ഒരു യുഗത്തിന്റെ അന്ത്യം, കാൽപന്തുകളിയുടെ ദൈവം വിടപറയുമ്പോൾ!

ചിത്രത്തിന് കടപ്പാട്: അർജന്റീന ഫുട്ബോളിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്/Image credits: Argentina football's official Twitter account.

കേരളത്തിലെ ഓരോ ഫുട്ബോൾ പ്രേമിയും ആരാധിക്കുന്ന, നെഞ്ചിലേറ്റിയ ഒരു വ്യക്തിത്വമുണ്ട്. ഡീഗോ മറഡോണ. മറഡോണയോളം ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ മറ്റൊരു ഫുട്ബോൾ താരം ഇല്ലെന്നു തന്നെപറയാം. അർജൻറീനയുടെ നീലയും വെള്ളയും കലർന്ന കുപ്പായത്തിൽ ഗ്രൗണ്ട് നിറഞ്ഞു നിൽക്കുന്ന മറഡോണയെ അവർക്കാർക്കും മറക്കാൻ കഴിയില്ല. ഒരു ഫുട്ബോൾ താരം എന്നതിനപ്പുറം ഒരു വ്യക്തിത്വമായിരുന്നു, ഒരു കാലഘട്ടത്തിന്റെ നാഴികക്കല്ലായിരുന്നു അദ്ദേഹം. അതുകൊണ്ടൊക്കെയാകും കളി നിർത്തിയിട്ട് വർഷങ്ങൾ ഏറെയായെങ്കിലും ആരാധകർ ഇപ്പോഴും അദ്ദേഹത്തെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നത്. ഇന്നലെ ഹൃദയാഖാതം മൂലം അദ്ദേഹം പടിയിറങ്ങിയപ്പോൾ അവസാനിക്കുന്നത് കാൽപ്പന്തിന്റെ ഒരു യുഗമാണ്.

ലോകകപ്പിൽ അർജൻറീനയെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു മറഡോണ. 25ആം വയസ്സിലായിരുന്നു ആ നായകൻ അർജൻറീനയെ ചാമ്പ്യൻമാരാക്കിയത്. ഒറ്റയാൻ മികവ് കൊണ്ടാണ് അന്നദ്ദേഹം ഒരു ശരാശരി ടീമിനെ ലോകചാമ്പ്യൻമാരാക്കിയത്. 1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജൻറീനക്കായി കളിച്ചിട്ടുണ്ട്.

അദ്ദേഹത്തെ ലോകം ഓർമ്മിക്കുന്നത് ദൈവത്തിന്റെ കയ്യിൽനിന്നു പിറന്ന ഗോളിലൂടെയാണ്. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നടന്ന അർജൻറീനയുടെ മത്സരം. യുദ്ധ സമാനമായ, ആവേശം കൊടുമ്പിരി നിന്നിരുന്ന നിമിഷം ശക്തമായ ഇംഗ്ലണ്ട് പ്രതിരോധനിരയെ കീറിമുറിച്ച് വല തുളച്ച അത്ഭുതകരമായ ഗോൾ. അതിമനോഹരമായ ലോകത്തെ എക്കാലത്തെയും മികച്ച ഗോൾ എന്നത് വാഴ്ത്തപ്പെട്ടു. ഗോൾ ഫിഫ നൂറ്റാണ്ടിന്റെ ഗോളായി തിരഞ്ഞെടുത്തു. അതേ മത്സരത്തിൽ തന്നെ നേടിയ ദൈവത്തിന്റെ കൈ കൊണ്ടുള്ള ഗോൾ അദ്ദേഹത്തിനു ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടികൊടുത്തു. ആദ്യം പിറന്നത് ദൈവത്തിന്റെ കൈ ഗോളായിരുന്നു.

അർജൻറീനക്കായി 91 മത്സരങ്ങളിൽ കളത്തിലിറങ്ങിയ മറഡോണ 34 ഗോളുകളാണ് നേടിയിട്ടുള്ളത്. 21 ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്ത താരം എട്ട് ഗോളുകളും നേടി. ക്ലബ്ബ് ഫുട്ബോളിൽ 588 മത്സരങ്ങളും കളിച്ചിട്ടുണ്ട് അദ്ദേഹം. മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ട് അപമാനിതനായാണ് മറഡോണ ഫുട്ബോൾ കളം വിട്ടൊഴിഞ്ഞത്. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നാണ് 60ആം വയസ്സിൽ, മറഡോണ വിടപറഞ്ഞത്.

Your Comments

Your Comments