാത്രമേ ഉള്ളുവെങ്കിലും ഫുട്ബോൾ സംബന്ധിച്ച ലേഖനങ്ങളും നന്ദന എഴുതിയിട്ടുണ്ട്.  നിരവധി ഫുട്ബോൾ ഗ്രൂപ്പുകളുടെ അഡ്മിൻ ആണ് നന്ദന. ടീം ഉടമകളും പരിശീലകരും താരങ്ങളും ഉൾപ്പെട്ട ചർച്ചകളിലും ഈ മിടുക്കി പങ്കെടുക്കാറുണ്ട്. ഇന്ത്യൻ ഫുട്ബോൾ ഗ്രൂപ്പുകളിലും അഡ്മിൻ പാനലിൽ നന്ദനയുണ്ട്. വിമൻസ് ഗ്രൂപ്പുകളിലെയും സ്റ്റാർ ആണ് നന്ദന. തനിക്ക് അറിയാവുന്ന വിവരങ്ങൾ മറ്റുള്ളവരിൽ എത്തിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത നന്ദന പെൺകുട്ടികൾക്കിടയിൽ ഫുട്ബോൾ പ്രചരിപ്പിക്കുന്നതിനായി മികച്ച ആഹ്വാനങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ചെയ്യാറുണ്ട്.

നെയ്മറിനെയാണ് ലോക ഫുട്ബാളിൽ നന്ദനക്ക് ഏറ്റവും പ്രിയം. ഇന്ത്യൻ ഫുട്ബാളിൽ സുനിൽ ഛേത്രിയും കേരളാബ്ലാസ്റ്റേഴ്സിലെ രാഹുൽ കെപിയുമാണ് ഇഷ്ടതാരങ്ങൾ. നെയ്മറിനോട് തോന്നിയ ആരാധനയാണ് നന്ദനയെ ഫുട്ബാളിനോട് കൂടുതൽ അടുപ്പിച്ചത്. ഇന്ത്യൻ ഫുട്ബോളിലെ യൂത്ത് ടീമുകളെയും  റിസർവ് -സീനിയർ ടീമുകളെയും അതിലെ താരങ്ങളെയും ഉൾപ്പടെ ഫോളോ ചെയ്യുകയും അതിലെ വലിയൊരു വിഭാഗം താരങ്ങളുമായും മികച്ച സൗഹൃദ ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട് നന്ദന. അവരുടെയൊക്കെ കുഞ്ഞു പെങ്ങൾ ആണ് ഈ മിടുക്കി. താരങ്ങൾ മാത്രം അല്ല ടെക്‌നിക്കൽ സ്റ്റാഫും ഉടമകളും കായിക ലേഖകരും ഉൾപ്പെട്ട വലിയൊരു സൗഹൃദ വലയം നന്ദനയ്ക്കുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ ഉന്നതിയാണ് നന്ദനയുടെ സ്വപ്നം. ഇന്ത്യൻ ഫുട്ബാളിന്റെ ലോകകപ്പ് പ്രവേശനവും മറ്റു നേട്ടങ്ങൾ കീഴടക്കുന്നതും നന്ദന സ്വപ്നം കാണുന്നു. വനിതകൾക്കായുള്ള ഇന്ത്യൻ സൂപ്പർ ലീഗും നന്ദനയുടെ ലിസ്റ്റിലുണ്ട്.

നന്ദനയുടെ മുറി പോലും ഫുട്ബോൾ സംബന്ധമായി അലങ്കരിച്ചിട്ടുണ്ട്. ഫുട്ബോളിനെ നെഞ്ചോടു ചേർത്ത പെൺകുട്ടി. പഠനത്തോടൊപ്പം തന്നെ നിരന്തരം ഫുട്ബോൾ സംബന്ധമായ അറിവും തേടുന്ന പെൺകുട്ടി.

നന്ദന കായംകുളം എസ് എൻ സെൻട്രൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ആലപ്പുഴ ജില്ലയിലെ ഗിരിജ - വിജയൻ ദമ്പതികളുടെ ഒരേയൊരു മകളാണ് നന്ദന. മകളുടെ അമിതമായ ഫുട്ബോൾ പ്രണയത്തിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. പക്ഷെ നന്നായി പഠിച്ച് ആ ആശങ്കകളെയും നന്ദന മറികടക്കുന്നു. പരിമിതികൾ ഏറെയുണ്ടെങ്കിലും മറ്റാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ ഫുട്ബോളിനെ നെഞ്ചോടു ചേർത്ത് മുന്നോട്ടുപോകാനാണ് നന്ദനയുടെ തീരുമാനം. ഭാവിയിൽ ഫുട്ബോളുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യാനാണ് നന്ദനയ്ക്ക് താല്പര്യം.

Your Comments

Your Comments