കേരളബ്ലാസ്റ്റേഴ്സിനൊപ്പം ആൽബിനോയുടെ ഭാവി!

മൂന്ന് വർഷം മുമ്പ്, ഐസ്വാൾ ടീമിലെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായിരുന്നു ആൽബിനോ ഗോമസ്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. തുടക്കത്തിൽ മികച്ച പ്രകടനമാണ് അദ്ദേഹം ഐസ്വാൾ ടീമിനുവേണ്ടി കാഴ്ചവച്ചത്. എന്നാൽ ഗോമസിന്റെ കരിയർ പിന്നീട് നിരാശാജനകമായ വഴിത്തിരിവിലേക്ക് തിരിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ അദ്ദേഹത്തിനായിട്ടില്ല എങ്കിലും ആൽബിനോയുടെ കഴിവിനെക്കുറിച്ച് ആർക്കും ഒരു സംശവുമില്ല. പരിക്ക് മൂലം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നിരുന്ന ആൽബിനോ ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സിനെ തട്ടകത്തിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്.

ഗോളികൾ വരുന്നതും പോകുന്നതും പല സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സ് കണ്ടു. ഗോൾ കീപ്പിങ്ങിലെ പിഴവുകൊണ്ടു മാത്രം മറ്റെല്ലാ നേട്ടങ്ങൾ അനുകൂലമായിട്ടും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. മാനേജ്‌മന്റ് ഏറെ പഴികൾ അതിനു കേൾക്കുകയും ചെയ്തു. പോൾ റച്ചുബ്കക്കുശേഷം, ബെഞ്ചിൽ വേരുറക്കാനായി എടികെയിലേക്ക് ചുവടുമാറ്റിയ ധീരജ് സിംഗ്, എഫ്‌സി ഗോവയിലേക്ക് ചേക്കേറിയ നവീൻ കുമാർ, ടി പി രെഹനേഷ്, ബിലാൽ ഖാൻ, ഷിബിൻരാജ് കുന്നിയിലുമെല്ലാം ഓരോ സീസണിലായി ബ്ലാസ്റ്റേഴ്സിന്റെ വല കാത്തു. ആ നിരയിലേക്കാണ് ഇപ്പോൾ ഗോമസിന്റെ വരവ്.

ഏറെ കഴിവുള്ള താരമാണ് ആൽബിനോ. മുംബൈ സിറ്റിക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കരിയർ ആരംഭിച്ച താരം ലോണിലാണ് ഐസ്വാൾ ടീമിലേക്കു കുടിയേറിയത്. തുടർന്ന് ടീം ഐസ്വാൾ കിരീടം നേടി. തുടർന്ന് ആൽബിനോ ഡൽഹി ഡൈനാമോസിലേക്ക് ചുവടുമാറ്റി. ഡൈനാമോസിനൊപ്പമുള്ള 2017-18 സീസണിലെ നാലാം മത്സരമാണ് അദ്ദേഹത്തിന്റെ കരിയറിൽ ദുരന്തം വിതച്ചത്. നാലാമത്തെ മത്സരത്തിലെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം സീസണിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

ഒരു സീസൺ മുഴുവനും കളിക്കാനാകാതെ പുറത്ത് ചിലവഴിക്കുന്നത് അൽബിനോയെ നിരാശപ്പെടുത്തി. “ജം‌ഷെദ്‌പൂറിനെതിരായ ഒരു സ്ട്രെച്ചറിൽ‌ ഫീൽ‌ഡിൽ‌ നിന്നും ഇറങ്ങുമ്പോൾ‌ അത് വളരെ നിരാശാജനകമായിരുന്നു. എനിക്ക് ഒരു ഗുരുതരമായ പരിക്ക് ഉണ്ടെന്ന് എനിക്ക് തോന്നി, പക്ഷേ എനിക്ക് ഇത്രയും സമയം നഷ്ടപ്പെടുമെന്ന് എനിക്കറിയില്ലായിരുന്നു. സൈഡ്ലൈനിൽ ഇരുന്നു കളി കാണുന്ന ഏതൊരു കളിക്കാരനും താൻ നിസ്സഹായനാണെന്നും ടീമിനെ ഇനി സഹായിക്കാനാകില്ലെന്നും അറിയുന്നത് നിരാശാജനകമാണ്. ” പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അടുത്ത സീസണിലും ഗോമസ് നിലനിൽപ്പിനായി പാടുപെട്ടു. ഒരു വിദേശ ഗോൾകീപ്പറുമായി അവസരത്തിനായി അദ്ദേഹത്തിന് മത്സരിക്കേണ്ടി വന്നു. അന്നത്തെ ദില്ലി ഡൈനാമോസ് മാനേജർ ജോസെപ് ഗൊംബാവു അൽബീനോയെക്കാൾ ഫ്രാൻസിസ്കോ ഡോറോൺസോറോ ഗോൾ കീപ്പിങ് ചെയ്യുന്നതിൽ ഇഷ്ടപ്പെട്ടിരുന്നു. എങ്കിലും രണ്ട് സീസണുകളിലായി ആകെ എട്ട് മത്സരങ്ങളിൽ കളിക്കാൻ അൽബീനോയ്ക്കായി.

ഒഡീഷ എഫ്‌സി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ടീമിനൊപ്പമുള്ള മൂന്നാം സീസൺ, ആൽബിനോയുടെ വീണ്ടെടുപ്പിനുള്ള മറ്റൊരു അവസരമായിരുന്നു. പക്ഷേ വീണ്ടും നിർഭാഗ്യങ്ങൾ അദ്ദേഹത്തിന് വിനയായി. പ്രീ സീസണിൽ അദ്ദേഹത്തിന് വീണ്ടും പരിക്കേറ്റു. 2019-20 ൽ ഒരു തവണ പോലും അദ്ദേഹത്തിന് കളിക്കാനായില്ല.

ഐസ്വാളിന്റെ ടൈറ്റിൽ വിന്നിംഗ് കാമ്പെയ്‌നിനിടെ എട്ട് ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ചയാൾക്ക് പരിക്കുകൾ കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആകെ എട്ട് മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്.

ബ്ലാസ്റ്റേഴ്സ് ആൽബിനോ ഗോമസിന് തീർച്ചയായും എളുപ്പമുള്ള തട്ടകമാകില്ല. അതിശപ്പിക്കുന്ന ആരാധക പിന്തുണയിൽ സീസണും കളിയും തുടങ്ങും മുൻപേ മികച്ച പ്രകടനം നടത്താൻ കളിക്കാരെ സമ്മർദ്ദത്തിലാക്കുന്ന ടീമാണിത്. ഓരോ താരങ്ങളെയും സൂപ്പർതാരങ്ങളായി കാണുന്ന ആരാധകവൃന്ദം. ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ!  സമ്മർദ്ദങ്ങളില്ലാതെ, പരിക്കുകളിൽ വലയാതെ നിലനിൽക്കുവാനായാൽ ആൽബിനോ ഗോമസിന്റെ ബ്ലാസ്റ്റേഴ്‌സിലെ മിന്നും പ്രകടനം അടുത്ത സീസണിൽ കാണാം.

Your Comments

Your Comments