വിബിനും ജീസസും ഇഷാനും ഒഡീഷക്കെതിരെ കളിക്കുമോ? വ്യക്തമാക്കി പരിശീലകൻ
ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്കെതിരെയുള്ള നിർണായക മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സിൽ ഇറങ്ങുമ്പോൾ, പ്രധാന താരങ്ങളുടെ ലഭ്യതയെക്കുറിച്ച് ആരാധകരിൽ ചോദ്യങ്ങൾ ഉയരുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്‌സിക്കെതിരായ ഹോം മത്സരത്തിൽ പരിക്കിന്റെ പിടിയിലായിരുന്ന മലയാളി മധ്യനിര താരം വിബിൻ മോഹനനും സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമെൻസും ഇന്ത്യൻ മുന്നേറ്റ താരം ഇഷാൻ പണ്ഡിതയും ഇറങ്ങുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജനുവരി 13-ന് സെർജിയോ ലോബെറ നയിക്കുന്ന കലിംഗൻ ടീമിനെതിരായ മത്സരത്തിന് മുൻപ് വിബിനിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ തിരിച്ചടി നൽകിയ ഘടകങ്ങളിൽ ഒന്നാണ് പ്രധാന താരങ്ങൾക്കേറ്റ പരിക്ക്. കേരള ബ്ലാസ്റ്റേഴ്സിനായി 12 മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടിയ സ്‌ട്രൈക്കർ ജിമെൻസിന്റെ പരിക്കായിരുന്നു അവയിലേറ്റവും പ്രധാനപ്പെട്ടത്. അവസാനത്തെ മൂന്ന് മത്സരങ്ങളിലും താരം കളത്തിൽ ഇറങ്ങിയില്ല. ആ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയം കണ്ടെത്താൻ സാധിച്ചെങ്കിലും ആക്രമണത്തിന് മൂർച്ച കുറവായിരുന്നു.
മധ്യനിരയിലെ നട്ടെല്ലായ വിബിനിന്റെ പരിക്ക് കളിക്കളത്തിൽ ടീമിന്റെ ഒതുക്കത്തെയും ഘടനയെയും ബാധിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ മുൻ പരിശീലകൻ മിക്കേൽ സ്റ്റാറെക്ക് കീഴിൽ പ്രീ സീസണും ഡ്യൂറൻഡ് കപ്പും നഷ്ടപ്പെട്ട താരം, ഐഎസ്എൽ സീസൺ ആരംഭിച്ചത് മുതൽ പരിക്കേൽക്കുന്നത് വരെയും എല്ലാ മത്സരങ്ങളിലും മഞ്ഞക്കുപ്പായം അണിഞ്ഞിരുന്നു. ഒപ്പം, പരിക്ക് മൂലം ഈ സീസണിൽ ഒരു മത്സരത്തിൽ പോലും ബൂട്ട് കെട്ടാനായിട്ടില്ല സ്‌ട്രൈക്കറായ ഇഷാൻ പണ്ഡിതക്ക്. പരിക്കിൽ നിന്നും മോചിതനായ താരം പരിശീലനം ആരംഭിച്ചിരുന്നു. ഈ മൂന്നു പേരുടെയും മടങ്ങിവരവിനെ നിർണായകമായ വിവരങ്ങളാണ് പരിശീലകൻ പങ്കുവെച്ചത്.
"വിബിനും ജീസസും. അവർ കളിക്കുമെന്നാണ് പ്രതീക്ഷ. പ്രാക്ടീസ് സെഷനും മെഡിക്കൽ സ്റ്റാഫിന്റെ റിപ്പോർട്ടിന് ശേഷം തീരുമാനമെടുക്കും." - അദ്ദേഹം അറിയിച്ചു. ഇഷാൻ പണ്ഡിത ഫിറ്റ്നസ് കൈവരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ പരിശീലകൻ ഒഡീഷക്കെതിരായ മത്സരത്തിൽ താരം ഇറങ്ങില്ലെന്ന് അറിയിച്ചു.
"ഇല്ല, അടുത്ത മത്സരത്തിൽ ഇല്ല. മെഡിക്കൽ റിപ്പോർട്ടുകൾ അനുസരിച്ച് ഞങ്ങൾ അത് അപ്ഡേറ്റ് ചെയ്യുന്നതാണ്." - ഇടക്കാല പരിശീലകൻ വ്യക്തമാക്കി.
അവസാനത്തെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ച ടീം മികച്ച ഫോമിലാണ്. പ്ലേ ഓഫിന് ആറ് പോയിന്റുകൾ മാത്രം അകലെയാണ് ടീം. ലീഗിൽ എട്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, ആദ്യ ആറിലേക്ക് നീങ്ങാൻ ജയങ്ങൾ ടീമിന് നിർണായകമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം പ്ലേ ഓഫ് ആണെന്നും ഇടക്കാല പരിശീലകൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. "കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം പ്ലേ ഓഫാണ്."
ഈ സീസണിൽ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരായ എവേ മത്സരത്തിനിടെയാണ് മലയാളി മധ്യനിര താരം വിബിൻ മോഹനന് പരിക്കേറ്റത്. തുടർന്ന്, അവസാനത്തെ നാല് മത്സരങ്ങൾ നഷ്ടപ്പെട്ടു. പരിക്കിൽ നിന്നും മുക്തി നേടി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് വിബിൻ മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.
"വ്യക്തിപരമായി സന്തോഷം. ഇഞ്ചുറിക്ക് ശേഷം ഇത്രയും നാൾ റിക്കവറി പ്രോസസ്സിൽ ആയിരുന്നു. ഇഞ്ചുറിക്ക് ശേഷം ഒരു മത്സരം കളിക്കുന്നതിനിടെ ആകാംഷയുണ്ട്. മെഡിക്കൽ സ്റ്റാഫിന്റേയും മറ്റും പ്രവർത്തങ്ങൾക്ക് ശേഷം നൂറു ശതമാനം നൽകാൻ കഴിയുമ്പോൾ അവർക്കും സന്തോഷമാണ്. എനിക്ക് എത്രത്തോളം സഹായിക്കാൻ സാധിക്കുമോ, അത് ടീമിനും ഗുണകരമാണ്. കളിക്കാൻ അവസരം ലഭിച്ചാൽ, നൂറു ശതമാനം നൽകും."
മിക്കേൽ സ്റ്റാറെയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ച 12 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്. മത്സരങ്ങൾ തോൽക്കാൻ കാരണം ഭാഗ്യമില്ലായ്മയാണെന്ന് വിബിൻ പറഞ്ഞു. കളിക്കാർ പരമാവധി പ്രവർത്തിച്ചെങ്കിലും റിസൾട്ട് ലഭിച്ചില്ല. ഈ ഒരു മാസത്തിൽ അത് പതിയെ മാറിവരുന്നതായും താരം വ്യക്തമാക്കി.
"എല്ലാവരും നന്നായി പ്രവർത്തിക്കുന്നുണ്ട്, അതിന്റെയാണ് ഈ ഫലങ്ങൾ എന്ന് കരുതുന്നു. പഴയ പരിശീലകന്റെ കീഴിലും നന്നായി കളിച്ചിരുന്നു. റിസൾട്ട് കിട്ടാത്തതിന്റെ പ്രശ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭാഗ്യമില്ലായ്മ കാരണമാണ് ചില മത്സരങ്ങളിൽ തോറ്റത്. നമ്മൾ കളിക്കാതെ തോറ്റതല്ല, കളിക്കാരുടെ മനസ്സിൽ നല്ല ആത്മവിശ്വാസമുണ്ട്. നന്നായി കളിച്ചിട്ടും റിസൾട്ട് ഇല്ല. ഈ ഒരു മാസത്തിൽ അത് പതുക്കെ മാറി വരുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളിലും അത് തുടരുമെന്ന് കരുതുന്നു.
ആറ് സീസണുകൾക്ക് ശേഷം മലയാളി വിങ്ങർ രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പടിയിറങ്ങിരുന്നു. ഒഡീഷ എഫ്‌സിയിലേക്ക് ചേക്കേറിയ താരം ഒന്നര സീസണിലേക്ക് കരാറും ഒപ്പിട്ടു. രാഹുൽ ക്ലബ് വിട്ടതിൽ വ്യക്തിപരമായി ദുഃഖമുണ്ടെന്ന് വ്യക്തമാക്കിയ വിബിൻ, താരം തന്നിൽ ചെലുത്തിയ സ്വാധീനവും സൂചിപ്പിച്ചു. ഒരു പ്രൊഫെഷണൽ താരമെന്ന നിലയിൽ ഇതെല്ലം സാധാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് സങ്കടമുണ്ട്. ഞാൻ ഇവിടെ (ക്ലബ്ബിൽ) എത്തിയപ്പോൾ മുതൽ പ്രചോദിപ്പിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്ത വ്യക്തിയാണ്. ഇതിനാൽ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ട്. എനിക്ക് മാത്രമല്ല, ഇവിടെ എല്ലാവർക്കും. പക്ഷെ, കോച്ച് പറഞ്ഞതുപോലെ, ഒരു പ്രൊഫെഷണൽ താരമെന്ന നിലയിൽ, എന്റെ കാര്യം പോലും എനിക്ക് ഉറപ്പില്ല. അടുത്ത കൊല്ലം, അല്ലെങ്കിൽ അതിനുശേഷം എനിക്ക് മറ്റൊരു ടീമിലേക്ക് പോകേണ്ടി വന്നേക്കാം. ആ ഒരു രീതിയിൽ എടുക്കണം. പിന്നെ, ടീം വിട്ട് പോയാലും കോൺടാക്റ്റ് ഉണ്ടാകും. അതൊരു പ്രശ്‌നമല്ല. എതിരെ കളിക്കുമ്പോൾ ആ ഒരു വാശി ഉണ്ടാകും. ആൾ അടുത്ത കളി കളിക്കുന്നുണ്ടേൽ, ആ ഒരു വാശിയിലെ എടുക്കൂ. കളി കഴിയുമ്പോൾ, ഒരു സുഹൃത്തെന്ന നിലയിലും."